തിരുവനന്തപുരം: മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഓഗസ്റ്റ് ഏഴോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻകേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരംവരെ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയുടെയും ഷീയർ സോണിന്റെയും അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെയും സ്വാധീന ഫലമായി കേരളത്തിൽ ഓഗസ്റ്റ് നാല് മുതൽ എട്ട് വരെ ശക്തമായ മഴക്കും ഓഗസ്റ്റ് അഞ്ചിന് ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തമിഴ്‌നാട് തീരം, ശ്രീലങ്കൻ തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള മധ്യ- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

കൂടാതെ കേരള-കർണാടക തീരം, അതിനോട് ചേർന്ന മധ്യകിഴക്കൻ തെക്കു കിഴക്കൻ അറബിക്കടൽ , തെക്കൻ ആന്ധ്രാതീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു.

04/08/2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 mm യിൽ കൂടുതൽ മഴ ലഭിക്കും.

04/08/2022: കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസറഗോഡ്
05/08/2022: ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കും.

04/08/2022: തിരുവനന്തപുരം
05/08/2022:പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
06/08/2022: ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
07/08/2022: ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
08/08/2022: കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

അവധി പ്രഖ്യാപിച്ചു

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ കലക്ടർമാരാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എംജി സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി

ഇടുക്കി ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു.

ആലപ്പുഴ ജില്ലയിലെ പ്രഫഷനൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി.

ചാലക്കുടി പുഴയിൽ ജല നിരപ്പ് അപകടകരമാവിധം ഉയരുന്നു

കേരള ഷോളയാർ, പെരിങ്ങൽകുത്ത് ഡാമുകൾ കൂടുതൽ തുറന്നതോടെ ചാലക്കുടി പുഴയിൽ ജല നിരപ്പ് അപകടകരമാവിധം ഉയരുന്നു. പെരിങ്ങൽകുത്തിൽ 4 സ്ലൂയിസുകളും 7 ഷട്ടറുകളും തുറന്നു. ഷോളയാറിൽ 3 ഷട്ടറുകൾ ഒരു അടിവീതം ഉയർത്തി. ഇപ്പോഴത്തെ സാഹചര്യത്തിൽ ചാലക്കുടി പുഴയിൽ 1.5 മീറ്റർ ജല നിരപ്പ് ഉയരും. രാത്രിയോടെ മാത്രമേ തമിഴ്‌നാട്ടിൽനിന്നുള്ള വെള്ളം പൂർണായും ഇവിടെ എത്തിത്തുടങ്ങൂ. പുഴയുടെ വൃഷ്ടി പ്രദേശത്തും കനത്ത മഴ പെയ്യുന്നുണ്ട്. ഇന്നലെ രാത്രിയാണു തമിഴ്‌നാട് ഷോളയാറിലെ വെള്ളം തുറന്നു വിട്ടു തുടങ്ങിയത്. ഇവിടെനിന്നും എത്ര വെള്ളം കൂടി തുറന്നുവിടുമെന്നു വ്യക്തമല്ല.

പുഴയോരത്തുള്ളവരോടു ജാഗ്രത പുലർത്താനും ആവശ്യമെങ്കിൽ സുരക്ഷിത സ്ഥലത്തേക്കു മാറാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ചാലക്കുടി പുഴയിലെ വെള്ളം കടലിലേക്കു പോകുന്നത് ആശ്രയിച്ചാണ് ഈ പ്രദേശത്തു വെള്ളം കയറുകയും ഇറങ്ങുകയും ചെയ്യുക. ഉച്ചവരെ വെള്ളം കടലിലേക്ക് ഒഴുകുന്നുണ്ട്. രാത്രി കടൽ കയറിയാൽ ഇതിന്റെ വേഗം കുറയുമെന്ന ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ പുഴയുടെ തീരത്തേക്കു മാത്രമായി പ്രത്യേക സുരക്ഷാ സേനയെ ഒരുക്കിയിട്ടുണ്ടെന്നു കലക്ടർ ഹരിത വി.കുമാർ പറഞ്ഞു.

എൻഡിആർഎഫിന്റെ ഒമ്പത് ടീമുകൾ എത്തി

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ ദേശിയ ദുരന്ത നിവാരണ സേനയുടെ ഒമ്പത് സംഘങ്ങളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, തൃശൂർ എറണാകുളം ജില്ലകളിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്.

ഇതിനു പുറമെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിവിധ സേനകളുടെ സേവനവും സംസ്ഥാന ഗവണ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ അഥോറിറ്റി, ഡിഫെൻസ് സർവീസ് സ്‌കോപ്‌സ് എന്നിവയുടെ രണ്ടു ടീമുകളുടെ വീതവും ആർമി, നേവി, കോസ്റ്റ് ഗാർഡ് എന്നിവയുടെ ഓരോ ടീമിന്റെയും സേവനമാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.