'സന്തുഷ്ടമായ എല്ലാ കുടുംബങ്ങളും ഒരുപോലെയാണ്; അസന്തുഷ്ടമായ ഓരോ കുടുംബവും ഓരോ തരത്തിലും' എന്നാരംഭിക്കുന്ന അന്നാ കരേനിനപോലെ വിസ്മയകരമായി കുടുംബത്തിനുള്ളിലെ സ്ത്രീപുരുഷബന്ധത്തിന്റെ നാരകീയതകളാവിഷ്‌ക്കരിക്കുന്ന മറ്റൊരു ആധുനിക ക്ലാസിക്കില്ലല്ലോ. ടോൾസ്റ്റോയിയുടെ വിഖ്യാതമായ ഈ മനുഷ്യകഥയുടെ അനുഗായികൾ ലോകഭാഷകളിലെല്ലാമുണ്ടായി. സിഗ്മണ്ട് ഫ്രോയ്ഡിന്റെ മനോവിശകലനസിദ്ധാന്തങ്ങളുടെ കൂടി പിൻബലത്തിൽ സാഹിത്യഭാവനയിൽ പുനർജനിച്ച 'അന്ന'മാരുടെ വലിയൊരു നിരതന്നെ ഓരോ ഭാഷയിലും രംഗത്തുവന്നു. കൊടുങ്കാറ്റിൽപെട്ട വ്യക്തികളും കുടുംബങ്ങളുമായി അവർ സ്വന്തം വിധിയോടും സമൂഹത്തോടും യുദ്ധം ചെയ്തു. മലയാളത്തിൽ 'ഉമ്മാച്ചു'വാണ് ഇവരിൽ ഏറ്റവും പ്രസിദ്ധയായത്. ഉറൂബും സുരേന്ദ്രനും വിലാസിനിയും എം ടി.യും പാറപ്പുറത്തും വിജയനും വൈലോപ്പിള്ളിയും കുഞ്ഞിരാമൻനായരുമാണ് മലയാളത്തിൽ വിഷവിത്തു വീണു മുളച്ച കുടുംബവൃക്ഷങ്ങളുടെ തായ്ത്തടിത്തകർച്ചകളാവിഷ്‌ക്കരിച്ചവരിൽ പ്രമുഖർ. 1950-70 കാലത്ത്. പിൽക്കാലത്തുമുണ്ടായി, സാന്ദർഭികവും സമാനവുമായ ചില രചനകളെങ്കിലും ഇവരുടെ തലമുറയെയാണ് 'അന്ന' നേരിട്ടാവേശിച്ചത്.

'ഓരോ കിടപ്പറയിലും ഏറ്റവും കുറഞ്ഞത് നാലുപേരുണ്ടാകും' എന്ന്, മനുഷ്യാനുഭവത്തിലെ പൊള്ളുന്ന ദാമ്പത്യയാഥാർഥ്യത്തെ തുറന്നുകാണിച്ചത് ഫ്രോയ്ഡായിരുന്നു. ഈയവസ്ഥയ്ക്കു ലഭിച്ച മുഴുവൻ മലയാള ആഖ്യാനങ്ങളെയും നിഷ്പ്രഭമാക്കുന്ന, അതിഗംഭീരമായ ഒരു ബംഗാളിനോവലാണ് 1967ൽ രചിക്കപ്പെട്ട ബുദ്ധദേവബോസിന്റെ 'റാത്‌ബോറെ ബൃഷ്ടി' (മഴയിൽ കുതിർന്ന രാത്രി) മലയാളത്തിലെ മുഴുവൻ 'അന്ന'മാരും കുടുംബത്തിനുള്ളിലും പുറത്തും വ്യക്തികൾ തമ്മിലുടലെടുക്കുന്ന വൈകാരിക സംഘർഷത്തിന്റെ പ്രത്യക്ഷതലമാവിഷ്‌ക്കരിക്കുമ്പോൾ ബുദ്ധദേവിന്റെ രചന ഒരു ഭാര്യയും ഭർത്താവും തമ്മിലുടലെടുക്കുന്ന വൈകാരികസംഘർഷത്തിന്റെയെന്നപോലെ വൈചാരികസംഘർഷത്തിന്റെയും ആത്മീയതലമാണാവിഷ്‌ക്കരിക്കുന്നത്. പരസ്പരമുണ്ടാകുന്ന അകലത്തിന്റെയും നഷ്ടത്തിന്റെയും അപരഭാഷണങ്ങളാണ് മലയാളനോവലുകളെങ്കിൽ അവയെക്കുറിച്ചുള്ള ആത്മഭാഷണങ്ങളുമാണ് 'മഴയിൽ കുതിർന്ന രാത്രി'. വ്യക്തിയും വ്യക്തിയും തമ്മിൽ നടക്കുന്ന സംഭാഷണം ഈ നോവലിൽ ചെറിയൊരു ഭാഗം മാത്രമേയുള്ളൂ. ഒരേ വ്യക്തിയുടെതന്നെ ശരീരവും ആത്മാവും തമ്മിൽ; ബോധവും അബോധവും തമ്മിൽ; കാമനകളും മൂല്യവിചാരങ്ങളും തമ്മിൽ; യാഥാർഥ്യവും ഭാവനയും തമ്മിൽ; ആദർശവും പ്രായോഗികതയും തമ്മിൽ; അഭാവങ്ങളും ആഗ്രഹങ്ങളും തമ്മിൽ നടക്കുന്ന ആത്മഭാഷണമാണ് ഈ നോവലിന്റെ ഏറ്റവും ശ്രദ്ധേയമായ ആഖ്യാനകല.

മറ്റൊരു മണ്ഡലത്തിലും വിഖ്യാതമായി മാറി ഈ നോവലിന്റെ രചനാരാഷ്ട്രീയം. 'അശ്ലീല'മെന്നു കുറ്റപ്പെടുത്തി ഈ നോവലിന്റെ രചനയുടെ പേരിൽ ബംഗാളിലെ ഒരു കോടതി ബുദ്ധദേവിനു പിഴശിക്ഷ വിധിച്ചു. പക്ഷെ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുക മാത്രമല്ല, 'കുടുംബജീവിതത്തിന്റെ തിക്തയാഥാർഥ്യങ്ങളാവിഷ്‌ക്കരിക്കുന്ന ഉജ്വലരചനയാണിത്' എന്നു വാഴ്‌ത്തുകയും ചെയ്തു. 1970കളുടെ തുടക്കത്തിൽ തന്നെ 'മഴയിൽ കുതിർന്ന രാത്രി' മലയാളത്തിലേക്കു വിവർത്തനം ചെയ്യപ്പെട്ടുവെങ്കിലും 2011ൽ മാത്രമാണ് പ്രസിദ്ധീകൃതമാകുന്നത്. നിസംശയം പറയാം, നമ്മുടെ ഭാഷയിലുണ്ടായ ഏത് ദാമ്പത്യ, കുടുംബ ക്ലാസിക്കിനെയും നിഷ്പ്രഭമാക്കുന്ന, അസാധാരണവും അനുപമവുമായ നോവലാണ് ബുദ്ധദേവിന്റേത്. ഇത്രമേൽ തീക്ഷ്ണവും തീവ്രവും നഗ്നവും സൂക്ഷ്മവുമായി സ്ത്രീപുരുഷ കാമനകളുടെ ഉടൽയാഥാർഥ്യങ്ങളും മനഃസംഘർഷങ്ങളും വിചാരവൈരുധ്യങ്ങളുമാവിഷ്‌ക്കരിക്കുന്ന ഒരു രചന മലയാളത്തിലുണ്ടായിട്ടില്ല. ഇത്രമേൽ യാഥാർഥ്യബോധത്തോടെ സ്ത്രീപുരുഷ ദാമ്പത്യത്തിലെ കാപട്യങ്ങളും വിവാഹേതര ബന്ധത്തിലെ ആസക്തികളും മറനീക്കുന്ന രചനയും. ബോധധാരാസങ്കേതത്തിന്റെ മാന്ത്രികകലയിൽ, വിവാഹവും പ്രണയവും തമ്മിലുള്ള അപാരമായ വൈരുധ്യങ്ങളുടെയും കിടപ്പറയിലെ ഉടൽവെറികളുടെയും ഒത്തുതീർപ്പുകളും നാട്യങ്ങളും മാത്രം ബാക്കിയാകുന്ന ദാമ്പത്യത്തിന്റെയും കിടിലം കൊള്ളിക്കുന്ന ഭാവാവിഷ്‌ക്കാരമാണ് ഈ നോവൽ. വീട് തടവുമാത്രമായി മാറുന്ന ആധുനിക സന്ദർഭങ്ങളൊന്നിന്റെ വംഗഭാവനാഭൂപടം. എ.എം. ദാമോദരൻ നായരുടെ വായനാക്ഷമവും ഭാവസുന്ദരവുമായ വിവർത്തനം.

1950കളാണ് കഥാകാലം. കൽക്കത്തയിലെ സവർണ മധ്യവർഗ കുടുംബങ്ങളുടെയും പരിഷ്‌കൃത നാഗരികവ്യക്തികളുടെയും 'ഭദ്രലോക'ത്തുനിന്ന് ബുദ്ധദേവ് കണ്ടെടുക്കുന്ന നയനാംശു-മാലതി ദമ്പതികളുടെ കലങ്ങിമറിഞ്ഞ ജീവിതമാണ് നോവലിന്റെ നട്ടെല്ല്. മാലതിയും ജയന്ത് എന്ന യുവാവുമായുണ്ടാകുന്ന പ്രണയമാണ് പ്രമേയത്തിലെ വഴിത്തിരിവ്. ദാമ്പത്യവും ദാമ്പത്യബാഹ്യമായ പ്രണയവും തമ്മിലുള്ള സംഘർഷമാണ് നോവലിന്റെ കലാസന്ദർഭം. മാലതിയുടെയും നയനാംശുവിന്റെയും ആത്മഭാഷണങ്ങളായവതരിപ്പിക്കപ്പെടുന്ന നാലധ്യായങ്ങളും ഏറെക്കുറെ വിവരണാത്മകമായ ഒരുപസംഹാരമാണ് നോവലിന്റെ രൂപഘടനയിലുള്ളത്. മാലതിയും നയനാംശുവും സ്വന്തം കഥ പറയും. വായനക്കാരോടും സ്വന്തം മനഃസാക്ഷിയോടും മാറിമാറി താനാണു ശരി എന്ന് സ്വയം ന്യായീകരിക്കും. അന്യർ നരകമായിത്തീർന്ന അവസ്ഥയിൽ തന്റെ ജീവിതവും കുടുംബവും ദാമ്പത്യവും എത്തിച്ചേർന്നതെങ്ങനെ എന്നു വിശദീകരിക്കും. ഫ്രോയ്ഡിയൻ മനോവിജ്ഞാനീയത്തെ അടിമുടി പിന്തുടർന്ന് മനുഷ്യാവസ്ഥകളുടെയും ബന്ധങ്ങളുടെയും രതിജന്യമായ നഗ്നയാഥാർഥ്യങ്ങളെ ഉടൽവടിവുകളിൽ പിന്തുടരുകയാണ് ബുദ്ധദേവ്.

ബുദ്ധിജീവിയും പരിഷ്‌ക്കാരിയും എഴുത്തുകാരനും കലാലയാധ്യാപകനുമൊക്കെയാണ് നയനാംശു. അയാളുടെ വാക്ചാതുരിയിലും വ്യക്തിത്വത്തിലും വായനയുടെയും അറിവിന്റെയും ആഴത്തിലും ഭ്രമിച്ചവരായിരുന്നു അയാളുടെ വിദ്യാർത്ഥികൾ മിക്കവരും. മാലതിയും അവരിലൊരാളായിരുന്നു. നയനാംശുവിന് മാലതിയെ ഇഷ്ടമായി. അവർ വിവാഹിതരുമായി. ആദ്യരാത്രിയിൽതന്നെ, നയനാംശു താൻ പ്രതീക്ഷിച്ച പുരുഷനോ ഭർത്താവോ അല്ല എന്നു മാലതിക്കു ബോധ്യമായി. സാഹിത്യം നിർണയിച്ച ആധുനിക ലോകബോധത്തിൽ വിശ്വസിച്ചും പ്രണയത്തെ ഒരു ആശയം മാത്രമായി കണ്ടും വിചാരലോകങ്ങളിൽ മുഴുകിയും ജീവിക്കുന്ന വ്യക്തിയായിരുന്നു നയനാംശു. മാലതിയാകട്ടെ, കത്തുന്ന പ്രണയത്തിന്റെയും പൊള്ളുന്ന ഉടലിന്റെയും വികാരരൂപവും. പിന്നീടങ്ങോട്ട് ആശയത്തിന്റെയും പ്രയോഗത്തിന്റെയും വൻകടലിനിരുവശവും ജീവിക്കാനാണ് നയനാംശുവും മാലതിയും വിധിക്കപ്പെട്ടത്.

പ്രേമത്തെയും ദാമ്പത്യത്തെയുമൊക്കെ വ്യക്തികളുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി കാണാനും വ്യാഖ്യാനിക്കാനുമായിരുന്നു നയനാംശുവിനിഷ്ടം. അയാൾ മാലതിയോടു പറയും: 'പ്രായപൂർത്തിയെത്തിയ ഓരോ ആളും ഒറ്റതിരിഞ്ഞ വ്യക്തിയാണ്. ആ വ്യക്തിത്വത്തെ വളർത്തുകയാണ് വേണ്ടത്. മറ്റുള്ളവരുടെ പ്രതിഛായയിൽ രൂപപ്പെടുകയല്ല.... ഒരു ഭാര്യ-ഭർത്തൃബന്ധത്തിൽ അഥവാ ഏത് സ്ത്രീ-പുരുഷ ബന്ധത്തിലും പ്രധാനം പ്രേമമാണ്. പ്രേമത്തിന്റെ കണ്ണിൽ വിവാഹം എന്ന ഭാഗം നിലനിൽക്കുന്നതുപോലുമില്ല. വിവാഹബന്ധത്തിന്റെ പേരിൽ നമുക്കുചുറ്റും നടക്കുന്നത് കുത്തഴിഞ്ഞ വ്യഭിചാരമാണ്; സ്‌നേഹമില്ലാത്തയിടത്ത് ഭർത്താവും ഭാര്യയും ഒന്നിച്ചുജീവിക്കണമെന്നത് കഠിനമാണ്, ഹീനമാണ്. അതും തന്റെ ഭർത്താവും ഭർത്താവിന്റെ ആളുകളുമൊഴിച്ച് മറ്റൊരു പുരുഷനുമായി ഇടപഴകാൻ സൗകര്യമില്ലാത്ത ഒരു സാഹചര്യത്തിൽ. ഇവിടെ പാതിവ്രത്യം എന്തൊരു കോപ്രാട്ടിയാണ്. ....പ്രേമമെന്നത് ശരിക്കും പരീക്ഷിക്കപ്പെടണം-ഏതെങ്കിലും തരത്തിലുള്ള മത്സരമില്ലാതെ ഇത് സാധ്യമല്ല; ഒരു പുരുഷൻ സ്ത്രീയുടെ കൂടെ അവൾ ഭാര്യയാണെന്ന ഒറ്റക്കാരണത്താൽ ജീവിതം മുഴുവൻ കഴിയുവാൻ നിർബന്ധിക്കപ്പെടരുത്. ബന്ധം തികച്ചും വ്യക്തിപരമല്ലെങ്കിൽ അഥവാ സ്‌നേഹാധിഷ്ഠിതമല്ലെങ്കിൽ ഗുണനപട്ടിക ഉരുക്കഴിക്കുംപോലെയായാൽ വേറെയൊരു ഗതിയുമില്ലാതെ കൂട്ടിലടക്കപ്പെട്ടുപോകുന്നത് പോലെയുള്ള അനുഭവം; അടിമത്തവും കാപട്യവുമല്ലാതെ മറ്റെന്താണ്? മിക്ക ആളുകൾക്കും-വിശേഷിച്ച് നമ്മുടെ ഈ സനാതനഭാരതത്തിൽ-വിവാഹം എന്നതിന് ഇതുതന്നെയല്ലേ അർത്ഥം'.

പക്ഷെ ഈ ആദർശമൊന്നും പ്രായോഗിക ജീവിതത്തിൽ നടപ്പായില്ല. മാലതി നയനാംശുവിനെയും അയാൾ അവളെയും വെറുത്തുതുടങ്ങി. മാലതി വിചാരിക്കുന്നു:

'ഞങ്ങൾ രണ്ടുപേരും ഉറങ്ങാതെ കിടക്കുകയാണ്. ഒരാൾക്ക് മറ്റേയാൾ ഉറങ്ങിയിട്ടില്ലെന്ന് അറിയുകയും ചെയ്യാം. ഒരേമുറിയിൽ, ഒരേ അന്ധകാരത്തിൽ, വളരെ ജാഗരൂകതയോടെ വല നെയ്തുകൊണ്ടിരിക്കുന്ന രണ്ടു എട്ടുകാലികളെപ്പോലെ. രണ്ടുവലിയ പോത്തൻ എട്ടുകാലികൾ. തലയിൽ ജ്വലിച്ചുകൊണ്ടിരിക്കുന്ന കണ്ണുകളോടുകൂടിയ-ഒന്ന് മറ്റേതിന്റെ വലയ്ക്കകത്താണ്-മുറി നിറയെ വലയും'.

അവിടേക്കാണ് ജയന്ത് കടന്നുവരുന്നത്. മാലതിക്ക് അയാൾ ഒരു തീജ്വാലയായിരുന്നു. തന്നെ തീപിടിപ്പിച്ചയാൾ.

'നീ നയനാംശുവല്ലല്ലോ. ജയന്തനാണ് - കരുത്തനും ഉശിരനുമായ നീ, നയനാംശുവിനെപ്പോലെ രക്തം വാർന്നുപോയി വിളർച്ച ബാധിച്ച ബുദ്ധിജീവിയല്ല; ആശയങ്ങളിൽ മാത്രം ജീവിക്കുന്നവനല്ല; വേണ്ടത് വേണ്ടപ്പോൾ ചെയ്യണമെന്ന് നിനക്കറിയാം; വിശക്കുമ്പോൾ ഭക്ഷണം കഴിക്കുന്നു; ത്വര വരുമ്പോൾ അത് ചെയ്യുന്നു. ഇതിലൊന്നും കൂടുതൽ ചിന്തിക്കുന്ന ഒരു സമ്പ്രദായം നിനക്കില്ല. ഇപ്പോൾ നീ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയാം. നിരവധി രാത്രികളിൽ നയനാംശുവിന്റെ അടുത്ത് ഞാൻ കിടന്നതും ആലോചിച്ച്, ഉറക്കം വരാതെ നീ നിന്റെ മെത്തയിൽ തിരിയുകയും മറിയുകയും ചെയ്യുകയായിരുന്നില്ലേ? പക്ഷേ ഇന്ന് നിനക്ക് നിന്റെ പ്രേമഭാജനത്തിനെ ലഭിച്ചു. ഡോക്ടറുടെ സിറിഞ്ചിലേയ്ക്ക് രക്തം ഒഴുകിവരുന്നതുപോലെ ഞാൻ നിന്റെ കയ്യിലേക്ക് ഊർന്നുവീഴുകയാണ് ചെയ്തത്'.

നയനാംശുവിനോടൊപ്പം കഴിഞ്ഞ വർഷങ്ങൾ വ്യർഥമായിരുന്നുവെന്ന് അവൾക്കു തോന്നി. എട്ടുവയസ്സുള്ള മകളുണ്ടെങ്കിലും താനിപ്പോഴും ഒരു കന്യകയാണെന്നവൾ കരുതി.

'ഏഴ് കുട്ടികളെ പ്രസവിച്ചാലും ഒരു അമ്മ കന്യകയാകുന്നതെങ്ങനെയെന്ന് ഇന്നെനിക്ക് മനസ്സിലായി. ശാരീരികമായ വികാരങ്ങളൊന്നും ഇല്ലാതെ പത്തും മുപ്പതും കൊല്ലം ഭാര്യമാരായി ജീവിച്ച സ്ത്രീകൾ ധാരാളം വീടുകളിൽ കാണാം. ജയന്തിനെ കണ്ടിരുന്നില്ലെങ്കിൽ എന്നിൽ അടങ്ങിക്കിടന്നിരുന്ന എന്റെ നിഗൂഢസത്തയെ ഞാൻ അറിയുമായിരുന്നോ? അംശു ഞങ്ങളുടെ വിവാഹജീവിതത്തിന്റെ ആദ്യഘട്ടങ്ങളിൽ പോലും ഇതിന് ശക്തനായിരുന്നില്ല. ഈ സത്തയെ ആകർഷിച്ചെടുക്കുവാനോ പൂർണ്ണമായി കീഴ്‌പ്പെടുത്താനോ ഈ മേഘങ്ങൾ പേമാരി ചൊരിഞ്ഞ് എല്ലാറ്റിനെയും മുക്കിത്താഴ്‌ത്താനോ എന്നെ തൃപ്തിപ്പെടുത്താനോ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല'.

നയനാംശുവോ? അയാൾ ഒന്നുമറിയുന്നില്ല എന്നു കരുതിയാണ് മാലതി ജീവിക്കുന്നത്. അറിഞ്ഞാലും അവൾക്കൊന്നുമില്ല. അയാളാകട്ടെ, തനിക്കെല്ലാമറിയാമായിരുന്നിട്ടും, തനിക്കറിയാമെന്ന് മാലതി അറിയരുതെന്നു കരുതിയും. അയാളുടെ ഉള്ളിലും മാലതിയുടെ ഉള്ളിലേതുപോലെ ഒരു വൻകടൽ തിരതല്ലുന്നുണ്ടായിരുന്നു. സ്വയം ന്യായീകരിക്കാനുള്ള ശ്രമങ്ങളുടെ ഉൾക്കടൽക്ഷോഭങ്ങളായിരുന്നു അത്. ശരീരവും മനസ്സും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് അയാൾക്കുള്ള ചിന്ത മാലതിയുടേതുപോലെയായിരുന്നില്ല. അയാളുടെ മനഃസാക്ഷി അയാളെ വിചാരണ ചെയ്തുകൊണ്ടു പറയുന്നു: 'നിനക്ക് ശരീരത്തെ ഭയമാണ് അല്ലേ? പ്രേമത്തെ പേടിയാണല്ലേ? നയനാംശു, ഇത് രണ്ടും ഒന്നുതന്നെയാണ്. പ്രേമത്തിൽ ഏറ്റവും പ്രധാനം ശരീരം തന്നെ. ആദ്യവും അവസാനവും. ശരീരമാണ് എല്ലാം. മദ്ധ്യവയസ്‌കരായ ഭാര്യാഭർത്താക്കന്മാർ ലഹളയും കൂട്ടവും കൂടുന്നതെന്തിനാണ്? അവരുടെ ശരീരങ്ങൾ തളർന്ന് ശക്തിനശിച്ചുപോകുന്നതുകൊണ്ടുതന്നെ. എന്തിനാണവർ പീഡിപ്പിക്കുന്നത്? അവരുടെ ശരീരംകൊണ്ട് ഇനിയൊന്നും പറ്റാത്തതുകൊണ്ടുതന്നെ. പ്രേമം ഇന്ദ്രിയബദ്ധമാണ്; ലൈംഗികമാണ്; ശരീരബന്ധമില്ലാത്ത പ്രേമം അർത്ഥശൂന്യമാണ്. വിദ്യുച്ഛക്തി പ്രവർത്തിക്കുന്നതുപോലെയാണിത്. പ്രേമമെന്ന വിദ്യുച്ഛക്തി ശരീരബന്ധം കൊണ്ട് മാത്രമേ പ്രവർത്തിക്കൂ. വൈദ്യുതിവിളക്ക് എപ്പോഴും വീട്ടിൽ എരിഞ്ഞുകൊണ്ടിരിക്കാറില്ല. പക്ഷെ സ്വിച്ചിടുമ്പോൾ അത് ജ്വലിക്കുന്നു. കാരണം ആ വൈദ്യുതകമ്പികളിൽ അത് അടങ്ങിക്കിടപ്പുണ്ട്. പ്രേമം എപ്പോഴും പ്രകടമാകുന്നില്ലെങ്കിലും അത് നിങ്ങളുടെ ഞരമ്പുകളിൽ സദാ ഒഴുകിക്കൊണ്ടിരിക്കുന്നു. നയനാംശൂ... നിനക്ക് നാല്പത് വയസ്സാകാൻ പോകുന്നു. നീ എപ്പോഴാണ് ഒരു പുരുഷനാകാൻ പോകുന്നത്'.

മാലതിയാകട്ടെ, തന്റെ ആത്മബോധത്തെ ഉണർത്തുകയും വ്യക്തിത്വത്തെ മാനിക്കുകയും പ്രണയത്തെ ജ്വലിപ്പിക്കുകയും ഉടലിനെ തീപിടിപ്പിക്കുകയും ചെയ്ത ജയന്തിനെ അതിതീവ്രമായി ആഗ്രഹിച്ചുതുടങ്ങി. അവൾക്കതിൽ കുറ്റബോധമോ പാപബോധമോ തോന്നിയില്ല. അവൾ സ്വയം ചോദിക്കുന്നുണ്ട്: 'ഞാൻ തെറ്റാണോ ചെയ്തത്? ഇതല്ലാതെ മറ്റെന്താണ് ഞാൻ ചെയ്യേണ്ടത്? ഞാനും രക്തവും മാംസവും കൊണ്ട് സൃഷ്ടിക്കപ്പെട്ടവളല്ലെ? എന്നെ ആവശ്യമുള്ള ഒരാൾക്ക് ഞാൻ എന്നെ എന്തിന് നിഷേധിക്കണം?'. കാരണം, ദാമ്പത്യം അവൾക്ക് വെറും അടിമത്തമായിരുന്നു. മാലതി ചിന്തിക്കുന്നു: 'സുഖസമ്പൂർണ്ണമായ ദാമ്പത്യം വേണമെന്നുണ്ടെങ്കിൽ, ഏതെങ്കിലും ഒരാൾ മറ്റൊരാൾക്ക് അടിമപ്പെട്ടേ തീരു എന്നാവാം. ഭൂരിപക്ഷം ദമ്പതികളിലും ഭാര്യയാവും അടിമയാവുക'. മാലതി അടിമയാകാൻ വിസമ്മിതിക്കുന്നു. അവൾ പറയുന്നു: 'എനിക്ക് പ്രേമമാണ് ആവശ്യം. അതിന്റെ എല്ലാ അർത്ഥത്തിലും. എന്നെ പുകഴ്‌ത്തണം. എന്നെ ആരാധിക്കണം. എന്നിൽ എല്ലാം അർപ്പിക്കണം. എന്നെക്കാൾ ഞാൻ വലുതാണ് എന്ന് അനുഭവിപ്പിക്കണം. ഞാനും ഒരു മനുഷ്യജീവിയല്ലേ? ഒരു സ്ത്രീയല്ലേ? രക്തവും മാംസവും ഉള്ള ഒരു ശരീരമല്ലെ എനിക്കുമുള്ളത്'.

നോവലിലെ ശ്രദ്ധേയമായ കലാസന്ദർഭങ്ങളിലൊന്ന് മാലതിയെ തൃപ്തിപ്പെടുത്തുന്നതിലുള്ള തന്റെ പരാജയവും ജയന്തിന്റെ വിജയവും നയനാംശു തിരിച്ചറിയുന്നതാണ്. അയാൾ കാണുന്ന സ്വപ്നവും ആണത്തത്തിന്റെ ആൾരൂപമായി മാറുന്ന ജയന്തിനെക്കുറിച്ചുള്ള ആലോചനകളും അങ്ങേയറ്റം ഉൾക്കാഴ്ചകളുള്ള നോവൽഭാവനയുടെ തെളിവാണ്. തന്റെ ആത്മവിചാരണക്കൊടുവിലും അയാൾ ആഗ്രഹിക്കുന്നത് താനും മാലതിയും തമ്മിലുള്ള ദാമ്പത്യം തുടരണമെന്നുതന്നെയാണ്. 'കാലം കഴിയുന്തോറും എന്റെയും നിന്റെയും ഇടയിൽ നിശ്ശബ്ദമായ മരവിച്ച മതിൽ പൊങ്ങിവരികയായിരുന്നു. തൊട്ട്‌തൊട്ട് ഇട്ടിരുന്ന നമ്മുടെ രണ്ട് കിടക്കകൾ ചെറിയ ഇടുങ്ങിയ രണ്ട് ജയിലറകളായി മാറി. രണ്ട് കുറ്റവാളികൾ ഈ അറകളിൽ ചങ്ങലകളാൽ പൂട്ടിക്കിടക്കുന്നു. നമ്മുടെ വിവാഹത്തിന്റെ അടിത്തറതന്നെ തകർന്നുകഴിഞ്ഞിരിക്കുന്നുവെന്ന് എനിക്ക് അപ്പോൾ മനസ്സിലായി. നേരത്തെതന്നെ മനസ്സിലായിരുന്നു എന്ന് പറയുന്നതാവും ശരി. രണ്ടുപേരെയും ഒരുമിച്ച് ഉൾക്കൊള്ളാൻ ഈ വീടിന് അധികനാൾ കഴിയില്ലെന്ന് എനിക്ക് തോന്നി'. എന്നിട്ടുമയാൾ വിചാരിക്കുന്നു, മാലതിയോടൊപ്പമുള്ള ജീവിതം മുന്നോട്ടുപോകുമെന്ന്.

ജയന്തുമായുള്ള രതിബന്ധം തന്നെ വീണ്ടും തളിർപ്പിച്ചു എന്നു തിരിച്ചറിഞ്ഞ മാലതിക്കും ഒടുവിൽ തോന്നുന്നത് കുടുംബം തകർത്തുകൊണ്ടുള്ള ഒരു സാഹസത്തിനു സാധ്യത തീരെയില്ല എന്നുതന്നെയാണ്. നിലനിൽക്കുന്ന സാമൂഹ്യമൂല്യങ്ങൾക്കും സദാചാരസ്ഥാപനങ്ങൾക്കും ധാർമിക വ്യവസ്ഥകൾക്കും കീഴ്‌പെട്ട്, സ്വന്തം ശരീരത്തിന്റെയും ആത്മാവിന്റെയും സ്വാതന്ത്ര്യമോഹങ്ങളെയും ദാഹങ്ങളെയും ചങ്ങലക്കിട്ട്, വീടും തടവും ഒന്നുതന്നെയാണെന്നംഗീകരിച്ച്, മാലതിയും നയനാംശുവും തങ്ങളുടെ ദാമ്പത്യം മുന്നോട്ടുകൊണ്ടുപോകാൻ തീരുമാനിക്കുന്നു; അതുപക്ഷെ ജീവിതമല്ല, നിലനിൽപ്പുമാത്രമാണ് എന്നവർക്കറിയാം. എങ്ങനെയെന്നോ? 'പൊട്ടിപ്പോയ കമ്പി ഒരിക്കലും ഒന്നാകില്ല. നഷ്ടപ്പെട്ടുപോയ ആ മധുരസംഗീതം പിന്നീട് എന്തുവന്നാലും തിരിച്ചുകിട്ടാൻ സാധ്യമല്ല. നിങ്ങൾ നിലനിൽക്കുന്നുവെന്ന് മാത്രം. സ്‌നേഹിക്കാതെ, സ്‌നേഹിക്കപ്പെടാതെ വാർദ്ധക്യത്തിലേക്ക് ആരോഗ്യപൂർണ്ണമായ ശരീരത്തിൽക്കൂടി വളർന്നിങ്ങനെ പോകുമെന്ന് മാത്രം. പക്ഷെ എന്താണ് വ്യത്യാസം? പറയൂ, പ്രേമമല്ല പ്രധാനം. ഭാര്യാഭർത്തൃബന്ധം. അതാണ് പ്രധാനം. ജീവിതമാണ് പ്രധാനം. നാം എങ്ങിനെയെങ്കിലും ജീവിച്ചേ തീരൂ. മനുഷ്യന് ഒരു കൈ നഷ്ടപ്പെട്ടുപോയാലും ജീവിക്കാൻ കഴിയും. ഒരു ശ്വാസകോശം തന്നെ എടുത്തുമാറ്റിയാലും മനുഷ്യൻ പിന്നെയും ജീവിക്കുന്നു. അതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് എത്ര നിസ്സാരം'.

അസാമാന്യമായ തിരിച്ചറിവുകളും തുറന്നടിക്കലുകളും കൊണ്ടു ധീരമാണ് 'മഴയിൽ കുതിർന്ന രാത്രി'. 'അന്നാകരേനിന'യിലെ കൊടുങ്കാറ്റുകൾപോലെയാണ് ഈ നോവലിലെ 'മഴ'. ലോകാനുഭവങ്ങളുടെ കുത്തൊഴുക്കിൽപെട്ടു പോകുന്ന ഒരിലപോലെയാണ് സ്ത്രീയുടെ ജീവിതമെന്ന് രണ്ടുനോവലും പറയുന്നു. കാറ്റിൽ കെട്ടുപോകുന്ന വിളക്കും മഴയിൽ കുതിർന്നലിഞ്ഞുപോകുന്ന മൺതിട്ടയുമാണവൾ. ലോകനീതിക്കു മുന്നിൽപെട്ടുപോകുന്ന മനുഷ്യാവസ്ഥയുടെ നിലവിളിയാണ് അവരുടെ ജീവിതം. ബുദ്ധദേവ് തന്റെ നോവൽ അവസാനിപ്പിക്കുന്നതിങ്ങനെയാണ്: 'ജീവിതം ഒരു ഭയങ്കരമായ സ്റ്റീം റോളറാണ്. മാപ്പ് കൊടുക്കാത്തതും അതേസമയം നിർദ്ദയവും. ഒരുകാലത്ത്-അവർ-മാലതിയും ജയന്തും ഈ സ്വപ്നത്തിൽനിന്ന് ഉണരും. നയനാംശുവും. ഈ ദുരിതം അവസാനിക്കും. ആസക്തി അവസാനിക്കും. ഈ ശരീരം ക്ഷയിക്കുകയും ജീർണ്ണിക്കുകയും ചെയ്യും. കത്തിയെരിയുന്ന ഈ അമർഷത്തിന്റെ ചൂളയിൽ ഒരുപിടി ചാരം മാത്രം ബാക്കിയാവും. അത് മാത്രമാകും..'

രണ്ടു ഭാവബന്ധങ്ങൾ കൊണ്ടാണ് 'മഴയിൽകുതിർന്ന രാത്രി' മലയാളത്തിൽ നമുക്കു മാതൃകകളേയില്ലാത്തവിധം മൗലികവും ഭിന്നവുമായ നോവലാണെന്നു സൂചിപ്പിച്ചത്. ആഖ്യാനത്തിന്റെ കലയിൽ കൈവരിക്കുന്ന അതിസൂക്ഷ്മമായ മനോവിശകലനപാടവമാണ് ഒന്നാമത്തേത്. അമ്പരപ്പിക്കുന്ന ഉൾക്കാഴ്ചകളാണ് ബുദ്ധദേവ് തന്റെ രണ്ടുകഥാപാത്രങ്ങളുടെയും ജീവിതത്തിൽ സന്നിവേശിപ്പിക്കുന്നത്. സ്വയം ന്യായീകരിക്കുന്നതിൽ അവർ പുലർത്തുന്ന താൽപര്യം ('മരണം ദുർബ്ബല'മാണ് ഈയൊരു ഭാവതലത്തെ തീക്ഷ്ണമായാവിഷ്‌ക്കരിക്കുന്ന ഏക മലയാളനോവൽ എന്നു തോന്നുന്നു), അന്യോന്യം കുറ്റപ്പെടുത്തുന്നതിൽ അവർ കാണിക്കുന്ന ജാഗ്രത, ആത്മനിഷ്ഠമായ ലൈംഗികാഭിനിവേശങ്ങൾ, മനുഷ്യപ്രകൃതിയുടെ സു/കുമാർഗങ്ങൾ, പ്രണയത്തിന്റെ ലാഭനഷ്ടക്കണക്കെടുപ്പുകൾ, കിടപ്പറസമരങ്ങൾ, ഒളിച്ചുകളികൾ, ഫണം നീർത്തിയ വെറികൾ... ബുദ്ധദേവ് തന്റെ രണ്ടു കഥാപാത്രങ്ങളിലേക്കും നടത്തുന്ന ഭാവനയുടെ പരകായ പ്രവേശങ്ങൾ വിസ്മയകരമാംവിധം ഭാവതീവ്രവും യഥാതഥവും മാനുഷികവുമാണ്.

ലൈംഗികതക്ക് പ്രണയത്തിലും ദാമ്പത്യത്തിലും സംഭവിക്കുന്ന മരവിപ്പുകളുടെയും തളിർപ്പുകളുടെയും തുറന്നുപറച്ചിലാണ് രണ്ടാമത്തേത്. ശരീരത്തിനും മനസ്സിനും മേൽ ഉടമസ്ഥത പ്രഖ്യാപിക്കുന്ന മനുഷ്യരെന്ന നിലയിൽ നയനാംശുവും മാലതിയും വിജയിക്കുകയും പരാജയപ്പെടുകയും ചെയ്യുന്ന ഇടങ്ങളാണ് അവരുടെ ജീവിതത്തിൽനിന്ന് ബുദ്ധദേവ് കണ്ടെടുക്കുന്നത്. ദാമ്പത്യത്തിൽ പ്രണയത്തിന്റെയും ശരീരത്തിന്റെയും രതിയുടെയും ഉത്സവം കൊതിക്കുന്നു, മാലതി. പ്രണയം ഒരാശയമായും ശരീരം ഒരു ബാധ്യതയായും രതി ഒരു ചടങ്ങായും മാത്രം കാണുന്നു, നയനാംശു. ദാമ്പത്യത്തിലും കുടുംബത്തിലും ഭർത്താവായ പുരുഷനിൽനിന്ന് ഒരു സ്ത്രീ ആഗ്രഹിക്കുന്നതെന്ത് എന്ന ചോദ്യത്തിന്റെ ഉത്തരമാണ് 'മഴയിൽ കുതിർന്ന രാത്രി'. താൻ മജ്ജയും മാംസവും വികാരങ്ങളും വിചാരങ്ങളുമുള്ള ഒരു സ്ത്രീയാണ് എന്നംഗീകരിക്കാത്ത ഭർത്താവിനെ പുരുഷനായും പുരുഷനെ ഭർത്താവായും കാണാൻ മാലതിക്കു കഴിയുന്നില്ല. നയനാംശു വീണിടത്തുനിന്നാണ് ജയന്ത് എഴുന്നേൽക്കുന്നത്. നയനാംശുവിൽ മാലതിക്കുണ്ടാകുന്ന നഷ്ടങ്ങൾ ജയന്ത് നികത്തുന്നു. സ്വന്തം വിചാരലോകങ്ങളിൽ മാത്രം ജീവിക്കുന്ന ഭർത്താവ് എന്ന നിലയിൽ നയനാംശു ഒരു വൻ പരാജയമാണ് എന്നു മാലതി തിരിച്ചറിയുന്നത് ജയന്ത് അവളെ ശരീരത്തിന്റെ അഗ്നികെടാത്ത സ്ത്രീയായി പരിഗണിക്കുമ്പോഴാണ്. ഒപ്പം, ശരീരം മാത്രമല്ല അവൾ എന്ന് അയാൾ തെളിയിക്കുകയും ചെയ്യുന്നു. ആദർശാത്മക ഇന്ത്യൻ-ബംഗാളി കുടുംബസങ്കല്പത്തിന്റെയും ദാമ്പത്യബന്ധത്തിന്റെയും പ്രചാരകനോ വക്താവോ അല്ല ബുദ്ധദേവ്. കടുത്ത വിമർശകനാണുതാനും. മനുഷ്യജീവിതം താനെഴുതുന്ന കഥയ്ക്കനുസൃതമായി ശുഭകരമാക്കുന്ന സദാചാരവാദിയും ശുദ്ധസാഹിത്യവാദിയുമല്ല അദ്ദേഹം. മറിച്ച്, അങ്ങേയറ്റം യഥാതഥവും ലോകസാധാരണവും മനോനിഷ്ഠവുമായ മാനുഷികാവസ്ഥകളെയും അനുഭവങ്ങളെയും അവയുടെ പാട്ടിനുവിട്ട്, വൈചാരികവും വൈകാരികവുമായി ഒറ്റപ്പെട്ടുപോകുന്ന സ്ത്രീപുരുഷന്മാരുടെ തടവറ മാത്രമായിത്തീരുന്ന കുടുംബത്തെയും ദാമ്പത്യത്തെയും വെള്ളപൂശുന്ന സാമൂഹ്യയുക്തികളെ തുറന്നുകാട്ടി, തന്റെ കഥാപാത്രങ്ങൾക്കും അത്തരമൊരു അയുക്തിയിൽ തന്നെ അഭയം തേടേണ്ടിവരുന്ന ദുരന്തസാഹചര്യം വിവരിക്കുകയാണദ്ദേഹം.

നോവലിൽനിന്ന്:-

'ഞാൻ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു. നയനാംശു ശരിക്കും ഒരു വിഷമാണ്. പിറ്റേദിവസം ഞാൻ കിടപ്പുമുറിയിൽത്തന്നെ തങ്ങി. വൈകുന്നേരം 7 മുതൽ ഞാൻ മുറിയിൽനിന്ന് പുറത്തേക്ക് വന്നതേയില്ല. സ്വീകരണമുറിയിൽ ആളുകൾ പെരുമാറുന്നത് എനിക്ക് കേൾക്കാമായിരുന്നു. ഒരു നിമിഷത്തിനുശേഷം ജയന്തിന്റെ ശബ്ദം കേട്ടു.

'എന്താ, ശ്രീമതിയെ ഇവിടെവിടെയും കാണാനില്ലല്ലോ'.

ഇതിനെന്താണ് മറുപടി പറഞ്ഞതെന്ന് കേൾക്കാനൊത്തില്ല.

വളരെ പെട്ടെന്ന് എന്റെ കിടപ്പുമുറിയുടെ കർട്ടൻ നീക്കി ജയന്ത് എന്റെ മുറിയിലേക്ക് കടന്നുവരുന്നതാണ് കണ്ടത്.

'എന്താണിങ്ങനെ കിടക്കുന്നത്?' ചോദ്യത്തോടെയാണ് അദ്ദേഹം കടന്നുവന്നത്.

'എനിക്ക് തലവേദന'യാണെന്ന് ഞാൻ കളവും പറഞ്ഞു.

'തലവേദനയോ? പനിയുമുണ്ടോ' എന്ന് ചോദിച്ചതും എന്റെ നെറ്റിയിൽ കൈ വച്ചതും ഒന്നിച്ചായിരുന്നു. എത്ര വലിയ കൈപ്പടം. വലിയ മൃഗത്തിന്റേതുപോലെ.

പെട്ടെന്ന് ഞാൻ എണീറ്റ് പറഞ്ഞു:

'നമുക്ക് മറ്റേ മുറിയിലേക്ക് പോകാം'.

'എന്തിന്? ഈ മുറിക്കെന്താണ് കുറവ്?' എന്ന് പറഞ്ഞ് കസേല എന്റെ കിടക്കയുടെ അടുത്തേക്ക് വലിച്ചുവച്ച് കയറിയിരുന്ന് സംസാരവും തുടങ്ങി.

ഇതുകൊണ്ട്തന്നെയാണ് നിന്നെ ഞാനിഷ്ടപ്പെടുന്നത് ജയന്ത്. നീയത്ര മൃദുഭാഷിയല്ല, ഭീരുവല്ല, നല്ല ചങ്കൂറ്റം. ആർക്കും തടയണമെന്ന് തോന്നാത്ത വിധം അത്രയും തുറന്ന മനസ്സ്. നീയെന്റെ വെളിച്ചമാണ്. സൂര്യപ്രകാശമാണ്. അംശുവിന്റെ അടുത്ത് നിന്ന് എനിക്കെന്താണ് കിട്ടാത്തതെന്ന് നീയെങ്ങനെ കൃത്യമായി മനസ്സിലാക്കി? ആ എന്തോ ഒന്നിന്റെ അലഭ്യത എന്നെ വാട്ടി ഉണക്കുകയായിരുന്നു. അംശുവിന് ആവശ്യം ശുദ്ധഗതിക്കാരിയും ചെറുപ്പക്കാരിയും ആയ ഒരു സാധാരണ ഭാര്യ മാത്രം. തന്റെ സ്വന്തം തൃപ്തിയും സുഖവും മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. എന്റെ വികാരം അദ്ദേഹം ഒരിക്കലും കണക്കിലെടുത്തിരുന്നില്ല. എന്റെ കുടുംബത്തിനോടോ കുടുംബപശ്ചാത്തലത്തിനോടോ ഒരു താല്പര്യവും കാണിച്ചിരുന്നില്ല. പക്ഷെ, ജയന്ത്, നിനക്കെല്ലാം അറിയാം. എന്റെ ബാല്യകാലത്തെപ്പറ്റി, മാതാപിതാക്കളെപ്പറ്റി, സഹോദരീസഹോദരന്മാരെപ്പറ്റി അങ്ങേയറ്റം ഞങ്ങളുടെ കുടുംബത്തിലെ പഴയ വേലക്കാരി ഗംഗയുടെ കഥ വരെ കേൾക്കാൻ എന്തുമാത്രം താല്പര്യമാണ് നീ കാണിച്ചിരുന്നത്? അംശു ഒരു സ്‌കൂൾ വാദ്ധ്യാരുടെ രീതിയിലാണ്, വാത്സല്യപൂർവ്വമാണെങ്കിലും എന്നോട് പെരുമാറിയിരുന്നത്. ഞാൻ ഞാനല്ലാതാകണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. എനിക്ക് ഒരു വ്യക്തിത്വവും പാടില്ല. മറിച്ച് നിന്നോടാണെങ്കിൽ, ഞാൻ ഞാനായിത്തന്നെയാണ് പെരുമാറിയിരുന്നത്. ആ രീതിയിൽ ഞാൻ എന്ത് ചെയ്യുന്നതും പറയുന്നതും നിനക്കിഷ്ടമായിരുന്നു. ഞാനെന്തെല്ലാമാണ് ജയന്തിനോട് പറഞ്ഞത്. വീട്ടുകാര്യം, നാട്ടുകാര്യം, പെണ്ണുങ്ങൾ തമ്മിലുള്ള നുണപറച്ചിൽ ഇതൊന്നും ഞാൻ അംശുവിനോട് പറയാറില്ല. കാരണം ഇതൊന്നും കേൾക്കാൻ അദ്ദേഹത്തിന് യാതൊരു താല്പര്യവുമില്ലായിരുന്നു. ഒരു ദിവസം നീ എന്നോട് എനിക്ക് വല്ല ഓമനപ്പേരുമുണ്ടോ എന്ന് ചോദിക്കുകയുണ്ടായില്ലേ? 'ഉണ്ട്' എന്ന് ഞാൻ പറഞ്ഞു. 'ലോട്ടൻ' എന്നാണെന്നെ വിളിക്കുന്നത് എന്ന് ഞാൻ നിന്നോട് പറഞ്ഞു. ആ പേരിനോട് എത്രമാത്രം അരുമത്തമാണ് ഭാവിച്ചത്! ആ പേര് ആവർത്തിച്ചാവർത്തിച്ച് വിളിക്കാൻ നീ എത്രമാത്രം താല്പര്യം കാണിച്ചു. അംശു ഒരിക്കലും എന്നെ ആ പേര് ചൊല്ലി വിളിച്ചിരുന്നില്ല. ആ പേര് എനിക്ക് ചേരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നീയാണെങ്കിൽ ആ പേര് വിളിക്കാനാണ് ഇഷ്ടപ്പെട്ടത്. വിവാഹത്തിന് മുമ്പുള്ള എന്റെ ഇരുപതുകൊല്ലത്തെ ജീവിതവും നയനാംശു അവഗണിച്ചിരിക്കുകയാണ്. പക്ഷെ താങ്കളോ എന്റെ മുഴുവൻ ജീവിതത്തിന്റെയും പങ്കാളിയാവാൻ ശ്രദ്ധിച്ചിരുന്നു. എന്റെ വർത്തമാനകാലത്തിന്റെയും ഭൂതകാലത്തിന്റെയും കഥകളെത്ര കേട്ടാലും അങ്ങേയ്ക്ക് മതിവരാറില്ല. അങ്ങയുടെ ജീവിതം തന്നെ ചുറ്റിപ്പറ്റി നിൽക്കുകയാണെന്ന് എനിക്ക് അനുമാനിക്കാൻ കഴിഞ്ഞു. ഒരു ഭയവും ലജ്ജയുമില്ലാതെ, ഈ സ്ഥിതിവിശേഷം അംഗീകരിക്കാൻ നിങ്ങൾ തയ്യാറായിരുന്നു. എന്തൊരു ധൈര്യത്തോടെയും ആത്മാർത്ഥതയോടെയുമാണ് ആരും ഇല്ലാത്ത നേരത്ത് എന്റെ കൈകൾ പിടിച്ച്, എന്റെ കാതിൽ 'ലോട്ടൻ ലോട്ടൻ' എന്ന് പതുക്കെ മന്ത്രിച്ചത്! എന്നെ 'നീ' എന്നുവിളിച്ചത്! എന്നെ ആദ്യം കെട്ടിപ്പിടിച്ചപ്പോഴും ഉമ്മ വച്ചപ്പോഴും എനിക്ക് ഒരത്ഭുതവുമില്ലാതിരിക്കാൻ ഇതായിരുന്നു കാരണം. ഇത് ശരിയോ തെറ്റോ എന്ന് ചിന്തിക്കുവാൻ പോലും ഞാൻ മിനക്കെട്ടില്ല. പക്ഷെ പതിനാറ് വയസ്സുമാത്രം പ്രായമായ കന്യകയെപ്പോലെ ഞാനടിമുടി വിയർക്കുകയായിരുന്നു'.

മഴയിൽ കുതിർന്ന രാത്രി
ബുദ്ധദേവ് ബോസ്
വിവ: എ.എം. ദാമോദരൻനായർ
കൈരളിബുക്‌സ്
വില: 85 രൂപ