- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് രാത്രി വരെ മഴ; അതു കഴിഞ്ഞാൽ രണ്ട് ദിവസം ഇടവേള; 20നും 21നും സാമാന്യ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്; കടൽക്ഷോഭ സാധ്യത പ്രവചിച്ച് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം; ന്യൂനമർദ്ദം മഹാരാഷ്ട്രയിലേക്ക്
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം ആശ്വാസം നൽകുന്നത്. ഇന്ന് കേരളത്തിൽ മഴ താൽകാലികമായി ശമിക്കും. അതിന് ശേഷം രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ എത്തുമെന്നാണ് പ്രവചനം. 20ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. അടുത്ത ദിവസം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ജാഗ്രത തുടരണം.
20നും 21നും ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറിൽ 64.5 എംഎം മുതൽ 115.5 എംഎം വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്. ഏതായാലും നാളെ തീവ്ര മഴ ഉണ്ടാകില്ലെന്നത് രക്ഷാ പ്രവർത്തനത്തിന് കരുത്ത് കൂട്ടും. വെള്ളം താഴാനും അവസരം ഒരുക്കും. ഇതിനൊപ്പം ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള, കർണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് തീരത്ത് ഒക്ടോബർ 18 രാത്രി 11.30 വരെ 2.5 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
അതുകൊണ്ട് മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം. ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
കേരള തീരം മുതൽ അറബിക്കടൽ കിഴക്ക് പസഫിക്ക് വരെ നീണ്ട് ഉണ്ടായിരുന്ന അന്തരീക്ഷ ട്രഫ് ബ്ലോക്ക് ഇല്ലാതായി. ഇപ്പോൾ അത് മഹാരാഷ്ട്ര മുതൽ സജീവമാണ്. അന്തരീക്ഷ ഒഴുക്കുകളെ വടക്കോട്ട് നീക്കും. അതിനാൽ ഹിമാചൽ മുതൽ ബീഹാർ വരെ സംസ്ഥാനങ്ങളിൽ പ്രാദേശിക വെള്ളം കയറൽ ,ഉരുൾപൊട്ടൽ ഭീഷണി ഇന്ന് മുതൽ സജീവമാകും. കേരളത്തിൽ ഇന്ന് വൈകുന്നേരം വരെ ഇടക്ക് മാത്രം സമാന്യം ശക്തമായ മഴ എല്ലാ ജില്ലകകളുടെയും പല ഭാഗങ്ങളിലും ലഭിക്കുമെങ്കിലും അവ കഴിഞ്ഞ ദിവസങ്ങളെപ്പോലെ അപകടകരമാവില്ല. ആ ഭീതി അകന്നു. കൂടുതൽ ഇടങ്ങളിലേക്ക് ഒരിക്കലും വ്യാപിക്കില്ല.
കനത്ത മേഘങ്ങൾ രൂപപ്പെടുന്നുണ്ടെങ്കിലും അന്തരീക്ഷം തണുത്തതിനാൽ തുടർച്ചയായ അനിയന്ത്രിത മഴയിലേക്ക് ഇനി നീങ്ങില്ല. ഇന്ന് ഉള്ളതിൽ ശക്തമായ മഴ ഉച്ചകഴിഞ്ഞ് എറണാകുളം, കോട്ടയം ,പത്തനംതിട്ട ജില്ലാ ഭാഗങ്ങളിലായിരിക്കുമെങ്കിലും രാത്രിയോടെ ദുർബലമാകും. പിന്നീട് രാത്രി വൈകുവോളം ഇടുക്കി മുതൽ കൊല്ലം ,തിരുവനന്തപുരം വരെ വനമേഖലകളിൽ മഴ തുടരുമെങ്കിലും അത് നിലവിലെ നീരൊഴുക്ക് വർദ്ധിപ്പിക്കില്ല.
ഒക്ടോബർ 20 തീയതിയോടെ തെക്ക് പടിഞ്ഞാറൻ കാറ്റ് ( മൺസൂൺ) കേരളത്തിൽ നിന്നും പൂർണ്ണമായും പിൻവാങ്ങും. ഇതിന് ശേഷം തുലാവർഷം എത്താനും സാധ്യതയുണ്ട്. വരും മാസങ്ങളിൽ ഉണ്ടാവാൻ പോകുന്ന ബംഗാൾ,അറബിക്കടൽ ന്യൂനമർദ്ദങ്ങളെയും ,അന്തരീക്ഷ മാറ്റങ്ങളെയും പിന്തുടരാം. തുലാവർഷം ശക്തമായി കേരളത്തിൽ ഉടൻ എത്തിയാൽ അത് വലിയ പ്രതിസന്ധിയായി മാറും. അണക്കെടുക്കുകളെല്ലാം നിലവിൽ തന്നെ നിറഞ്ഞിരിക്കുകയാണ്. തുലാവർഷക്കാലത്ത് ഡാം നിറഞ്ഞാൽ ഇടുക്കി അണക്കെട്ട് പോലും തുറക്കേണ്ടി വരുമെന്നതാണ് വസ്തുത.
മറുനാടന് മലയാളി ബ്യൂറോ