തിരുവനന്തപുരം : തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. 24 മണിക്കൂറിനകം ചക്രവാതച്ചുഴി ന്യൂനമർദമായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. ഇതിന്റെ സ്വാധീനഫലമായി ഈ മാസം 30 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് പരക്കെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും ഉച്ചയ്ക്ക് ഒരുമണിക്ക് പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെ ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെ 11 ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ആഴ്ച അവസാനത്തോടെ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദ്ദത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഒക്ടോബർ മുതൽ ഡിസംബർ വരെ നീണ്ടു നിൽക്കുന്ന തുലാവർഷക്കാലം, ചുഴലിക്കാറ്റ് സീസൺ കൂടിയായതിനാൽ ഇത്തവണ കൂടുതൽ ന്യൂനമർദങ്ങൾക്കും ചുഴലിക്കാറ്റുകൾക്കും സാധ്യതയുണ്ടെന്നാണ് നിഗമനം. ഇത്തവണ സംസ്ഥാനത്ത് തുലാവർഷം സാധാരണയിൽ കൂടുതൽ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.