- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് കനത്ത മഴ; കുറ്റ്യാടി-വയനാട് റോഡിൽ ഗതാഗതം നിരോധിച്ചു; മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത; കുറ്റ്യാടി ചുരത്തിലും താമരശേരി അടിവാരത്തും ഉരുൾ പൊട്ടി
കോഴിക്കോട്: കനത്ത മഴയിൽ ഉരുൾപൊട്ടി കുറ്റ്യാടി ചുരത്തിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. താമരശേരി അടിവാരത്തും ഉരുൾപൊട്ടി. അടിവാരം അങ്ങാടിയിൽ വെള്ളം കയറി. വെള്ളക്കെട്ടിനെ തുടർന്ന് ദേശീയപാതയിലെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
കുറ്റ്യാടി പക്രന്തളം ചുരത്തിലും താമരശ്ശേരി അടിവാരത്തുമാണ് ഉരുൾപൊട്ടിയത്. കൂറ്റൻ പാറകല്ലുകളും മരങ്ങളും മണ്ണും വീണതിനെ തുടർന്ന് കുറ്റ്യാടി ചുരത്തിലൂടെയുള്ള ഗതാഗതം പൂർണമായി തടസപ്പെട്ടു. വയനാടുനിന്ന് തൊട്ടിൽപ്പാലം വഴി യാത്ര തിരിച്ച കെഎസ്ആർടിസി ബസുകൾ ചുരത്തിൽ കുടുങ്ങി. റോഡിൽ പലയിടത്തും വെള്ളക്കെട്ടാണ്.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ കുറ്റ്യാടി - വയനാട് റോഡിലുള്ള ഗതാഗതം നിരോധിച്ചു. ഇന്ന് രാത്രി ഇതുവഴി അടിയന്തരാവശ്യങ്ങൾക്കല്ലാതെയുള്ള ഗതാഗതം നിരോധിച്ചതായി കോഴിക്കോട് ജില്ലാ കളക്ടർ ഡോ. എൻ തേജ്ലോഹിത് റെഡ്ഡി കൂടി അറിയിച്ചു.
ജില്ലയിൽ തുടരുന്ന കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ ശക്തമായ മഴയുള്ളതിനാൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണം. ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കളക്ടർ വ്യക്തമാക്കി.
കനത്ത മഴയിൽ വ്യാപക കൃഷി നാശമാണ് ഉണ്ടായത്. മണ്ണിടിച്ചിലിൽ പല വീടുകൾക്കും കാര്യമായ കേടുപാടുകളുണ്ടായി. പ്രദേശത്ത് ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. താമരശ്ശേരി അടിവാരത്തും ഉരുൾപൊട്ടി. നാലു വീടുകളിലും പരിസരത്തെ കടകളിലും വെള്ളം കയറി. കോടഞ്ചേരി, തിരുവമ്പാടി ഭാഗത്തും കനത്ത മഴ തുടരുകയാണ്. കോട്ടയം ജില്ലയിലും കനത്ത മഴയാണ്.
ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച കനത്ത മഴയാണു കോഴിക്കോട് നാശം വിതച്ചത്. കുറ്റ്യാടി ചുരം റോഡിലേക്ക് കല്ലും മണ്ണും ഒഴുകി എത്തുകയായിരുന്നു. കാവിലുംപാറ പഞ്ചായത്ത് നാലാം വാർഡിലെ ചാത്തൻങ്കോട്ട്‌നട, വള്ളുവൻകുന്ന്, മൂന്നാം പെരിയ, രണ്ടാം വളവ്, മൂന്നാം വളവ് ഭാഗങ്ങളിൽ ഉരുൾപൊട്ടി.
മൂന്നാം വളവിൽ മണ്ണിടിച്ചിലിനെ തുടർന്ന് മരങ്ങൾ കടപുഴകി വീണു. വള്ളുവൻ കുന്നിലെ നാലു ഭാഗങ്ങളിലാണ് ഉരുൾപൊട്ടിയത് ഇവിടുത്തെ ആദിവാസി കോളനിയിൽ നിന്നും മൂന്നു കുടുംബങ്ങളേയും മറ്റു ആറോളം കുടുംബങ്ങളേയും മാറ്റിപാർപ്പിച്ചു. ഉരുൾപൊട്ടൽ നടന്ന മൂന്നാം പെരിയ ഭാഗത്തു നിന്ന് മൂന്ന് കുടുംബങ്ങളെയും താത്കാലികമായി മാറ്റി പാർപ്പിച്ചു.
കുമാരൻ വള്ളുവൻകുന്ന്, ബാലൻ വള്ളുവൻകുന്ന്, വിജയൻ തലയണ കണ്ടം, ജോജി പ്ലാത്തോട്ടം, നാരായണി വള്ളുവൻകുന്ന്, ജാനകി വലിയ വീട്ടിൽ, ജെയിൻ മൂക്കൻതോട്ടം, ഫഹദ് കറുപ്പയിൽ, വിജയൻ കുലത്തിൽകണ്ടി തുടങ്ങിയവരെയാണ് ബന്ധുവീടുകളിലേക്കും ചാത്തങ്കോട്ട് നട സ്‌കൂളിലും മാറ്റി പാർപ്പിച്ചത്. ശക്തമായ മലവെള്ളപ്പാച്ചിലിനെ തുടർന്ന് കുത്തിയൊഴുകിയെത്തിയ കല്ലുകളും ചെളിയും ചുരം റോഡിലെ വിവിധയിടങ്ങളിൽ ഗതാഗതം തടസപ്പെടുത്തി.
പൊയിലോംചാൽ റോഡ് പൂർണമായും തകർന്നു. വീടുകൾക്ക് നഷ്ടം വരുത്തിയെങ്കിലും ആളപായമില്ല. ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശമാണ് സംഭവിച്ചത്. അഗ്‌നിശമന സേനാവിഭാഗം, റവന്യു അധികാരികൾ, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്.
മറുനാടന് മലയാളി ബ്യൂറോ