തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 8 വരെ വ്യാപകമായ മഴയ്ക്ക് സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. തെക്കൻ ആന്ധ്രാ പ്രദേശിനും വടക്കൻ തമിഴ്‌നാടിനും സമീപത്തായി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നു. അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി കേരളത്തിൽ ഓഗസ്റ്റ് 8 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഓഗസ്റ്റ് 5 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എട്ടു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട്, കൊല്ലം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം ജില്ലയിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു

പത്തനംതിട്ട ജില്ലയിൽ മഴ ശക്തമായി തുടരുന്നു. പമ്പ, മണിമല, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം മുന്നറിയിപ്പു നൽകി. ജനങ്ങൾ സുരക്ഷിതമായ ക്യാംപുകളിലേക്കു മാറണം. റാന്നിയിൽ പലയിടങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായി. കുടമുട്ടി റോഡ് തകർന്നു. പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നു. അറയാഞ്ഞിലിമൺ കോസ്വേ മുങ്ങി. പന്തളത്ത് കരിങ്ങാലി പാടത്ത് വെള്ളമുയർന്നു, നാഥനടി, ചെറുമല ഭാഗങ്ങളിൽ ജാഗ്രത. മൂഴിയാറിൽ മലവെള്ളത്തിൽ തടിപിടിക്കാൻ ചാടിയവർക്കെതിരെ പൊലീസ് കേസെടുത്തു. മണിമലയാറ്റിലും ജലനിരപ്പുയരുകയാണ്.

റാന്നി പെരുനാട് അരിയാഞ്ഞിലി മണൽ റോഡിൽ വെള്ളം കയറി. അഞ്ഞൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. ഉരുൾപൊട്ടൽ ഭീഷണി തുടരുന്ന സീതത്തോട് മുണ്ടൻപാറയിൽനിന്ന് നാല് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ബുധനാഴ്ച രാത്രി മുതൽ പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അംഗനവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു; ആളപായമില്ല

പത്തനംതിട്ട കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ കല്ലേലിത്തോട്ടം എസ്റ്റേറ്റിലെ 34-ാം നമ്പർ അംഗനവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. ആളപായമില്ല. ഈ വില്ലേജിൽ കൊച്ചു വയ്ക്കര ഭാഗത്ത് പഞ്ചായത്ത് റോഡിൽ വെള്ളം കയറി. വാഹനങ്ങൾ പോകുന്നതിന് ബുദ്ധിമുട്ടുണ്ട്. തണ്ണിത്തോട് വില്ലേജിൽ സംരക്ഷണഭിത്തി ഇടിഞ്ഞ് രണ്ടു വീടുകൾക്ക് വിള്ളൽ ഉണ്ടായിട്ടുണ്ട്.

പറമ്പിക്കുളം ഡാമിൽനിന്നുള്ള നീരൊഴുക്ക് കൂടിയതിനാൽ പെരിങ്ങൽക്കുത്ത് ഡാമിന്റെ മൂന്നാം ഷട്ടർ തുറന്നു. പറമ്പിക്കുളം ഡാമിന്റെ ഷട്ടർ 80 cm നിന്നും 90 cm ആയും, തൂണക്കടവ് ഡാമിന്റെ ഷട്ടർ 30 cm ഉയർത്തി.

ഇടുക്കിയിൽ കനത്ത മഴ

ഇടുക്കി ജില്ലയിൽ കനത്തമഴ തുടരുന്നു. മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ വെള്ളം കയറി. പ്രദേശത്ത് ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കിയിലെമ്പാടും ബുധനാഴ്ച മുതൽ ശക്തമായ മഴ പെയ്യുന്നുണ്ട്.

തൊടുപുഴയിൽനിന്ന് മൂവാറ്റുപുഴയിലേക്ക് പോകുന്ന റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. മുൻദിവസങ്ങളേക്കാൾ ഇന്ന് വെള്ളക്കെട്ട് കൂടിയിട്ടുണ്ട്. കഴിഞ്ഞദിവസം ഇതുവഴി പോയ വാഹനങ്ങളിൽ ചിലത് അപകടത്തിൽപ്പെട്ടിരുന്നു. അപകടസാധ്യത പരിഗണിച്ച് മേഖലയിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജില്ലയിൽ ബുധനാഴ്ച ആരംഭിച്ച മഴ ഇനിയും ശമിച്ചിട്ടില്ല. ഇടയ്ക്ക് ചെറിയ ചാറ്റൽമഴയായി മാറുന്നുണ്ടെങ്കിലും പിന്നീട് ശക്തി പ്രാപിക്കുന്ന നിലയാണുള്ളത്. രാജക്കാട്, കട്ടപ്പന ഉൾപ്പെടെയുള്ള ഹൈറേഞ്ച് മേഖലകളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. കുമളിയിലും രാവിലെ മുതൽ മഴ പെയ്യുന്നുണ്ട്.

135.20 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. നിലവിൽ പ്രശ്നങ്ങളില്ലെങ്കിലും മഴ തുടരുന്നത് ആശങ്കയ്ക്ക് വഴിവെച്ചേക്കും. പെരിയാർ കടുവാ സങ്കേതത്തിൽ പെയ്യുന്ന മഴ ഏകദേശം ഒരുദിവസത്തിനു ശേഷമാണ് മുല്ലപ്പെരിയാറിലക്ക് ഒഴുകിയെത്തുക. അങ്ങനെയെങ്കിൽ വരും മണിക്കൂറിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നേക്കും. ഇടുക്കി അണക്കെട്ടിൽ നിലവിൽ ബ്ലൂ അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 2376.28 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാൽ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്

നേര്യമംഗലം-കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ ചാക്കോച്ചി വളവിന് സമീപം പാതയോരം ഇടിഞ്ഞിരിക്കുന്നു. നിലവിൽ സിംഗിൾ ലൈൻ ട്രാഫിക് ആണ്. ഇതുവഴി പോകുന്ന വാഹനങ്ങളാൽ ശ്രദ്ധിക്കണമെന്ന് ഇടുക്കി കളക്ടർ മുന്നറിയിപ്പ് നൽകി.

മീറ്ററുകളോളം ദൂരത്തിൽ മണ്ണ് ഇടിഞ്ഞിട്ടുണ്ട്. ഇനിയും മണ്ണിടിഞ്ഞാൽ ഇതു വഴിയുള്ള ഗതാഗതം മുടങ്ങും. നിലവിൽ പാതയോരത്തു നിന്നും മണ്ണ് താഴേയ്ക്ക് പതിച്ചിട്ടുണ്ട്. കൂടുതൽ പ്രദേശത്ത് മണ്ണ് ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്.

ടാറിംഗിലേയ്ക്ക് കയറി മണ്ണിടിഞ്ഞാൽ ഇതു വഴിയുള്ള യാത്ര ദുഷ്‌കരമാവും അങ്ങനെയെങ്കിൽ ഇതു വഴി അടിയന്തരമായി ഗതാഗതം നിരോധിക്കുമെന്നാണ് സൂചന. പൊലീസും ദേശീയ പാത അധികൃതരും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. നേര്യമംഗലം പാലത്തിൽ നിന്നും ഏകദേശം 5 കിലോമീറ്റർ അകലെയാണ് മണ്ണിടിഞ്ഞിട്ടുള്ളത്. മൂന്നാറിലേയ്ക്കുള്ള തിരക്കേറിയ പാതകളിൽ ഒന്നാണിത്

മൂഴിക്കൽ കോസ് വേ വെള്ളത്തിനടയിൽ

പാലാ മുതൽ കോട്ടയം കുമരകം വരെ വീണ്ടും ജലനിരപ്പ് ഉയർന്നു. അഴുതയ്യാർ കരകവിഞ്ഞതോടെ കോരുത്തോട് മൂഴിക്കലിൽ കോസ് വേ വെള്ളത്തിനടിയിലായി. കോട്ടയം- ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കോസ് വേയാണ് വെള്ളത്തിനടിയിലായത്. വനത്തിൽ ഉരുൾപൊട്ടിയതാകാം അഴുതയാറിൽ ജലനിരപ്പുയരാൻ കാരണമെന്നാണ് സൂചന. കോട്ടയം ചേരിപ്പാട് ഭാഗത്തു മീനച്ചിലാറിന്റെ ജലനിരപ്പ് അപകട നിരപ്പ് കടന്നു. ഇളപ്പുങ്കൽ - ചേരിപ്പാട് റോഡിൽ വെള്ളം കയറിയിട്ടുണ്ട്.

എറണാകുളത്ത് അവധി അറിയിപ്പ് വൈകി

രാത്രിയിൽ ആരംഭിച്ച മഴ നിലയ്ക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതെന്ന് എറണാകുളം ജില്ലാ കളക്ടർ രേണു രാജ്. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് വിശദീകരണം.രാവിലെ എട്ടരയോടെയാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. ഇതിനുമുൻപേ മിക്ക കുട്ടികളും വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് പുറപ്പെട്ടിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിലൂടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെയാണ് കളക്ടർ വിശദീകരണവുമായി എത്തിയിരിക്കുന്നത്. അതേസമയം, ഇതിനോടകം പ്രവർത്തനമാരംഭിച്ച സ്‌കൂളുകൾ അടയ്ക്കേണ്ടതില്ലെന്നും, വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടെന്നും രേണു രാജ് അറിയിച്ചു.