- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശക്തമായ ഈർപ്പക്കാറ്റ് തുടരുന്നു; വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ന്യൂഡൽഹി: വരും ദിവസങ്ങളിൽ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ ഈർപ്പക്കാറ്റ് തുടരുന്നതിനാൽ അടുത്ത രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, ചണ്ഡിഗഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് ഐഎംഡി മുന്നറിയിപ്പ് നൽകുന്നത്. ഒഡിഷ, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും ഈ ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഗുജറാത്തിലും കൊങ്കണിലെയും ഗോവയിലെയും മലനിരകളോടു ചേർന്നുള്ള പ്രദേശങ്ങളിലും നല്ല തോതിൽ മഴയുണ്ടാകുമെന്നാണു പ്രവചനം.
രാജസ്ഥാനിൽ വെള്ളിയാഴ്ചയുണ്ടായ പെരുമഴയിൽ മൂന്നു പേർ മരിച്ചു. തലസ്ഥാനമായ ജയ്പുരിൽ മൂന്നു മണിക്കൂർ തുടർച്ചയായുള്ള മഴയെത്തുടർന്നു പല ഭാഗങ്ങളിലും വെള്ളം കയറി, നിരവധി വാഹനങ്ങൾ റോഡിൽ കുടുങ്ങി. ഗുജറാത്തിൽ മഴക്കെടുതിയെ തുടർന്ന് ഇരുന്നൂറിലധികം റോഡുകളും 12 സംസ്ഥാനപാതകളും അടച്ചു. മുഖ്യമന്ത്രി വിജയ് രൂപാനിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചു. കൂടുതൽ എൻഡിആർഎഫ് സംഘങ്ങളുടെ സഹായം വേണമെങ്കിൽ നൽകാമെന്നു ഷാ അറിയിച്ചു. അസമിൽ നാലു ജില്ലകളിലായി 29,000ലേറെ പേർ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുകയാണ്. രണ്ടു പേർ കൂടി മരിച്ചു. ഇതോടെ അസമിൽ ഈ വർഷം വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലമുണ്ടായ മരണങ്ങളുടെ എണ്ണം 138 ആയി. സീസണിലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചതിനു പിന്നാലെ ഡൽഹിയിൽ ഈർപ്പനില 95 ശതമാനമായി ഉയർന്നിരിക്കുകയാണ്.
മറുനാടന് ഡെസ്ക്