തിരുവനന്തപുരം: കേരളത്തിലെ അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് അതിശക്തമായ മഴക്ക് സാധ്യത. ഈ ജില്ലകളിൽ കാലവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ടെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അഥോറിറ്റി നിർദ്ദേശിച്ചു.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ സെപ്റ്റംബർ 11-നും എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ സെപ്റ്റംബർ 12-നും ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ സെപ്റ്റംബർ 13-നും ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ സെപ്റ്റംബർ 14-നും എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ സെപ്റ്റംബർ 15നും കാലാവസ്ഥാവകുപ്പ് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

2018, 2019 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ വിദഗ്ധസമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്നുകണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവർ അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കണം. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ഓറഞ്ച് ബുക്ക് 2020 ലൂടെ നിർദ്ദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിവേണം ദുരിതാശ്വാസക്യാമ്പുകൾ ആരംഭിക്കേണ്ടത്.

ക്വാറന്റൈനിൽ കഴിയുന്നവർ, രോഗലക്ഷണമുള്ളവർ, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതൽ അപകട സാധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാലുതരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ വേണ്ടിയാണ് ദുരന്ത നിവാരണ അഥോറിറ്റി നിർദ്ദേശം നൽകിയിട്ടുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണമെന്നും നിർദ്ദേശത്തിൽ പറയുന്നു. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കാനും ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 2.5 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും, കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചു. തീരവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.