- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; മഴ കനത്തതോടെ അഞ്ച് ഡാമുകളിൽ റെഡ് അലർട്ടും; മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ സാധ്യതകൾ ഉള്ളതിനാൽ രാത്രിയാത്രകൾക്ക് നിരോധനം; അതിരപ്പിള്ളി, വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കൂടി പുറത്തുവന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. ചിലയിടങ്ങളിൽ പൊതുപരീക്ഷകൾക്ക് മാറ്റമില്ലെന്നും അറിയിച്ചിട്ടുണ്ട്.
പത്തനംതിട്ടയിൽ നാളെയും അവധി
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ഓഗസ്റ്റ് ഒന്ന്, തിങ്കൾ) ഉച്ചയ്ക്ക് ശേഷവും നാളെയും(ഓഗസ്റ്റ് രണ്ട്, ചൊവ്വ) അവധി.
കനത്ത മഴയെത്തുടർന്ന് റെഡ് അലർഡ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.
എറണാകുളത്ത് ചൊവ്വാഴ്ച അവധി
കൊച്ചി: കനത്ത മഴയെത്തുടർന്ന് എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 02, ചൊവ്വാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
തിരുവനന്തപുരത്ത് അവധി, പൊതുപരീക്ഷകൾക്ക് മാറ്റമില്ല
തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച(ഓഗസ്റ്റ് 02) അവധി പ്രഖ്യാപിച്ചു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല.
കൊല്ലത്തും അവധി
കൊല്ലം ജില്ലയിലെ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി.
കോട്ടയത്ത് ചൊവ്വാഴ്ച അവധി
കനത്തമഴയെ തുടർന്ന് കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച(ഓഗസ്റ്റ് 02) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
ആലപ്പുഴ ജില്ലയിലും അവധി
റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(02/08/2022) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
ഇടുക്കിയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
അതിതീവ്രമഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ചൊവ്വാഴ്ച(02/08/2022) അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
അതേസമയം, കേരളത്തിൽ മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഗുരുതര സാഹചര്യത്തെ കരുതിയിരിക്കണം. മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യത വളരെ കൂടുതലാണെന്നും കേന്ദ്ര കാലാവസ്ഥ കേന്ദ്രം സീനിയർ സയൻസ്റ്റിസ് ഡോ. ആർ കെ ജെനമണി പറഞ്ഞു.
വരും ദിവസങ്ങളിൽ ചിലയിടങ്ങളിൽ 24 മണിക്കൂറിൽ 200 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കൂടുതൽ മഴ മേഘങ്ങൾ അറബിക്കടലിൽ നിന്ന് കേരളത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ തെക്കൻ കേരളത്തിലും മലയോര മേഖലയിലും തീരദേശത്തും രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്കാണ് സാധ്യതയുള്ളത്. തുടക്കത്തിൽ തെക്കൻ കേരളത്തിൽ ശക്തമാകുന്ന കാലവർഷം തുടർന്ന് വടക്കൻ കേരളത്തിലേക്കും വ്യാപിക്കും.
ബുധൻ, വ്യാഴം ദിവസങ്ങളിൽ കേരളത്തിൽ കൂടുതൽ ജാഗ്രത വേണ്ടി വരും. ഈ ദിവസങ്ങളിൽ പരക്കെ അതിശക്തമായ മഴക്കാണ് സാധ്യത. അതിതീവ്രമഴ സാധ്യതയുള്ളതിനാൽ മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ സാധ്യത വർധിക്കും. ഈ ദിവസങ്ങളിൽ യാത്രകൾ പ്രത്യേകിച്ച് മലയോര മേഖലയിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
അതിശക്തമായ മഴയ്ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലും, മലയോരമേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാലും ജില്ലയിൽ സുരക്ഷയുടെ ഭാഗമായി നിയന്ത്രണങ്ങളും/നിരോധനങ്ങളും ഏർപ്പെടുത്തിയതായി ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിലെ മലയോര മേഖലകളിലുള്ള രാത്രികാല യാത്ര അടിയന്തിര സാഹചര്യങ്ങളിൽ ഒഴികെ ഇന്ന് മുതൽ നിരോധിച്ചു. പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യം, പൊലീസ്, റവന്യൂ സിവിൽ ദുരന്തനിവാരണം, തദ്ദേശസ്വയംഭരണം. ഫയർ ആൻഡ് റസ്‌ക്യു, സിവിൽ സപ്ലൈസ്, കേരള വാട്ടർ അഥോറിറ്റി, കെ.എസ്.ഇ.ബി എന്നിവ ഉൾപ്പെടെയുള്ള അവശ്യ സർവീസുകളിലെ ജീവനക്കാർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രം ഈ സമയത്ത് യാത്ര ചെയ്യുന്നതിന് ഇളവ് അനുവദിക്കും.
ജില്ലയിലെ എല്ലാവിധ ഓഫ് റോഡ് ട്രക്കിംങ്ങ്, എല്ലാവിധ ഖനന പ്രവർത്തനങ്ങൾ, ജലാശയങ്ങളിലുള്ള മൽസ്യബന്ധനങ്ങൾ, വിനോദ സഞ്ചാരത്തോടനുബന്ധിച്ചുള്ള സ്വകാര്യ ബോട്ടുകൾ ഉൾപ്പെടെയുള്ള എല്ലാവിധ ബോട്ടിംങ്ങ് എന്നിവ താൽക്കാലികമായി നിരോധിച്ചു. ജലാശയങ്ങളിലും അപകടകരമായ മേഖലകളിലും ഫോട്ടോ എടുക്കുന്നതും വീഡിയോ ചിത്രികരണവും ഒഴിവാക്കണം. മലയോര മേഖലകളിൽ വാഹനം അമിത വേഗത്തിൽ ഓടിക്കരുതെന്നും മതിയായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടോ എന്നും ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പുവരുത്തേണ്ടതാണ്.
സംസ്ഥാനത്തെ അഞ്ച് ഡാമുകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് അഞ്ച് ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കല്ലാർകുട്ടി, പൊന്മുടി, കുണ്ടള, ലോവർ പെരിയാർ, ഇരട്ടയാർ ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് നിർത്തി. നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും അഞ്ച് സെന്റീ മീറ്റർ വീതം ഉയർത്തി. പേപ്പാറ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 140 സെന്റീ മീറ്റർ ഉയർത്തി.
പെരിങ്ങൾക്കുത്ത് ഡാമിന്റെ ഇപ്പോൾ തുറന്നിരിക്കുന്ന സ്പിൽവേ ഷട്ടറുകൾക്ക് പുറമെ ഒരു സ്ലൂയിസ് ഗേറ്റ് കൂടി തുറക്കും, പത്തനംതിട്ട മൂഴിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തി. പമ്പാതീരത്ത് ജാഗ്രതാനിർദ്ദേശം നൽകി.
മറുനാടന് മലയാളി ബ്യൂറോ