- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുവപ്പു മുന്നറിയിപ്പ് പ്രഖ്യാപിച്ചയിടങ്ങളിൽ പ്രതീക്ഷിക്കുന്നത് 24 മണിക്കൂറിൽ 200 മില്ലിമീറ്ററിൽ കൂടുതൽ മഴ; ഇന്ന് തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ ശക്തമായി തുടരും; നാളെ മുതൽ വടക്കൻ കേരളത്തിലേക്കും തീവ്രമഴ; കടത്തു തോണികളും ഹൗസ് ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് സജ്ജം; കടൽ അതിപ്രക്ഷുബ്ദം; മഴ ശമനമില്ലാതെ തുടരുമ്പോൾ
തിരുവനന്തപുരം: അതിശക്ത മഴ തുടരുന്നതിനാൽ സംസ്ഥാനം അതി ജാഗ്രതയിൽ. വെള്ളിയാഴ്ചവരെ മഴ അതിതീവ്രമായി തുടരാൻ സാധ്യതയുള്ളതിനാൽ ചില ജില്ലകൾക്ക് ചുവപ്പ് ജാഗ്രത നൽകി. അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴക്കെടുതിയിൽ ആറുപേർ മരിച്ചു. ഒരാളെ കാണാതായി. മുൻവർഷങ്ങളിലെപ്പോലെ മിന്നൽ പ്രളയത്തിന്റെ സാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരും മുതലാണ് തെക്കൻ കേരളത്തിൽ മഴ ശക്തമായത്. ചൊവ്വാഴ്ചവരെ പ്രധാനമായും തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് അതിതീവ്രമഴ പ്രതീക്ഷിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ വടക്കൻ കേരളത്തിലേക്ക് തീവ്രമഴ വ്യാപിക്കും.
ചുവപ്പുമുന്നറിയിപ്പ് പ്രഖ്യാപിച്ചയിടങ്ങളിൽ 24 മണിക്കൂറിൽ 200 മില്ലിമീറ്ററിൽ കൂടുതൽ മഴയാണ് പ്രതീക്ഷിക്കുന്നത്. തുടർച്ചയായ നാലുദിവസം ഇത്തരത്തിൽ മഴ പെയ്താൽ അത് പ്രതിസന്ധിയുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ദുരന്ത നിവാരണസേനയുടെ നാലു സംഘങ്ങളെ ഇടുക്കി, കോഴിക്കോട്, വയനാട്, തൃശ്ശൂർ ജില്ലകളിൽ വിന്യസിച്ചു. നാലു സംഘങ്ങളെക്കൂടി എറണാകുളം, കോട്ടയം, കൊല്ലം, മലപ്പുറം ജില്ലകളിൽ വിന്യസിക്കും.
ഇന്ന് ഏഴുജില്ലകളിൽ ചുവപ്പ് മുന്നറിയിപ്പ്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി
നാളെ 11 ജില്ലകളിൽ
കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
വ്യാഴാഴ്ച 9 ജില്ലകളിൽ
എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ഓറഞ്ച് മുന്നറിയിപ്പ്
ചൊവ്വാഴ്ച -തൃശ്ശൂർ , പാലക്കാട്, മലപ്പുറം, കോഴിക്കോട്
ബുധനാഴ്ച-തിരുവനന്തപുരം, കണ്ണൂർ
വ്യാഴാഴ്ച-പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
കടലിൽപ്പോകരുത്
കടൽ അതിപ്രക്ഷുബ്ധമാവുമെന്ന് മുന്നറിയിപ്പുണ്ട്. ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.
കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ അടിയന്തര പ്രവർത്തനങ്ങൾക്ക് വില്ലേജ് ഓഫീസർമാർക്ക് 25,000 രൂപ അനുവദിച്ചു. സംസ്ഥാനത്ത് നാല് ലക്ഷം ആളുകളെ പാർപ്പിക്കാനാവുന്ന 3000 ഷെൽട്ടറുകൾ സജ്ജമാണെന്നും മന്ത്രി കെ രാജൻ അറിയിച്ചു. ഒഴിപ്പിക്കലിന് ആവശ്യമായ സ്ഥലങ്ങളിൽ ബോട്ടുകൾ തയ്യാറാക്കണം. കടത്ത് തോണികൾ, ഹൗസ് ബോട്ടുകൾ എന്നിവയുടെ പ്രവർത്തനം നിർത്തിവയ്ക്കണം. കടത്ത് തോണിക്ക് പകരം മഴക്കാലത്തേക്കായി ബോട്ടുകൾ ലഭ്യമാക്കണം.
ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മിന്നൽപ്രളയം, വെള്ളക്കെട്ട് തുടങ്ങിയ ദുരന്തസാധ്യതകൾ മുന്നിൽക്കണ്ടുള്ള ജാഗ്രതയും തയ്യാറെടുപ്പുമാണ് നടത്തുന്നത്. ദുരന്തനിവാരണ അഥോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ സംസ്ഥാനതല കൺട്രോൾ റൂമായി പ്രവർത്തിക്കുന്നു. മുഖ്യമന്ത്രി സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി. കലക്ടർമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സേനാവിഭാഗങ്ങളുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലും സമീപ ജില്ലകളിലും അതീവ ജാഗ്രതയും തയ്യാറെടുപ്പും ആവശ്യമാണ്. ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റും. അടിയന്തര ഇടപെടലുകൾക്കായി എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേരും.
ജില്ലകളിലും താലൂക്കുകളിലും കൺട്രോൾ റൂം തുറന്നു. സംസ്ഥാനത്ത് ഏഴു ദുരിതാശ്വാസക്യാമ്പ് തുറന്നു. 90 പേരെ മാറ്റിപ്പാർപ്പിച്ചു. സെക്രട്ടറിയറ്റിലെ റവന്യുമന്ത്രിയുടെ ഓഫീസിലും മുഴുവൻസമയ കൺട്രോൾ റൂം തുറന്നു. നമ്പർ: 8078548538. ദേശീയ ദുരന്തനിവാരണ സേനയെ ഏഴു ജില്ലയിൽ വിന്യസിച്ചു. കോട്ടയത്ത് രണ്ടും കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിൽ ഓരോ സംഘത്തെയുമാണ് വിന്യസിച്ചത്.
ജലസേചനവകുപ്പിന്റെ 17 അണക്കെട്ടിൽനിന്ന് വെള്ളം പുറത്തുവിടുന്നുണ്ട്. കെഎസ്ഇബിയുടെ വലിയ അണക്കെട്ടുകളിൽ വെള്ളം പുറത്തുവിടേണ്ട സാഹചര്യമില്ല. മലയോര മേഖലകളിൽ രാത്രിയാത്ര ഒഴിവാക്കണം. എല്ലാ ജില്ലയിലും പൊലീസിന്റെ പ്ര ത്യേക കൺട്രോൾ റൂം ആരംഭിച്ചു. അടിയന്തര സാഹചര്യം നേരിടാൻ പൊലീസ് സ്റ്റേഷനുകളിലെ ദുരന്തനിവാരണ സംഘങ്ങൾക്ക് നിർദ്ദേശം നൽകി. എല്ലാവരും കൈകോർത്ത് കെടുതി തരണം ചെയ്യാൻ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.
എംജി സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ചൊവ്വാഴ്ച നടത്താനിരുന്ന ത്രിവത്സര ഡിപ്ലോമ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്.
17 ചെറുഡാം തുറന്നു
ജലസേചന വകുപ്പിന് കീഴിലുള്ള പതിനേഴോളം അണക്കെട്ടുകൾ തുറന്നതായി മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ഇബിയുടെ വലിയ അണക്കെട്ടുകളിൽ വെള്ളം പുറത്തുവിടേണ്ട സാഹചര്യം നിലവിലില്ല. അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഡാം മാനേജ്‌മെന്റ് കമ്മിറ്റി യോഗം ചേർന്ന് സ്ഥിതിഗതി വിലയിരുത്തി. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാന്റെ അനുമതിയോടെ റൂൾ കർവ് അനുസരിച്ച് ചെറിയ അണക്കെട്ടുകളിൽനിന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്കൊഴുക്കും.
പൊലീസിന്റെ പ്രത്യേക കൺട്രോൾ റൂം
അടിയന്തര സാഹചര്യം നേരിടാൻ ജില്ലകളിൽ പൊലീസിന്റെ പ്രത്യേക കൺട്രോൾ റൂം ആരംഭിക്കും. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറാകണമെന്ന് പൊലീസ് സ്റ്റേഷനുകളിലെ ദുരന്തനിവാരണ സംഘങ്ങൾക്ക് നിർദ്ദേശം നൽകി. ജില്ലാ പൊലീസ് മേധാവിമാർ കലക്ടർമാരുമായും ജില്ലാതല ദുരന്തനിവാരണ സമിതിയുമായും നിരന്തരം സമ്പർക്കം പുലർത്തും. ജെസിബി, ബോട്ടുകൾ, മറ്റു ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവ സ്റ്റേഷനുകളിൽ തയ്യാറാക്കും. പൊലീസ് വിന്യാസത്തിന്റെ ചുമതലയുള്ള നോഡൽ ഓഫീസറായി സായുധ പൊലീസ് ബറ്റാലിയൻ വിഭാഗം എഡിജിപി എം ആർ അജിത്കുമാറിനെയും ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസറായി ക്രമസമാധാനവിഭാഗം എഡിജിപി വിജയ് എസ് സാഖറെയെയും നിയോഗിച്ചു.
മെഡിക്കൽ കോളേജിൽ പ്രത്യേക വാർഡുകൾ
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എല്ലാ മെഡിക്കൽ കോളേജിലും പ്രത്യേകം വാർഡുകൾ സജ്ജമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഉന്നതതല യോഗം ചേർന്ന് അവലോകനം നടത്തി. പ്രളയസാധ്യതയുള്ള പ്രദേശങ്ങളിലെ ആശുപത്രികളിൽ അധിക സൗകര്യമൊരുക്കും. മെഡിക്കൽ കോളേജുകളിൽ പ്രത്യേക യോഗം ചേർന്ന് അടിയന്തര സാഹചര്യം നേരിടാൻ സജ്ജമായി. അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് സൂപ്രണ്ടുമാർ യോഗത്തിൽ അറിയിച്ചു. ജീവനക്കാർ അനാവശ്യ ലീവെടുക്കുന്നത് ഒഴിവാക്കണം. ക്യാമ്പുകളിൽ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികൾ ആന്റിവെനം കരുതണം. കോവിഡ് ലക്ഷണമുള്ളവരെ പ്രത്യേകം പാർപ്പിക്കണമെന്നും മറ്റു ഗുരുതര രോഗമുള്ളവരെയും കുട്ടികളെയും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ