തിരുവനന്തപുരം: കേരളത്തിൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും മലയോര മേഖലയിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കേരളത്തിൽ പൊതുവേ ചൂട് വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ജനം ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം ഏറ്റവും അധികം ദിനാന്തരീക്ഷ താപനില രേഖപ്പെടുത്തിയത് വെള്ളാനിക്കര (37.9°C), കോട്ടയം (37.5°C), ആലപ്പുഴ(36.5°C) എന്നിവിടങ്ങളിലെ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ സ്‌റ്റേഷനുകളിലാണ്. കേരളം ഉയർന്ന അന്തഃരീക്ഷ ആർദ്രതയുള്ള ഒരു തീരദേശ സംസ്ഥാനമായതിനാൽ സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കാം. പൊതുജനങ്ങൾ രാവിലെ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.