തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ മഴ കുറഞ്ഞേക്കും. ചക്രവാത ചുഴി പിന്മാറുന്നതോടെയാണ് മഴ കുറയുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സാധാരണ മഴ എന്നാണു കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്. എന്നാൽ, കാലവർഷം നേരത്തേ എത്തുമോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. തെക്കു പടിഞ്ഞാറൻ കാലവർഷം 27ന് എത്തുമെന്നാണ് നേരത്തേയുള്ള പ്രവചനം.

ആൻഡമാനിൽ കാലവർഷം എത്തുകയും അറബിക്കടലിലേക്കു നീങ്ങുകയും ചെയ്തുവെങ്കിലും കേരളത്തിൽ എത്തുന്നതിന്റെ പ്രഖ്യാപനം വൈകുകയാണ്. കാറ്റിന്റെ ദിശയും ശക്തിയും പരിശോധിച്ചാകും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇക്കാര്യം സ്ഥിരീകരിക്കുക.

അതേസമയം കനത്ത മഴ മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് നൽകിയത് വലിയ തിരിച്ചടി. മുൻകൂറായി മുറികൾ ബുക്കുചെയ്തിരുന്ന സഞ്ചാരികൾ റദ്ദാക്കുകയായിരുന്നു. ഇത്ര ശക്തിയോടെ മഴ തുടർന്നാൽ സഞ്ചാരികളുടെ വരവ് ഇനിയും കുറയും. കോവിഡിനെ തുടർന്ന് തകർന്ന മൂന്നാറിലെ വിനോദസഞ്ചാര മേഖലയിൽ ഏപ്രിൽമുതലാണ് വിനോദ സഞ്ചാരികളെത്തിത്തുടങ്ങിയത്. തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവടങ്ങളിൽനിന്നുള്ള സഞ്ചാരികളാണ് എത്തിയിരുന്നത്.

ജൂൺ 30 വരെ തുടർച്ചയായി മിക്ക ഹോട്ടലുകളിലും മുഴുവൻ മുറികളും ബുക്കിങ് ആയിരുന്നു. ഇത് വലിയ പ്രതീക്ഷ നൽകി. എന്നാൽ, കഴിഞ്ഞ പത്തുദിവസമായി കനത്ത മഴ തുടരുന്നതിനാലും അടുത്തുതന്നെ കാലവർഷമെത്തുമെന്ന പ്രചാരണവും കാരണം ഭൂരിഭാഗം ബുക്കിങ്ങുകളും സഞ്ചാരികൾ കാൻസൽ ചെയ്തുകഴിഞ്ഞു.