തിരുവനന്തപുരം: സംസ്ഥാനത്തെ മഴ അലർട്ടുകളിൽ മാറ്റം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ, അറബിക്കടലിൽ കാലവർഷക്കാറ്റ് സജീവമാകുന്നതാണ് മഴ ശക്തമാകാൻ കാരണം. മണിക്കൂറിൽ 50 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഇന്നും മത്സ്യബന്ധനത്തിന് വിലക്ക് ഉണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. അതേസമയം, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ഒരു ന്യുനമർദ്ദം കൂടി രൂപപ്പെട്ടു. വരും ദിവസങ്ങളിലും കേരളത്തിൽ മഴ തുടരാനാണ് സാധ്യത.

ഗുലാബ് ചുഴലിക്കാറ്റ് ദുർബലമായി ന്യൂനമർദ്ദമായി മാറിയതോടെ തെലങ്കാനയിലും ആന്ധ്രയുടെ വടക്കൻ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. കൃഷ്ണ ഗോദാവരി നദികൾ കരവിഞ്ഞു. തെലങ്കാനയിലും ആന്ധ്രയുടെ തെക്കൻ ജില്ലകളിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്. ആന്ധ്രയിൽ ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് സജ്ജീകരിച്ച ക്യാമ്പുകിലും വെള്ളം കയറി. വിശാഖപട്ടണം വിമാനത്താവളത്തിന്റെ റൺവേയിൽ വരെ വെള്ളക്കെട്ട് ഉയർന്നതോടെ അടിയന്തര സർവ്വീസുകൾ ഒഴികെ തൽകാലത്തേക്ക് മാറ്റിവച്ചു.

ഗോദാവരി നദിയിൽ ഒഴുക്കിൽപ്പെട്ട് ഒരു സ്ത്രീ ഉൾപ്പടെ നാല് പേരെ കാണാതായി. ഒഡീഷയിലെ തെക്കൻ ജില്ലകളിലും മുംബൈ പൂണെ കൊങ്കൺ മേഖലയിലും കനത്ത മഴ തുടരുകയാണ്. നിരവധി വീടുകളിൽ വെള്ളംകയറി. ദേശീയദുരന്തനിവാരണ സേനയുടെ കൂടുതൽ സംഘങ്ങളെ ദുരിതബാധിതാ മേഖലകളിൽ വിന്യസിച്ചു. 48 മണിക്കൂറ് കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.