തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി അതിതീവ്ര മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രളയമുന്നൊരുക്കങ്ങൾ ദ്രുതഗതിയിലായി. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴയുടെ ശക്തി വടക്കൻ കേരളത്തിലേക്കും വ്യാപിക്കുമെന്ന് ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

24 മണിക്കൂറിൽ 204.5 മല്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്ന സാഹചര്യമാണ് നിലവിൽ. 2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽമണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് ദുരനിവാരണ അഥോറിറ്റി അറിയിച്ചിട്ടുണ്ട്.

കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്ത് ഏഴ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കുണ്ടള, മൂഴിയാർ, പെരിങ്ങൽകുത്തി എന്നീ ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മീങ്കര, മംഗലം ഡാമുകളിൽ ഓറഞ്ച് അലർട്ടാണ്.

മീങ്കര ഡാമിന്റെ സ്പിൽവെ ഷട്ടറുകൾ തുറക്കാനാണ് സാധ്യത. മീങ്കര ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ മീങ്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കാൻ സാധ്യത ഉണ്ടെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഗായത്രിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ഡാമിലെ ഇന്നത്തെ ജലനിരപ്പ് 155.66 മീറ്ററാണ്. പരമാവധി സംഭരണശേഷി 156.36 മീറ്ററാണ്.

പാലക്കാട് ജില്ലയിൽ രണ്ട് ഡാമുകൾ ഇന്ന് തുറക്കും. പോത്തുണ്ടി , കാഞ്ഞിരപ്പുഴ ഡാമുകളുടെ സ്പിൽവേ ഷട്ടറുകൾ ആണ് ഉച്ചക്ക് ശേഷം തുറക്കുക. പോത്തുണ്ടിപ്പുഴ, , കുന്തിപ്പുഴയുടെ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 35 സെന്റീമീറ്റർ വിതം ഉയർത്തും. ഡാമിലേക്ക് നീരോഴുക്ക് കൂടിയ സാഹചര്യത്തിൽ ജലനിറപ്പ് ക്രമീകരിക്കാൻ ആണ് നടപടി.

പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട ഡാമുകളായ കക്കി ആനത്തോട് റിസർവോയറിൽ ആകെയുള്ള സംഭരണശേഷിയുടെ 65.11 %വും പമ്പ ഡാമിന്റെ 35.81 % വുമാണ് നിലവിൽ നിറഞ്ഞിട്ടുള്ളത്. ഈ ഡാമുകളുടെ വൃഷ്ടി പ്രദേശത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഓരോ മണിക്കൂറും ഡാമിലെ ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ട്. ചെറിയ ഡാമുകളിൽ പ്രധാനപ്പെട്ട മണിയാർ ബാരേജിൽ നിന്നും മൂഴിയാർ ഡാമിൽ നിന്നും സുരക്ഷാ ക്രമീകരണങ്ങൾ മുൻനിർത്തിക്കൊണ്ട് നിയന്ത്രിതമായ തോതിൽ കുറഞ്ഞ അളവിൽ ജലം പുറത്തേക്ക് വിട്ടുകൊണ്ടിരിക്കുകയാണ്. പമ്പയാറും മണിമലയാറും അപകട നിരപ്പിനെക്കാളും ഉയരത്തിലാണ്. അച്ചൻകോവിലിലും സ്ഥിതി ഇതുതന്നെയാണ്.

ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഭാഗമായി ഡാമിലെ ആറ് സ്പിൽവേ ഷട്ടറുകൾ 120 സെന്റീമീറ്റർ വീതം ഉയർത്തി 300.03 ഘന അടി ജലം പുറത്തേക്ക് ഒഴുക്കുവിടുന്നുണ്ട്. തൊടുപുഴ, മൂവാറ്റുപുഴ നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ടാകുമെന്നും ജാഗ്രതവേണമെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാത്രമല്ല പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കുണ്ടള ജലസംഭരണിയുടെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയും നീരൊഴുക്കും കാരണം ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി കുണ്ടള ജലസംഭരണിയിലെ അധിക ജലം ഘട്ടം ഘട്ടമായി പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്.

കുണ്ടള അണക്കെട്ടിലെ അഞ്ച് ഷട്ടറുകൾ 50 സെന്റീ മീറ്റർ വീതം ആവശ്യാനുസരണം തുറന്ന് 60 ക്യൂമെക്‌സ് വരെ കുണ്ടളയാറു വഴി മാട്ടുപ്പെട്ടി സംഭരണിയിലേക്ക് ഒഴുക്കിവിടും. കുണ്ടള ജലസംഭരണിയിൽ നിന്ന് ജലം പുറത്തേക്ക് പോകുന്ന ബഹിർഗമന പാതയുടെ സമീപത്തുള്ളവരും ജാഗ്രത പുലർത്തണം.ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ടായതോടെ തൃശ്ശൂർ പെരിങ്ങൽകുത്ത് ഡാമിന്റെ നാലാം നമ്പർ വാൽവ് കൂടി രാവിലെ 4.30 ന് തുറന്നിരുന്നു. ഇതിനേത്തുടർന്ന് ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നു.

പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 35 സെന്റീമീറ്റർ വിതം ഉയർത്തുമെന്ന് പാലക്കാട് ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്. മഴ ശക്തമായതോടെ ഓഗസ്റ്റ് ഒന്നിന് 20 സെന്റിമീറ്റർ ഉയർത്തിയിരുന്നു. 15 സെന്റീമീറ്റർ കൂടി ഇന്ന് ഉയർത്തുമെന്നാണ് മുന്നറിയിപ്പ്. ഡാമിലെ ഇന്നത്തെ ജലനിരപ്പ് 93.85 മീറ്ററാണ്. പരമാവധി സംഭരണശേഷി 97.50 മീറ്ററാണ്.

ഇനിയും മഴ ശക്തമായാൽ മണിമലയാർ, വാമനപുരം, കല്ലട, കരമന,അച്ചൻകോവിൽ, പമ്പ അടക്കമുള്ള നദികളിൽ പ്രളയ സാദ്ധ്യത ഉണ്ടെന്ന് ജല കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് നദികളിൽ ജലനിരപ്പ് ഉയർന്നു തുടങ്ങിയതോടെ ചെറുകിട അണക്കെട്ടുകൾ ജലം തുറന്നുവിട്ടുതുടങ്ങി. തിരുവനന്തപുരം പേപ്പാറ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 250 സെന്റിമീറ്റർ ഉയർത്തിയിരുന്നു. ഇത് രാവിലെയോടെ 270 സെന്റീമീറ്ററായി ഉയർത്തി. കൂടാതെ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ആകെ 530 സെന്റീമീറ്ററാക്കി ഉയർത്തിയിട്ടുമുണ്ട്.

മുന്നൊരുക്കങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 757 പേർ ഈ ക്യാമ്പുകളിലുണ്ട്. ഇതിൽ 251 പേർ പുരുഷന്മാരും 296 പേർ സ്ത്രീകളും 179 പേർ കുട്ടികളുമാണ്.