തിരുവനന്തപുരം: ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പിൽ പറയുന്നു. വ്യാഴാഴ്ച കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ അന്നേദിവസം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഇന്നും തിങ്കളാഴ്ചയും ഒരിടത്തും മഴ മുന്നറിയിപ്പില്ല. ചൊവ്വാഴ്ചയോടെ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ചയും ബുധനാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച അഞ്ചുജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിന് പുറമേ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

മധ്യ കിഴക്കൻ അറബികടലിൽ സ്ഥിതി ചെയ്യുന്ന ശക്തി പ്രാപിച്ച ന്യുന മർദ്ദം വടക്ക് - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു അടുത്ത 12 മണിക്കൂറിനുള്ളിൽ തീവ്ര ന്യുന മർദ്ദമായി മാറാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.തുടർന്ന് ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകാനാണ് സാധ്യത.തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപത്തുള്ള സുമാത്ര തീരത്തുമായി ചക്രവാത ചുഴി രൂപപ്പെട്ടു. നവംബർ ഒൻപതോടെ ഇത് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

തുടർന്നുള്ള 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ച് പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു തമിഴ് നാടിന്റെ വടക്കൻ തീരത്ത് കരയിൽ പ്രവേശിക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ആന്ധ്രാപ്രദേശ്-തമിഴ് നാട് തീരത്ത് ചക്രവാതചുഴി നിലനിൽക്കുന്നു.കേരളത്തിൽ നാളെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.