തിരുവനന്തപുരം: കേരളത്തിൽ അടുത്ത 2 ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. സംസ്ഥാനത്തെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്നാണ് അറിയിച്ചിട്ടുള്ളത്.

നാളെയും സംസ്ഥാനത്തെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ഒരുമണിക്ക് പുറത്തിറക്കിയ പുതിയ വാർത്താക്കുറിപ്പിലാണ് കൂടുതൽ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയത്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-60 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മറ്റ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം നിലവിൽ ശക്തി കൂടിയ ന്യൂന മർദ്ദമായി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ വടക്കൻ തമിഴ്‌നാട് ആന്ധ്രാ പ്രദേശ് തീരത്തിനു സമീപം സ്ഥിതിചെയ്യുകയാണ്. അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂന മർദ്ദമായി മാറാൻ സാധ്യതയുണ്ട്.

അറബിക്കടലിലെ ന്യൂന മർദ്ദം നിലവിൽ മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിനു സമീപം സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂന മർദ്ദം അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതുമൂലം കേരള തീരത്ത് ഭീഷണിയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ.