തിരുവനന്തപുരം: ഒക്ടോബർ പകുതിയോടെ എത്തേണ്ട തുലാവർഷം പതിനഞ്ചു ദിവസത്തോളം വൈകി കേരളത്തിലെത്തുമ്പോൾ പ്രളയ ഭീതിയും വീണ്ടും സജീവമാകുകയാണ്. പ്രളയാനന്തര കേരളം സാധാരണ നിലയിലേക്ക് മടങ്ങുമ്പോഴാണ് അതിശക്തമായ മഴ തുടർച്ചയായി പെയ്യുമെന്ന മുന്നറിയിപ്പ്. ഇതോടെ ഡാമുകൾ വീണ്ടും നിറഞ്ഞു കവിയാൻ സാധ്യതയുണ്ട്. ഇടുക്കി അണക്കെട്ടിലുൾപ്പെടെ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. പമ്പാ നദിയിലെ ഡാമുകളും നിരീക്ഷണത്തിലാണ്. ഭീതിജനകമായ സാഹചര്യമെത്തുന്നതിന് മുമ്പ് അണക്കെട്ടുക്കളെല്ലാം തുറന്ന് വിടാനാണ് സാധ്യത. ശബരിമല നട തുറക്കുന്ന സമയത്തെത്തുന്ന മഴ തീർത്ഥാടനത്തേയും ബാധിക്കും. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധകാലത്തെ മഴ പ്രതിഷേധക്കാർക്കും പൊലീസിനും വെല്ലുവിളിയായി മാറും.

മറ്റെന്നാൾ വൈകിട്ടാണ് ആട്ടചിത്തിരയ്ക്കായി നടതുറക്കുക. ഇതിന് വേണ്ടി അന്ന് രാവിലെ മുതൽ ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാനാണ് തീരുമാനം. സ്ത്രീ പ്രവേശന വിഷയത്തിലെ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വലിയൊരു സംഘത്തെ സുരക്ഷയ്ക്ക് നിയോഗിക്കാനാണ് പൊലീസ് തീരുമാനം. പമ്പയിൽ ഇന്ന് മതുൽ പൊലീസ് നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. ഇതിനിടെ പെയ്യുന്ന കനത്ത മഴ സുരക്ഷാ ക്രമീകരണങ്ങളെ എല്ലാം താളം തെറ്റിക്കും. പമ്പ കരവിഞ്ഞൊഴുകാനും സാധ്യത കൂടും. ഇങ്ങനെ വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തുന്നത് പൊലീസിന് തലവേദനയാണ്. സന്നിധാനത്ത് ഐജി വിജയനും പമ്പയിൽ എസ് പി രാഹുൽ ആർ നായർക്കുമാണ് സുരക്ഷാ ചുമതല. ഇരുവരും ഇന്ന് പമ്പയിലെത്തുമെങ്കിലും ക്രമീകരണമൊരുക്കുന്നതിൽ മഴ വലിയ പ്രതിസന്ധി തന്നെ സൃഷ്ടിക്കും.

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ ശക്തമായ മഴ തുടങ്ങിയത് ഇന്നലെ വൈകിട്ട് മുതലാണ്. തൊട്ട് പിന്നാലെ തുലാവർഷം കേരളത്തിൽ എത്തിയതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. വരുന്ന ആറു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴക്കാണു സാധ്യത. വടക്കൻ കേരളത്തിലാണ് തുലാമഴ ശക്തിപ്പെട്ടത്. അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. വയനാടും ഇടുക്കിയും പത്തനംതിട്ടയും പാലക്കാടും അതീവ ജാഗ്രതിയിലാണ്. നേരത്തെ പ്രളയത്തിൽ ഉരുൾപൊട്ടിയിടത്തെല്ലാം വീണ്ടും ഉരുൾപെട്ടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഭീതി ജനകമായ മേഖലകളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കുകയും ചെയ്യും. സാധാരണ മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് തുലാമഴ നല്ലരീതിയിൽ ലഭിക്കുക. അണക്കെട്ടുകളുടെ ജില്ലയായ ഇടുക്കിയിലും തുലാവർഷം സജീവമാകും.

പതിവിന് വിപരീതമായി തിരുവനന്തപുരത്ത് പോലും മഴ തിമിർത്ത് പെയ്യുകയാണ്. ഇന്നലെ വൈകിട്ട് ആറുമണിക്ക് തുടങ്ങിയ മഴ 12 മണിക്കൂറായിട്ടും നിലച്ചിട്ടില്ല. ഇടിമിന്നിൽ വൈദ്യുതി ബന്ധത്തേയും സംസ്ഥാനത്ത് പലയിടത്തേക്കും ബാധിച്ചിട്ടുണ്ട്. ഒക്ടോബർ പകുതിയോടെ എത്തേണ്ട തുലാവർഷം പതിനഞ്ചു ദിവസത്തോളം വൈകിയാണ് എത്തിയത്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തുടർച്ചയായി രൂപംകൊണ്ട ചുഴലിക്കാറ്റും ആവർത്തിച്ചുള്ള ന്യൂനമർദ്ദവുമാണ് തുലാമഴ വൈകാൻ കാരണമായത്. തമിഴ്‌നാട്, തെക്കൻകർണ്ണാടകം, പുതുച്ചേരി, റായലസീമ എന്നിവിടങ്ങളിലും ശക്തമായ മഴ കിട്ടുന്നുണ്ട്. തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് 14 സെന്റിമീറ്റർ മഴ കിട്ടി.

പ്രളയാനന്തര സാഹചര്യത്തിൽ മഴയുടെ തോത്, അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് എന്നിവ സൂക്ഷ്മമായി വിലയിരുത്തും. ഇടിമിന്നലാണ് തുലാമഴയുടെ പ്രത്യേകത. മിന്നലപകടങ്ങൾ ഒഴിവാക്കാനും ജാഗ്രത പാലിക്കണം. ഡിസംബർ പകുതിവരെയെങ്കിലും തുലാവർഷം ലഭിക്കുമെന്നാണ് പ്രതീക്ഷ. സാമാന്യം നല്ല മഴ കിട്ടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ശനിയാഴ്ചവരെ ചിലയിടങ്ങളിൽ കനത്തമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ് അറിയിച്ചു. എട്ടാംതീയതിയോടെ കൂടുതൽ മഴ പ്രതീക്ഷിക്കുന്നു. വ്യാഴാഴ്ചയാണ് തമിഴ്‌നാട് തീരത്തും തെക്കൻ കേരളത്തിലും പുതുച്ചേരിയിലും ആന്ധ്രയുടെ തെക്കൻതീരത്തും വടക്കുകിഴക്കൻ കാലവർഷം എത്തിയത്. വെള്ളിയാഴ്ച ഇത് വടക്കൻകേരളത്തിലേക്ക് വ്യാപിച്ചു.

തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്ത് ചൊവ്വാഴ്ചയോടെ ന്യൂനമർദം രൂപംകൊള്ളാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്താൽ എട്ടാം തീയതിയോടെ കേരളത്തിൽ കൂടുതൽ മഴ പെയ്‌തേക്കാം. ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31 വരെയാണ് കേരളത്തിൽ തുലാവർഷക്കാലം. ഇത്തവണ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് കാരണം തുലാവർഷം വൈകി. ഒക്ടോബറിൽ കേരളത്തിൽ 292.4 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടതെങ്കിലും 306.1 മില്ലിമീറ്റർ മഴ കിട്ടി. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് തുടങ്ങിയ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഏഴുമുതൽ 11 സെന്റിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് റിപ്പോർട്ട്. ഒക്ടോബറിൽ എത്തുമെന്ന് വിലയിരുത്തുപ്പെട്ടിരുന്ന തുലാവർഷം നവംബർ ആദ്യവാരത്തിന് ശേഷം ശക്തമായേക്കും.

ഇന്നലെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിയും ഉണ്ടായിരുന്നു. പത്ത് വർഷത്തിൽ ആദ്യമായിട്ടാണ് തുലാവർഷം ഇത്രയധികം വൈകിയെത്തുന്നത്. സാധാരണയായി ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് തുലാമഴ നീണ്ടുനിൽക്കുന്നത്. ഇത്തവണ 480 മില്ലീമീറ്റർ മഴ തുലാവർഷത്തിൽ ലഭിക്കുമെന്നാണ് വിലയിരുത്തൽ.