തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്താണ് ഇടിമിന്നലിന് സാധ്യതയെന്ന് മുന്നറിയിപ്പിൽ പറയുന്നു. മലയോര മേഖലയിൽ ഉള്ളവർ കൂടുതൽ ജാഗ്രത പുലർത്തണം.

തിങ്കളാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച- മലപ്പുറം, ഞായറാഴ്ച -കൊല്ലം, തിങ്കളാഴ്ച -എറണാകുളം ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള- ലക്ഷദ്വീപ് തീരങ്ങളിൽ വ്യാഴാഴ്ച മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ ഇടിമിന്നൽ അപകടകാരികളാണ്. ആയതിനാൽ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസ്സിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി.