തിരുവനന്തപുരം: കേരളത്തിൽ നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരും. കണ്ണൂർ ജില്ലയിൽ ഇന്ന് ഓറ‌ഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ബംഗാൾ ഉൾക്കടലിൽ നാളെ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണമായത്. 50 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനിടയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്.

കണ്ണൂരിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. കാസർകോട് ജില്ലയിൽ നാളെയും ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെയും ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകലിൽ തിങ്കളാഴ്ചയും യെല്ലോ അലർട്ടുണ്ട്.

ചൊവ്വാഴ്ച ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്,കണ്ണൂർ, കാസർകോട് ജില്ലകളിൽ ബുധനാഴ്ചയും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ മഴ തുടരുന്നതിനാൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ട്. പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അഥോറിറ്റി നിർദ്ദേശിച്ചു.