ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആന്ധ്രാ തീരത്താണ് പുതിയ ന്യനമർദ്ദം രൂപം കൊണ്ടത്. നാളെ ന്യൂനമർദ്ദം ആന്ധ്രാതീരം തൊടും. ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒഡീഷ, ആന്ധ്രയുടെ തീരം എന്നിവിടങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തുടർന്ന് തെലങ്കാനയിലൂടെ ഗുജറാത്തിലേക്ക് കടക്കുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി ഈ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കും.

അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിന് സമീപം ചുഴലിക്കാറ്റിന് സമാനമായ സാഹചര്യം ഉരുത്തിരിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരളം വരെയുള്ള പ്രദേശത്ത് തിരമാല ഉയരാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീന ഫലമായി വരും ദിവസങ്ങളിൽ രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ ശക്തമായ മഴ ലഭിക്കാം. ഒറ്റപ്പെട്ട കനത്തമഴയ്ക്കുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല. കേരളം, കർണാടക, കൊങ്കൺ തീരം എന്നിവിടങ്ങളിൽ കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.