- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് നവംബർ 15 വരെ കനത്ത മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത; ജില്ലകളിൽ റെഡ് അലേർട്ടിന് സമാനമായ മുന്നൊരുക്കം നടത്താൻ നിർദ്ദേശം; തലസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശം; മലയോരത്ത് രാത്രി യാത്ര നിരോധനം; അതീവ ജാഗ്രതയിൽ സംസ്ഥാനം
തിരുവനന്തപുരം: ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് ആതീവ ജാഗ്രത നിർദ്ദേശം.നവംബർ 15 വരെ സംസ്ഥാന വ്യാപകമായി കനത്ത മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.ബംഗാൾ ഉൾക്കടലിൽ തെക്ക് ആൻഡമാൻ കടലിൽ തായ്ലൻഡ് തീരത്തോടു ചേർന്ന് ശനിയാഴ്ച രാവിലെ 8.30ന് ന്യൂനമർദ്ദം രൂപപ്പെട്ടു. ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിച്ചു നവംബർ 15ഓടെ വടക്ക് ആൻഡമാൻ കടലിലും തെക്കു-കിഴക്ക് ബംഗാൾ ഉൾക്കടലിലുമായി തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
തുടർന്ന് പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിച്ചു നവംബർ 18ഓടെ ആന്ധ്രാ തീരത്തു പ്രവേശിക്കാനും സാധ്യതയുണ്ട്. വടക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു. അതിനാൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചിട്ടുണ്ട്. ഇതിന്റെ സ്വാധീനത്താൽ തെക്കൻ കേരളത്തിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ട്. ഞായറാഴ്ചയും തിങ്കളാഴ്ചയും ഒറ്റപ്പെട്ട അതിശക്ത മഴയ്ക്കും സാധ്യതയുണ്ട്.
കേരള - ലക്ഷദ്വീപ് തീരത്ത് 13,14 തീയതികളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും പോയിട്ടുള്ള മത്സ്യത്തൊഴിലാളികൾ നവംബർ 15 നു ഉള്ളിൽ തീരത്തു എത്തിച്ചേരണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മഴയ്ക്കൊപ്പം കാറ്റും ഇടിമിന്നലിനും മുന്നറിയിപ്പുള്ളതിനാൽ മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അടക്കം റെഡ് അലെർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾ നടത്തേണ്ടതാണ് എന്ന് ജില്ലാ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അഥോറിറ്റി നിർദ്ദേശിച്ചു.
തലസ്ഥാനത്തെ വിറപ്പിച്ച് കനത്ത മഴ.. വ്യാപക നാശം
ശനിയാഴ്ച്ച ഉണ്ടായ കനത്ത കനത്തമഴയിൽ തിരുവനന്തപുരത്ത് വൻ നാശനഷ്ടം.തിരുവനന്തപുരം നാഗർകോവിൽ റൂട്ടിൽ ട്രാക്കിൽ മണ്ണിടിഞ്ഞ് വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി മുതൽ പെയത ശക്തമായ മഴയാണ് വലിയ ദുരിതം വിതച്ചത്.തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിൽ റെയിൽവേ ട്രാക്കിൽ മൂന്നിടത്താണ് മണ്ണിടിഞ്ഞ് വീണത്.
നാഗർകോവിൽ - കന്യാകുമാരി റൂട്ടിൽ പാളത്തിൽ വെള്ളം കയറി. നാഗർ കോവിൽ- കോട്ടയം പാസഞ്ചറും നാളെ പുറപ്പെടേണ്ട ചെന്നെ- എഗ്മോർ ഗുരുവായൂർ എക്സ്പ്രസ്സും പൂർണ്ണമായും റദ്ദാക്കി. ഐലൻഡ് എക്സപ്രസ്സും അനന്തപുരിയും അടക്കം 10 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. തിരുച്ചിറപ്പള്ളി ഇന്റർസിറ്റി നാഗർകോവിലിൽ നിന്ന് പുറപ്പെടും. കനത്ത മഴയെ തുടർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് മണ്ണ് മാറ്റാൻ തുടങ്ങിയത്.
നെയ്യാറ്റിൻകര മൂന്നുകല്ലുമൂട്ടിൽ റോഡിന്റെ ഒരുഭാഗം ഇടിഞ്ഞ് പാലം അപകടാവസ്ഥയിലായി. ഇതോടെ നെയ്യാറ്റിൻകരയിലേക്ക് പോകുന്ന വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. വിഴിഞ്ഞത്ത് വീടുകൾക്ക് മേൽ മണ്ണിടിഞ്ഞു. മലയോര മേഖലയിലും വിതുര, പൊന്മുടി, പാലോട്, നെടുമങ്ങാട് മേഖലകളിൽ ശക്തമായ മഴ പെയ്യുകയാണ്. കോവളം വാഴമുട്ടത്ത് വീടുകൾക്ക് സമീപം മണ്ണിടിഞ്ഞു. തിരദേശത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
അടിമലത്തുറ വിഴിഞ്ഞം കോവളം എന്നിവിടങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറിയതോടെ ആളുകളെ മാറ്റിപാർപ്പിച്ചു. അരുവിക്കര നെയ്യാർ പേപ്പാറ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാകളക്ടർ നിർദ്ദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കണം. സാഹചര്യം നേരിടാൻ നഗരസഭ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ജില്ലയിൽ 33 ക്യാമ്പുകൾ തുറന്നു. മലയോരമേഖലയിലെ രാത്രിയാത്ര നിരോധിച്ചു.
വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കും മോശം കാലവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ ക്വാറി, മൈനിങ് പ്രവർത്തനങ്ങൾ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധിച്ച് ജില്ലാ കലക്ടർ നവ്ജ്യോത് ഖോസ ഉത്തരവിറക്കി.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടർ 60 സെ.മീ ഉയർത്തി. പേപ്പാറ ഡാമിന്റെ ഷട്ടറുകളും നിലവിൽ 80 സെ.മീ ഉയർത്തിയിട്ടുണ്ട്. രാത്രിയോടെ 40 സെ.മീ കൂടി ഷട്ടർ ഉയർത്തുമെന്ന് ജില്ല കലക്ടർ അറിയിച്ചു. വിതുര, പൊന്മുടി, പാലോട്, നെടുമങ്ങാട് തുടങ്ങിയ മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്.അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
അടിയന്തര രക്ഷാ പ്രവർത്തനത്തിന് സജ്ജരാകാൻ പൊലീസിന് നിർദ്ദേശം
സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ച സാഹചര്യത്തിൽ എല്ലാ പൊലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് നിർദ്ദേശം നൽകി. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് തയ്യാറായിരിക്കാനും നിർദ്ദേശമുണ്ട്.
മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംഭവിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കും. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ബോട്ടുകൾ, ലൈഫ് ജാക്കറ്റ്, മണ്ണ് മാറ്റാനും മരം മുറിക്കാനുള്ള ഉപകരണങ്ങൾ, വെളിച്ച സംവിധാനം എന്നിവയും കരുതും.
താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നൽകും. ആവശ്യത്തിന് ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് ആവശ്യമായ മറ്റ് ഉപകരണങ്ങളും ശേഖരിക്കാൻ എല്ലാ കോസ്റ്റൽ പൊലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
തലസ്ഥാനത്ത് വരും ദിവസവും മഴ.. ട്രെയ്നുകൾ റദ്ദാക്കി
കന്യാകുമാരി ജില്ലയിലും തിരുവനന്തപുരത്തും ശക്തമായ മഴയാണ് ലഭിക്കുന്നത്. കന്യാകുമാരി ജില്ലയിലെ പലയിടങ്ങളിലും റെയിൽവേ ട്രാക്കിൽ വെള്ളം കയറിയതിനെത്തുടർന്ന് ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. രണ്ടു ട്രെയിനുകൾ പൂർണമായും 10 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. നാഗർകോവിലിനു സമീപം ഇരണിയിലിൽ റെയിൽവേ ട്രാക്കിലേക്കു മണ്ണിടിഞ്ഞു വീണു.
നെയ്യാറ്റിൻകരയിൽ മരുത്തൂർ പാലത്തിന്റെ പാർശ്വ ഭിത്തി തകർന്നതിനെത്തുടർന്ന് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. വിതുര, പൊന്മുടി, നെടുമങ്ങാട്, പാലോട് എന്നിവിടങ്ങളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്.ട്രാക്കിലേക്ക് മണ്ണിടിച്ചിൽ ഉൾപ്പടെ ഉണ്ടായ സാഹചര്യത്തിൽ നിരവധി ട്രെയ്നുകളും റദ്ദാക്കി.
കന്യാകുമാരി ബെംഗളൂരു ഐലൻഡ് എക്സ്പ്രസ്, ബെംഗളൂരു കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്,ചെന്നൈ എഗ്മോർകൊല്ലം അനന്തപുരി എക്സ്പ്രസ്,കൊല്ലം ചെന്നൈ എഗ്മോർ അനന്തപുരി എക്സ്പ്രസ്,തിരുച്ചിറപ്പള്ളി തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ്, തിരുവനന്തപുരം തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എക്സ്പ്രസ്,ഗുരുവായൂർ ചെന്നൈ എഗ്മോർ എക്സ്പ്രസ്,നാഗർകോവിൽമംഗലാപുരം പരശുറാം എക്സ്പ്രസ്,കന്യാകുമാരിഹൗറ എക്സ്പ്രസ്,ചെന്നൈ എഗ്മോർ കന്യാകുമാരി എക്സ്പ്രസ് എന്നീ ട്രെയ്നുകളാണ് റദ്ദാക്കിയത്
മറുനാടന് മലയാളി ബ്യൂറോ