- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ - ബംഗാൾ തീരത്തിനു മുകളിലായി ന്യൂനമർദം; 24 മണിക്കൂറിനുള്ളിൽ ശക്തിപ്പെടാൻ സാധ്യത; പോരാത്തതിന് ന്യൂനമർദ്ദ പാത്തിയും; ഇടുക്കിയും ബാണാസുരസാഗറും തുറക്കേണ്ട സാഹചര്യം; നദീ തീരങ്ങളിൽ അതീവ ജാഗ്രത; മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും തുടരാനും സാധ്യത; കാലവർഷക്കെടുതി തുടരുമ്പോൾ
തിരവനന്തപുരം: മഴ പേടി മാറുന്നില്ല. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ - ബംഗാൾ തീരത്തിനു മുകളിലായി ന്യൂനമർദം രൂപപ്പെട്ടുവെന്നും അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തിപ്പെടാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദപാത്തിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് മഴയ്ക്ക് കാരണമാകും.
മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുകയാണ്. ഇതിന്റെ സ്വാധീനത്താൽ, കേരളത്തിൽ ഓഗസ്റ്റ് 6 മുതൽ 10 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്നലെ രാത്രിയോടെ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ടെന്നാണ് അറിയിപ്പ്. 24 മണിക്കൂറിനുള്ളിൽ ഇത് ശക്തിപ്പെടാനാണ് സാധ്യത. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നതും മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നുതിനാലും മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നതിന്റെയും സ്വാധീനത്താൽ കേരളത്തിൽ മഴയ്ക്ക് സാധ്യത എന്നാണ് പ്രവചനം.
കേരളത്തിൽ ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട് ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. നാളെ ആറ് ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ടുള്ളത്. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട് ,മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് നാളെ യെല്ലോ പ്രഖ്യാപിച്ചിട്ടുള്ളത്.
പത്താം തിയതി വരെയുള്ള മഴ ജാഗ്രത
07-08-2022: കോട്ടയം , ഇടുക്കി , തൃശൂർ , പാലക്കാട് , കോഴിക്കോട് , വയനാട് , കണ്ണൂർ , കാസർകോട്
08-08-2022: കോട്ടയം , ഇടുക്കി , തൃശൂർ , പാലക്കാട് , മലപ്പുറം , കോഴിക്കോട്
09-08-2022: കോട്ടയം , ഇടുക്കി , തൃശൂർ , മലപ്പുറം , കോഴിക്കോട് , വയനാട് , കണ്ണൂർ , കാസർകോട്
10-08-2022: തൃശൂർ , പാലക്കാട് , മലപ്പുറം , കോഴിക്കോട് , വയനാട് , കണ്ണൂർ , കാസർകോട്
എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേരളത്തിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത നിലനിൽക്കുന്നതിനാൽ മലയോര മേഖലയിൽ ജാഗ്രത തുടരണമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വനത്തിലും മലയോരങ്ങളിലും മഴ തുടരുന്നതിനാലും അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാലും നദികളിലെ ഒഴുക്ക് ശക്തമായിരിക്കുമെന്നും അതുകൊണ്ടു തന്നെ യാതൊരു കാരണവശാലും ആരും ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.
ഇടുക്കിയും ബാണാസുര സാഗറും തുറക്കും
ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും. വയനാട് ബാണാസുര സാഗർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.ഇന്ന് തുറന്നേക്കാനും സാധ്യത ഉണ്ട്. ഇടുക്കി അണക്കെട്ട് തുറന്നാൽ ആദ്യം വെള്ളമെത്തുന്നത് ചെറുതോണി ടൗണിൽ ആണ്. അവിടെ നിന്ന് തടിയമ്പാട്, കരിമ്പൻ പ്രദേശങ്ങളിലേക്ക്. അടുത്തത് പെരിയാർ വാലി, കീരിത്തോട് വഴി പനംകുട്ടിയിൽ.ഇവിടെവച്ച് പന്നിയാർകുട്ടി പുഴ, പെരിയാറുമായി ചേരും ഈ വെള്ളം നേരെ പാംബ്ല അക്കെട്ടിലേക്ക്.അവിടെ നിന്ന് ലോവർ പെരിയാർ വഴി,നേര്യമംഗലത്തേക്ക് വെള്ളമെത്തും.അടുത്തത് ഭൂതത്താൻകെട്ട് അണക്കെട്ട്.ഇവിടെവച്ച്, ഇടമലയാർ അണക്കെട്ടിലെ വെള്ളവും പെരിയാറിൽ ചേരും.ഒന്നിച്ചൊഴുകി, കാലടി വഴി ആലുവ പ്രദേശങ്ങളിലേക്ക് വെള്ളമെത്തും. ആലുവയിൽ വച്ച് രണ്ടായി പിരിഞ്ഞ്, പെരിയാർ അറബിക്കടലിൽ ചേരും
അതിനിടെ ഇടുക്കി ഡാം തുറക്കുന്നതിന്റെ ഭാഗമായി എറണാകുളത്ത് മുൻകരുതലുകൾ ഏർപെടുത്തി. എല്ലാ താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി. ഇടമലയാർ ഡാം തുറക്കേണ്ടി വന്നാലും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു.നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ഇടുക്കി ഡാം തുറക്കുമ്പോൾ മുൻകരുതലുകൾ ഏർപെടുത്തുന്നതിന്റെ ഭാഗമായി മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ അവലോകന യോഗം ചേർന്നു. ഡാം തുറക്കുന്നതിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണ കൂടം യോഗത്തിലറിയിച്ചു.താലൂക്ക് തലത്തിൽ തയ്യാറാക്കിയ ക്യാമ്പുകളിലേക്ക് ഭക്ഷണം ഉൾപ്പടെയുള്ള സൗകര്യങ്ങൾ സജ്ജമാണ്. മരുന്നുകളും സ്റ്റോക്ക് ചെയ്തിട്ടുണ്ട്.
ഇതിനിടെ ഇടമലയാർ ഡാമിലെ ജലനിരപ്പ് ഉയർന്ന് തന്നെയാണ് നിൽക്കുന്നത്.ഇന്നലെ വൈകിട്ട് ജലനിരപ്പ് 161.66 മീറ്ററിൽ എത്തി.ഡാമിന്റെ സംഭരണ ശേഷി 169 മീറ്റർ ആണ്. 163-ൽ എത്തിയാൽ ഡാം തുറക്കേണ്ടതുള്ളതുകൊണ്ട് 162.5 മീറ്ററിൽ എത്തിയാൽ റെഡ് അലർട്ട് പുറപ്പെടുവിക്കും.പൊതുവെ മഴക്ക് ശമനമുണ്ടെങ്കിലും ഡാമിലും വൃഷ്ടി പ്രദേശങ്ങളിലും ഇടക്കിടെ മഴ ശക്തമായി പെയ്യുന്നതിനാലാണ് ജലനിരപ്പ് ഉയർന്നു നിൽക്കുന്നത്. ബാണാസുര സാഗർ ജലസംഭരണിയിൽ ജലനിരപ്പ് 773.50 മീറ്റർ എത്തിയ സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അര മീറ്റർ കൂടി ഉയർന്നാൽ ജലസംഭരണിയുടെ ഇന്നത്തെ അപ്പർ റൂൾ ലെവലായ 774 മീറ്ററിൽ എത്തും. ഈ സാഹചര്യത്തിൽ ഇന്ന് (ഞായർ) ഉച്ചയ്ക്ക് 12 മണിക്കു ശേഷം ഷട്ടറുകൾ തുറക്കുന്നത് പരിഗണിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ