കൊച്ചി: കേരളത്തെ പേമാരിയിൽ മുക്കിയത് ചുഴലികളും ന്യൂനമർദങ്ങളും അനുബന്ധമായുണ്ടായ ചക്രവാതവും സൃഷ്ടിച്ച അസാധാരണ സ്ഥിതിവിശേഷം. 2018 ലെ മഴക്കാല അന്തരീക്ഷം കഴിഞ്ഞയാഴ്ച രൂപപ്പെട്ടെങ്കിലും അതു ദുർബലമായി എന്നായിരുന്നു വിലയിരുത്തൽ. ഇത് തെറ്റിച്ചാണ് ശനിയാഴ്ച പുലർച്ചെ മുതൽ മഴ പെയ്തത്. ഇത്രയും മഴയും പ്രത്യാഘാതവും ആരും പ്രതീക്ഷിച്ചില്ല.

ഇപ്പോൾ കേരളത്തിന്റെ അന്തരീക്ഷം പൂർണമായും കാർമേഘം മൂടിയ നിലയിലാണ്. നിലവിലുള്ള അന്തരീക്ഷ സ്ഥിതിവിശേഷത്തിന്റെ സ്വാധീനത്തിൽ പിന്നീടും ന്യൂനമർദ്ദങ്ങളുണ്ടാകാനുള്ള സാധ്യതയും ഉണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും അസന്തുലിതാവസ്ഥ നിലനിൽക്കുന്നു. അതുകൊണ്ട് തന്നെ ഇനി എന്ത് സംഭവിക്കുമെന്ന പ്രവചനം പോലും അസാധ്യമാണ്. അതീവ ജാഗ്രതയിൽ തന്നെ രണ്ട് ദിവസം കൂടി കേരളം നിൽക്കേണ്ടി വരും.

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ മലയോരങ്ങൾ കേന്ദ്രീകരിച്ചു ആൾനാശവും ഉരുൾപ്പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായതിനു കാരണം അപ്രതീക്ഷിതമായുണ്ടായ അതിതീവ്രമഴയെന്നാണു നിഗമനം. 20 സെന്റീമീറ്ററിലധികം മഴ ദുരന്തപ്രദേശങ്ങളിൽ ലഭിച്ചിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രാദേശിക മേഘസ്‌ഫോടനങ്ങൾ പ്രവചിക്കാനും അളക്കാനും നിലവിൽ സംവിധാനങ്ങളില്ല. അതുകൊണ്ട് തന്നെ മേഘ സ്‌ഫോടനങ്ങളിൽ സ്ഥിരീകരണത്തിന് സാധ്യത കുറവാണഅ.

ഓഗസ്റ്റു മാസത്തിൽ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. മഴക്കാലം പിൻവാങ്ങുന്ന സമയത്ത് ശാന്തസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും അറബിക്കടലുമായി രൂപപ്പെട്ട ചുഴലികളും ന്യൂനമർദങ്ങളും സ്ഥിതിഗതികൾ മാറ്റിമറിച്ചു. തുടർച്ചയായുണ്ടായ മർദങ്ങൾ അന്തരീക്ഷത്തിൽ സൃഷ്ടിച്ച അസാധാരണ സ്ഥിതിവിശേഷത്തിലെ മാറ്റങ്ങളാണ് പെരുമഴയ്ക്ക് കാരണമായത്. ചക്രവാതം എല്ലാം മാറ്റി മറിച്ചു.

അറബിക്കടലിലെ ന്യൂനമർദം കേരളതീരത്ത് എത്തിയതോടെ തെക്കൻ ജില്ലകളിൽ ജാഗ്രതാനിർദ്ദേശം നൽകി. ന്യൂനമർദം ശക്തിപ്രാപിച്ചതോടെ വൻതോതിലാണ് കാർമേഘപടലങ്ങൾ രൂപപ്പെട്ടു. ശാന്തസമുദ്രത്തിലെയും ബംഗാൾ ഉൾക്കടലിലെയും ന്യൂനമർദങ്ങൾ അന്തരീക്ഷത്തിന്റെ തീവ്രത വർധിപ്പിച്ചുവെന്നാണ് നിഗമനം.

രണ്ട് ന്യൂനമർദ്ദങ്ങളും ഏതാണ്ട് ദുർബലമായി എന്നാണു നിഗമനം. എന്നാൽ പെട്ടന്നൊരു മാറ്റവും പ്രതീക്ഷിക്കാം. വെള്ളിയാഴ്ചവരെ വടക്കുഭാഗത്താണു കനത്ത മഴയുടെ സാധ്യത ആദ്യം കാണിച്ചതെങ്കിലും കാറ്റിന്റെ പെട്ടന്നുണ്ടായ ദിശമാറ്റത്തോടെ ന്യൂനമർദം മധ്യതെക്കൻ ഭാഗത്തേക്കു ഒറ്റദിശയിലൂടെ നീങ്ങി. കാർമേഘം വളരെ താഴ്ന്നും പതുക്കെയാണ് പലയിടത്തും നീങ്ങുന്നത്.

പകൽ വലിയതോതിലാണ് കാർമേഘങ്ങൾ ഉണ്ടായത്. മഴക്കാലത്തു ജലംസംഭരിച്ചു കൊണ്ടിരുന്ന ചെരിവുകളും കുന്നുകളുമാണ് മിക്കയിടത്തും തകർന്നത്. ഇതോടെ, ഈ പ്രദേശങ്ങളിൽ ജനുവരിയോടെ ജലക്ഷാമം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.