- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ മഴക്ക് സാധ്യത; എറണാകുളത്ത് ശക്തമായ മഴ; എല്ലാ ജില്ലകളിലും ജാഗ്രത
കൊച്ചി: എറണാകുളം ജില്ലിയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴയും കാറ്റും തുടരുന്നു. വൈകീട്ട് മൂന്ന് മണിയോടെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്.ഇന്നലെയും ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ശക്തമായ കാറ്റുമഴയിലും വ്യാപകമായ നാശനഷ്ടമുണ്ടായിരുന്നു. വരും ദിവസങ്ങളിലും ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്കാണ് സാധ്യതയെന്നാണ് പ്രവചനം. മലയോര മേഖലകളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആൻഡമാൻ കടലിൽ ഇന്ന് ചക്രവാതച്ചുഴി രൂപപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഉച്ചയ്ക്ക് മൂന്ന് മണിമുതൽ ആറ് മണിവരെ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കനത്ത കാറ്റും മഴയെയും തുടർന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിലെ മത്സരങ്ങൾ മാറ്റിവച്ചു.ഇന്നലെ പെയ്്ത മഴയിലും കാറ്റിലും അങ്കമാലി, നെടുമ്പാശേരി, പെരുമ്പാവൂർ മേഖലയിൽ കനത്ത നാശം വിതച്ചിരുന്നു. ടെൽക് ഭാഗം മുതൽ റെയിൽവേ സ്റ്റേഷൻ, പീച്ചാനിക്കാട്, പുളിയനം ഭാഗങ്ങളിലാണു കാറ്റ് കനത്ത നാശമുണ്ടാക്കിയത്. ദേശീയപാതയിൽ റോഡിലേക്കു മരങ്ങൾ വീണു. 3 വാഹനങ്ങൾക്കു കേടുപാടുകൾ പറ്റി. വീശിയടിച്ച കാറ്റിൽ പരസ്യ ബോർഡുകൾ നിലംപൊത്തി. പരസ്യ ബോർഡുകൾ വീണു വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. ഒട്ടേറെ ഇരുചക്രവാഹനങ്ങൾക്കും കേടു പറ്റി. അഗ്നിശമന സേനയെത്തി മരങ്ങൾ മുറിച്ചു മാറ്റി.
വീടുകളുടെ മുകളിലേക്കു മരങ്ങളും ബോർഡുകളും വീണു. മേഖലയിൽ വ്യാപകകൃഷിനാശം സംഭവിച്ചു. നാൽപതിലേറെ വൈദ്യുതി തൂണുകൾ കാറ്റിൽ തകർന്നു. വൈദ്യുതി ബന്ധം തകരാറിലായി. ദേശീയപാതയിലും ഇടറോഡുകളിലും മരം വീണു ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാതയിൽ ഏറെനേരം ഗതാഗതം സ്തംഭിച്ചു. ചെങ്ങമനാട്, നെടുമ്പാശേരി, കുന്നുകര പഞ്ചായത്തുകളിലും വലിയ നാശ നഷ്ടമുണ്ടായി. പാറക്കടവിൽ പലയിടത്തും മരങ്ങൾ കട പുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു. ഇരുപതിലേറെ വൈദ്യുതി തൂണുകൾ മറിഞ്ഞതിനാൽ പലയിടത്തും വൈദ്യുതി മുടങ്ങി.
മറുനാടന് മലയാളി ബ്യൂറോ