- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് 10 ജില്ലകളിൽ റെഡ് അലേർട്ട്; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ഇന്ന് ആറ് മരണം; മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 12 ആയി; സംസ്ഥാനത്തെ ഡാമുകളിൽ ജാഗ്രത തുടരുന്നു; ഏഴ് ഡാമുകളിൽ റെഡ് അലർട്ട്; മൂന്നുനദികളിൽ പ്രളയ മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ ഓഗസ്റ്റ് 2 മുതൽ 5 വരെയുള്ള ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ (64.5 -115.5 മില്ലിമീറ്റർ) മഴയ്ക്കും, ഓഗസ്റ്റ് 2 മുതൽ 4 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട അതിശക്ത/ അതിതീവ്രമായ മഴയ്ക്കും (204 മില്ലിമീറ്ററിൽ കൂടുതൽ) സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 10 ജില്ലകളിൽ ഇന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണു റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതിശക്ത മഴയിൽ ഇന്ന് ആറ് മരണം. ഇതോടെ, മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 12 ആയി.കാണാതായ മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. പേരാവൂരിൽ ഉരുൾപൊട്ടലിൽ രണ്ടര വയസുകാരി അടക്കം രണ്ട് പേർക്ക് ജീവൻ നഷ്ടമായി. ഒഴുക്കിൽപ്പെട്ട മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു
റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
ഇന്ന് (ഓഗസ്റ്റ് 02) - ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
നാളെ (ഓഗസ്റ്റ് 03) - ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
മറ്റന്നാൾ (ഓഗസ്റ്റ് 04) - എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 ാാ യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നതുകൊണ്ടു കാലാവസ്ഥാ വകുപ്പ് അർഥമാക്കുന്നത്.
ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
ഇന്ന് (02 ഓഗസ്റ്റ്) - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർഗോഡ്
നാളെ (03 ഓഗസ്റ്റ്) - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർഗോഡ്
മറ്റന്നാൾ (04 ഓഗസ്റ്റ്) - പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
ഓഗസ്റ്റ് 05 - കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നതുകൊണ്ടു കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.
യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
ഓഗസ്റ്റ് 04 - തിരുവനന്തപുരം, കൊല്ലം
ഓഗസ്റ്റ് 05 - കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
ഓഗസ്റ്റ് 06 - കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
24 മണിക്കൂറിൽ 64.5 mm മുതൽ 115.5mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്. സമഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിനു സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.
കണ്ണൂർ പേരാവൂരിൽ ഉരുൾപൊട്ടലിൽ കാണാതായ രണ്ടര വയസുകാരിയടക്കം രണ്ട് പേരുടെ മൃതദേഹം ഇന്ന് രാവിലെയോടെ കണ്ടെത്തി. മലവെള്ളപ്പാച്ചിലിലാണ് രാജേഷും രണ്ടരവയസുകാരി നുമ തസ്ലീനയുമാണ് മരിച്ചത്. ഒരാളെ കാണാതാവുകയും ചെയ്തു. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. കോട്ടയം കൂട്ടിക്കലിലും എറണാകുളം കോതമംഗലത്തും ഓരോരുത്തർ ഒഴുക്കിൽപ്പെട്ട് മരിച്ചു. കോതമംഗലം കുട്ടമ്പുഴ ഉരുളൻ തണ്ണിയിൽ കാണാതായ പൗലോസിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. വൈക്കത്തും ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. ചേരാനെല്ലൂരിൽ കണ്ടെടുത്ത തിരിച്ചറിയാത്ത മൃതദേഹം ഒഴുക്കിൽപ്പെട്ട് മരിച്ചയാളുടേത് ആണെന്നാണ് സംശയിക്കുന്നത്. ചാവക്കാട് അഴിമുഖത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് തൊഴിലാളികൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. അതേസമയം, സംസ്ഥാനത്ത് ആകെ 49 ദുരിതാശ്വാസ ക്യാമ്പുകളിലായി 757 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
സംസ്ഥാനത്തെ ഡാമുകളിൽ ജാഗ്രത തുടരുകയാണ്. കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഏഴ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, മൂഴിയാർ, കുണ്ടള, പെങ്ങൾക്കൂത്ത് ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മംഗലം, മീങ്കര ഡാമുകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും കെഎസ്ഇബിയുടെ വലിയ ഡാമുകളിൽ ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്നാണ് വിലയിരുത്തൽ. അതിനിടെ, പാലക്കാട് ജില്ലയിൽ രണ്ട് ഡാമുകൾ പന്ത്രണ്ട് മണിക്ക് തുറന്നു. പോത്തുണ്ടി, കാഞ്ഞിരപ്പുഴ ഡാമുകളുടെ സ്പിൽവേ ഷട്ടറുകളാണ് തുറന്നത്. പോത്തുണ്ടി പുഴയുടെ തീരത്ത് ഉള്ളവരും കുന്തിപ്പുഴയുടെ സമീപത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
മൂന്നുദിവസം അതിശക്തമഴ
അടുത്ത മൂന്ന് ദിവസം കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സീനിയർ ശാസ്ത്രജ്ഞൻ ആർ.ജെ ജനമണി. 2018ന് സമാനസ്ഥിതി അല്ലെന്നും എന്നാൽ ജാഗ്രതയോടെയിരിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
സംസ്ഥാനത്ത് അടുത്ത 72 മണിക്കൂർ വ്യാപകവും അതിശക്തവുമായ മഴയുണ്ടാവാനുള്ള സാധ്യതയാണുള്ളത്. കേരളത്തിലും കർണാടകത്തിലും ലക്ഷദ്വീപിലുമാണ് കാലവർഷം വളരെ സജീവമായി തുടരുന്നത്. വിവിധ മുന്നറിയിപ്പുകൾ പുറത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ഓഗസ്റ്റ് നാല് വരെ 11 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമഴയ്ക്കാണ് സാധ്യതയുള്ളത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കോഴിക്കോട് അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 03) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 2,3,4 തിയ്യതികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും അതിതീവ്ര മഴ തുടരുന്നതിനാലുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.
മറുനാടന് മലയാളി ബ്യൂറോ