- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ടയിൽ സാഹചര്യങ്ങൾ 2018 ന് സമാനം; മലയോര മേഖലകളിൽ മലവെള്ളപ്പാച്ചിൽ; കക്കാട്ടാറ്റിൽ ജലനിരപ്പുയരുന്നു; പമ്പാ സ്നാനം അനുവദിക്കില്ല: തോട്ടിലേക്ക് മറിഞ്ഞ കാറിൽ നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
പത്തനംതിട്ട: ഇന്നലെ രാത്രി മുതൽ തോരാമഴ പെയ്യുന്ന ജില്ലയിൽ 2018 ന് സമാനമായ സാഹചര്യം. പമ്പാ നദിയിലേക്ക് വെള്ളമെത്തിക്കുന്ന കൈവഴികളിൽ മലവെള്ളപ്പാച്ചിൽ. കക്കാട്ടാറ്റിൽ ജലനിരപ്പയുയരുന്നു. മലയാലപ്പുഴയിൽ ഉരുൾപൊട്ടൽ സംശയിച്ചെങ്കിലും അല്ലെന്ന് പരിശോധനയിൽ വ്യക്തമായി. റോഡുകളിലെല്ലാം വെള്ളംകയറി.
പത്തനംതിട്ട നഗരസഭ 18-ാം വാർഡിൽ മൂന്നു വീടുകൾ വെള്ളത്തിന് അടിയിലായി. പന്തളം നൂറനാട് റോഡിൽ തോട്ടിലേക്ക് മറിഞ്ഞ കാറിൽ നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. റാന്നി താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയിലും ഓമല്ലൂർ മൃഗാശുപത്രിയിലും വെള്ളം കയറി. പമ്പയിൽ ജലനിരപ്പ് അനുനിമിഷം ഉയരുകയാണ്. ഇന്ന് നട തുറക്കാനിരിക്കേ ശബരിമല തീർത്ഥാടകർക്ക് പമ്പാ സ്നാനം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചു.
രാവിലെ ജില്ലയിൽ പെയ്തത് റെക്കോഡ് മഴയാണ്. ഏഴു മുതൽ 10 മണിവരെയുള്ള മൂന്നു മണിക്കൂറിനിടെ പെയ്തത് 70 മില്ലീമീറ്റർ മഴയാണ്. പ്രളയ കാലത്തിന് ശേഷം ആദ്യമായാണ് ജില്ലയിൽ ഇത്രയും കനത്ത മഴ രേഖപ്പെടുത്തുന്നത്. എന്നിരുന്നാലും ജില്ലയിലെ ഏറ്റവും വലിയ അണക്കെട്ടായ കക്കി -ആനത്തോട് അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. അതിനാൽ പ്രളയ ഭീഷണിയില്ല.
മലയാലപ്പുഴയിൽ കണിച്ചേരിക്കുഴിയിൽ ഉരുൾപൊട്ടിയെന്ന് സംശയമുണ്ട്. രാവിലെ ഒമ്പതു മണിയോടെ ശങ്കരത്തിൽ വർഗീസിന്റെ വീടിന് പിന്നിൽ നിന്നാണ് മലവെള്ളം വന്നത്. മതിൽ തകർന്നു. പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറും ഒഴുകി നീങ്ങിയിട്ടുണ്ട്. കുമ്പഴ-കോന്നി റോഡിൽ ഇളകൊള്ളൂരിൽ ഇലക്ട്രിക് പോസ്റ്റ് വീണും ജലനിരപ്പുയർന്നും ഗതാഗതം തടസപ്പെട്ടു. നിരവധി വീടുകളിൽ വെള്ളം കയറി. പന്തളം-നൂറനാട് റോഡിൽ കുടശനാടിന് സമീപം നിയന്ത്രണ വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു. കാറിനുള്ളിൽ കുടുങ്ങിപ്പോയ മൂന്നു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം. സെൻട്രൽ ലോക്കായി പോയ കാറിന്റെ ചില്ല് തകർത്താണ് യാത്രക്കാർ രക്ഷപ്പെട്ടത്. ആർക്കും പരുക്കില്ല. ജില്ലയിൽ എല്ലായിടത്തും കനത്ത മഴ തുടരുകയാണ്. റാന്നി താലൂക്കാശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ വെള്ളം കയറിയതിനെ തുടർന്ന് രോഗികളെ ഒഴിപ്പിച്ചു.
വെച്ചൂച്ചിറക്കടുത്തുകൊല്ലമുള ടൗണിൽ വെള്ളംകയറി. വ്യാപാര സ്ഥാപനങ്ങൾക്കുള്ളിൽ വെള്ളംകയറി. പമ്ബ, അച്ചൻകോവിൽ, മണിമല ആറുകളിൽ ജലനിരപ്പ് ആശങ്കാപരമായി ഉയർന്നിട്ടുണ്ട്. അച്ചൻകോവിലാറ്റിലാണ് ഏറ്റവുമധികം ജലനിരപ്പ് ഉയർന്നിട്ടുള്ളത്.
അപ്പർ കുട്ടനാടൻ പ്രദേശങ്ങളിൽ മിക്കയിടത്തും വെള്ളം കയറിതുടങ്ങി. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടായ കക്കി ആനത്തോട് നിറയുന്നതിന് ഇനി 11 ശതമാനം കൂടി അവശേഷിക്കുന്നതിനാൽ അത് തുറക്കേണ്ട സാഹചര്യമില്ലെന്ന് ശനിയാഴ്ച രാവിലെ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
വെള്ളിയാഴ്ച ഡാമിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചത് ആശങ്ക പരത്തിയിരുന്നു. തുലാമാസ പുജകൾക്കായി ശനിയാഴ്ച വൈകിട്ട് നട തുറക്കുന്ന ശബരിമലയിൽ പമ്ബാ സ്നാനം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചു. നേരത്തെ പമ്ബാ സ്നാനം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. പമ്ബയാറ്റിൽ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയർന്നതിനാലാണ് സ്നാനം വിലക്കിയത്. മലയോരമേഖലയിൽ കനത്തമഴ തുടരുകയാണ്. കോന്നിയിൽ ശനിയാഴ്ച രാവിലെ 10 മണിവരെ 97 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്