- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീവ്രമഴ മുന്നറിയിപ്പിൽ ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ട്; കോട്ടയത്ത് മീനച്ചിൽ-കാഞ്ഞിരപ്പള്ളി താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; തിരുവനന്തപുരത്തെ നെടുമങ്ങാട് താലൂക്കിലും സ്കൂളുകൾക്ക് അവധി; മലയോരത്തേക്ക് യാത്ര പാടില്ല; മിന്നൽ പ്രളയങ്ങൾക്ക് സാധ്യത ഏറെ; ഉരുൾപൊട്ടലും ദുരിതം കൂട്ടിയേക്കും; ഇടിമിന്നലും തുടരും
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് തീവ്രമഴ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. കനത്ത മഴയെ തുടർന്ന് മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ( തിങ്കൾ) ജില്ലാ തളക്ടർ അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരത്ത് മലയോര മേഖലയിൽ മഴ രൂക്ഷമായതിനെ തുടർന്ന് നെടുമങ്ങാട് താലൂക്കിലെ അംഗൻവാടികൾ, സർക്കാർ , എയ്ഡഡ്, അൺ എയ്ഡഡ് സ്‌ക്കൂളുകൾക്കു ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചുഅതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നതിനാൽ ജനങ്ങൾ കനത്ത ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനത്ത് ഇന്നു മുതൽ 4 ദിവസത്തേക്കു അതിശക്തമോ തീവ്രമോ ആയ മഴയ്ക്കുള്ള സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. വ്യാഴാഴ്ച വരെ ഇതേ നിലയിൽ തുടരാനാണു സാധ്യത. അതിനു ശേഷം മഴ കുറഞ്ഞേക്കും. ഇടിമിന്നലോടു കൂടി തുടർച്ചയായ മഴ പെയ്യുന്നതിനാൽ പ്രാദേശികമായ ചെറു മിന്നൽപ്രളയം ഉണ്ടാകാമെന്നു കാലാവസ്ഥ വിദഗ്ദ്ധർ മുന്നറിയിപ്പു നൽകി.
മധ്യകേരളത്തിലും തെക്കൻ ജില്ലകളിലുമാണ് ഇന്നു മഴ സാധ്യത കൂടുതൽ. ചൊവ്വാഴ്ച മുതൽ മഴ ഒന്നു കൂടി ശക്തമാകും. മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും സാധ്യത കൂടുതലാണ്. വനമേഖലയിൽ ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. മധ്യ തെക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണു മഴ സജീവമാക്കുന്നത്. ഇതു ന്യൂനമർദമായി മാറിയേക്കും. ഇന്ത്യൻ മഹാസമുദ്രത്തിലെ കാറ്റിന്റെ ഗതിയും ശക്തമായ മഴയ്ക്ക് അനുകൂലമാണ്. ശക്തമായ കാറ്റിനൊപ്പം കടൽക്ഷോഭത്തിനും സാധ്യത ഉണ്ട്.
ഇന്ന് ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ജില്ലകളിൽ ഓറഞ്ച് അലർട്ടും (ശക്തമായ/അതിശക്തമായ മഴ) തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ടും (ഒറ്റപ്പെട്ട ശക്തമായ മഴ) പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇതിൽ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ അതിതീവ്ര മഴയാണു പ്രവചിച്ചിരിക്കുന്നത്. മറ്റുള്ള 5 ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴ. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. പലയിടത്തും നദികളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. തോടുകൾ പലതും കരകവിഞ്ഞു.കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിൽ ആര്യങ്കാവ് വില്ലേജിൽ അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ വീണു തമിഴ്‌നാട് സ്വദേശികളായ നാല് സഞ്ചാരികൾ അപകടത്തിൽപെട്ടു.
മൂന്ന് പേർ രക്ഷപ്പെടുകയും ഒരാൾ മരണപെടുകയും ചെയ്തു.കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് മൂന്നിലവ് ടൗണിൽ വെള്ളം കയറുകയും ഉരുൾപൊട്ടിലിൽ ഒരാളെ കാണാതാവുകയും പിന്നീട് രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ മലയോരമേഖലകളിൽ പെയ്യുന്ന കനത്തമഴയിൽ അണക്കെട്ടുകൾ നിറയുന്നു. കനത്തമഴയിൽ വിവിധ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു.
തിരുവനന്തപുരം നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ 2.5 സെന്റിമീറ്റർ ഉയർത്തി. .നെയ്യാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയാണ് ലഭിക്കുന്നത്. നീരൊഴുക്ക് ശക്തമായതോടെ, പ്രദേശത്തുള്ളവരോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ