- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിന്നൽ പ്രളയം കണ്ണൂരിൽ കവർന്നത് രണ്ടര വയസുകാരി അടക്കം മൂന്ന് പേരുടെ ജീവൻ; മരിച്ചവരുടെ മൃതദേഹം സംസ്കരിച്ചു; ഉരുൾപൊട്ടിയത് കണിച്ചാറിലെ മൂന്നിടത്ത്; ചെക്യേരിയിൽ ഗതാഗതം പൂർണമായി നിർത്തി വച്ചു; ജില്ലയിൽ ആകെ മൂന്നുദുരിതാശ്വാസ ക്യാമ്പുകൾ
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോരത്ത് മിന്നൽ പ്രളയം കവർന്നത് മൂന്ന് ജീവൻ. തിങ്കളാഴ്ച രാത്രി ഉണ്ടായ മിന്നൽ പ്രളയത്തിലാണ് രണ്ടര വയസ്സുകാരിയെ മലവെള്ളം കവർന്നെടുത്തത്. കൊളക്കാട് പ്രഥാമികാ ആരോഗ്യ കേന്ദ്രം ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സായ നദീറയുടെയും റഹീമിന്റെയും മകളാണ് ഉരുൾപൊട്ടലിൽ മരണമടഞ്ഞ രണ്ടര വയസുകാരി നൂമ തസ്ലിൻ. നൂമയെ കൂടാതെ വെള്ളറ കോളനിയിലെ അരുവിക്കൽ ഹൗസിൽ രാജേഷ് (45), വെള്ളറ കോളനിയിലെ മണ്ണാളി ചന്ദ്രൻ (55) എന്നിവരാണ് മരിച്ചത്.
കണിച്ചാർ വില്ലേജിലെ പൂളക്കുറ്റി, വെള്ളറ, നെടുംപുറം ചാൽ എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. പൂളക്കുറ്റിയിലെ ഉരുൾപൊട്ടലിൽ തകർന്ന ചന്ദ്രന്റെ വീട് പൂർണമായും മണ്ണിനടിയിലാണ്. ഇന്ത്യൻ ആർമിയുടെയും ഫയർ ആൻഡ് റെസ്ക്യു ഫോഴ്സിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് താഴെ വെള്ളറ ഭാഗത്ത് നിന്ന് ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ ചന്ദ്രന്റെ മൃതദേഹം കിട്ടിയത്.
നൂമ തസ്ലിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെ തന്നെ കണ്ടെടുത്തിരുന്നു.ഇതിനുശേഷം രാജേഷിന്റെ മൃതദേഹവും കണ്ടെത്തി.രാജേഷിന്റെ മൃതദേഹം പോസ്റ്റുമാർട്ടത്തിനുശേഷം സംസ്കരിച്ചു. തലശ്ശേരി താലൂക്കിലെ കോളയാട് വില്ലേജിലെ നിടുമ്പൊയിൽ മാനന്തവാടി 24ാം മൈൽ ചെക്യേരിയിൽ ഉരുൾപൊട്ടി ഗതാഗതം പൂർണമായി നിർത്തിവെച്ചു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുന്നു. ബദൽ മാർഗമായി കൊട്ടിയൂർ പാൽചുരം റോഡ് ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
ഇരിട്ടി താലൂക്കിൽ പൂളക്കുറ്റി എൽ പി സ്കൂളിൽ ഒന്നും തലശ്ശേരി താലൂക്കിൽ കോളയാട് വില്ലേജിൽ രണ്ടും അടക്കം ജില്ലയിൽ ആകെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പൂളക്കുറ്റി എൽ പി സ്കൂളിലെ ക്യാമ്പിൽ 11 കുടുംബങ്ങളിലെ 31 പേരുണ്ട്. ചെക്യേരി കമ്യൂണിറ്റി ഹാളിലെ ക്യാമ്പിൽ അഞ്ച് കുടുംബങ്ങളിലെ 16 പേരുണ്ട്. വെക്കളം യുപി സ്കൂളിലെ ക്യാമ്പിൽ ഒരു കുടുംബത്തിലെ അഞ്ച് പേരാണുള്ളത്. കോളയാട് വില്ലേജിലെ അഞ്ച് കുടുംബങ്ങളിലെ 17 പേർ ബന്ധുവീടുകളിലേക്ക് മാറി താമസിച്ചു.
പൊലീസ് ഫയർഫോഴ്സ്,എൻഡിആർഎഫ്, വനംവകുപ്പ് ,റവന്യു തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള രക്ഷാ പ്രവർത്തനമാണ് നടന്നത്.ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ,സണ്ണി ജോസഫ് എംഎൽഎ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ,വൈസ് പ്രസിഡന്റ് അഡ്വ ബിനോയി കുര്യൻ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ,കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ,മറ്റ് ജനപ്രതിനിധികൾ,സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ,സതീശൻ പാച്ചേനി എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്