- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചുദിവസം കൂടി ഇടിമിന്നലോടെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്; മലയോരങ്ങളിൽ തീവ്രമാകും; ഒരുസ്ഥലത്ത് ചെറിയ സമയത്തിൽ വൻതോതിൽ മഴപെയ്യാനും സാധ്യത; സംസ്ഥാനത്തു റെഡ് അലർട്ടിനു സമാനമായ തയ്യാറെടുപ്പുകൾ; ദുരന്ത പ്രതികരണസേനയും തയ്യാർ; കുട്ടനാട്ടിൽ ദുരിതങ്ങൾ; അതീവ ജാഗ്രതയിൽ കേരളം
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ ഈ മാസം 12 മുതൽ 19 വരെ കേരളത്തിൽ മരിച്ചത് 39 പേരാണ്. നിരവധി പേർക്ക് വീടു നഷ്ടമായി. അഞ്ച് പേരെ കണ്ടെത്താനുണ്ട്. രണ്ട് ദിവസം മഴ ശമിച്ചു. എന്നാൽ വീണ്ടും മഴ എത്തുമെന്നാണ് പ്രവചനം. അതുകൊണ്ട് തന്നെ റെഡ് അലർട്ട് എന്ന പോലെ സ്ഥിതി നേരിടാനാണ് തീരുമാനം.
കേരളത്തിൽ വരുന്ന അഞ്ചുദിവസം കൂടി ഇടിമിന്നലോടെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ചയും വ്യാഴാഴ്ചയും അതിശക്തമായ മഴപെയ്യും. ഇതിൽ വ്യാഴാഴ്ചയായിരിക്കും കൂടുതൽ. മലയോരങ്ങളിൽ തീവ്രമാകാനും ഇടയുണ്ട്. ഒരുസ്ഥലത്ത് ചെറിയ സമയത്തിൽ വൻതോതിൽ മഴപെയ്യാനുള്ള സാധ്യതയും നിലനിൽക്കുന്നു. പ്രകൃതിക്ഷോഭവും മഴമുന്നറിയിപ്പുകളും കണക്കിലെടുത്ത് ജില്ലകളിൽ ദുരന്ത പ്രതികരണസേനയുടെ 11 സംഘങ്ങളെ വിന്യസിച്ചു. ഡാമുകൾ മിക്കതും ഇപ്പോൾ തന്നെ തുറന്നിട്ടുണ്ട്. അതുകൊണ്ട് മഴ ദുരിതം കൂട്ടും. അപകട സാധ്യതയും.
അതിനിടെ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മലയോരങ്ങളിലും നദീതീരങ്ങളിലും കർശനമായ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ വീടുകളിൽ താമസിക്കുന്നവരെയും നദിക്കരയിൽ അപകടകരമായ സാഹചര്യങ്ങളിൽ വസിക്കുന്നവരെയും മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം നൽകി. പകൽസമയം മഴ മാറിനിൽക്കുന്നതുകണ്ട് അമിത ആത്മവിശ്വാസം കാണിക്കേണ്ടതില്ല. കാലാവസ്ഥാ മുന്നറിയിപ്പുകൾക്കും മാറ്റങ്ങൾ സംഭവിക്കാം. അതിനാൽ ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം -മുഖ്യമന്ത്രി പറഞ്ഞു.
ഈ സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറൂമുകൾ താലൂക്ക് തലത്തിൽ എല്ലാജില്ലകളിലും തുറന്നു. മഴക്കെടുതിയിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, എന്നീജില്ലകളിൽ പുതുതായി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ആകെ 254 ക്യാമ്പുകളിലായി 3093 കുടുംബങ്ങളിലെ 10,815 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
കനത്ത മഴ വരുമെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് സംസ്ഥാനത്തു വിവിധ ഡാമുകളിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചത്. വരാനിരിക്കുന്ന ജലം കൂടി സ്വീകരിക്കാൻ ഇടമൊരുക്കി ഷട്ടർ തുറന്നു വെള്ളമൊഴുക്കുന്നു. ഇന്നലെ മഴ വിട്ടു നിന്നതോടെ പുഴകളിൽ നീരൊഴുക്കു കുറഞ്ഞതും ആശ്വാസം. ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ 2,3,4 ഷട്ടറുകൾ 35 സെന്റിമീറ്റർ വീതം തുറന്ന് മണിക്കൂറിൽ 3.78 ലക്ഷം ക്യുബിക് മീറ്റർ വെള്ളമാണ് പുറത്തേക്ക് വിടുന്നത്. 4.21 ലക്ഷം ക്യുബിക് മീറ്റർ വെള്ളം വൈദ്യുതി ഉൽപാദനത്തിനായി മൂലമറ്റം പവർ ഹൗസിലേക്ക് കൊണ്ടുപോകുന്നുണ്ട്. മണിക്കൂറിൽ 6.26 ലക്ഷം യൂണിറ്റാണ് ഉൽപാദനം. മഴ മാറി നിൽക്കുന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 3811 ഘനയടിയായി കുറഞ്ഞു. തമിഴ്നാട് 1800 ഘനയടി വെള്ളം കൊണ്ടു പോകുന്നുണ്ട്.
സംസ്ഥാനത്തു റെഡ് അലർട്ടിനു സമാനമായ തയ്യാറെടുപ്പുകൾ നടത്തിയതായി മന്ത്രി കെ.രാജൻ അറിയിച്ചു. കോട്ടയം ജില്ലയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള 33 പ്രദേശങ്ങൾ കണ്ടെത്തി ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നടപടി തുടങ്ങി. മറ്റു ജില്ലകളിലും ക്രമീകരണങ്ങളായി. ജലനിരപ്പുയർന്ന കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും നിന്നു താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ക്യാംപുകളിലേക്കു മാറ്റി. ചിലർ ബന്ധുവീടുകളിലേക്കു മാറി. എറണാകുളം, ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ രക്ഷാപ്രവർത്തനത്തിന് മത്സ്യബന്ധന ബോട്ടുകളും സജ്ജമാണ്.
തിരുവനന്തപുരം ജില്ലയിലെ നെയ്യാർ, കരമന, പത്തനംതിട്ട ജില്ലയിലെ മണിമല, അച്ചൻകോവിൽ നദികളിലെ ജലനിരപ്പ് അപകട നിലയ്ക്കു മുകളിലാണ്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എൻഡിആർഎഫ്) 11 ടീമുകളും കരസേനയുടെയും ഡിഫൻസ് സെക്യൂരിറ്റി കോറിന്റെയും 2 ടീമുകൾ വീതവും വിവിധ ജില്ലകളിലായുണ്ട്. വ്യോമ, നാവിക സേനകളും സജ്ജമാണ്.
മറുനാടന് മലയാളി ബ്യൂറോ