- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഴയിൽ ഇടുക്കിയിൽ ജനജീവിതം ദുരിതത്തിൽ; ഉടുമ്പൻചോലയിലെ ഏലത്തോട്ടത്തിൽ മരം വീണ് മൂന്നുമരണം; പരിക്കേറ്റ നാലുപേരിൽ ഒരാളുടെ നില ഗുരുതരം
ഇടുക്കി: കനത്തമഴയിലും കാറ്റിലും ഇടുക്കിയിൽ നാശം തുടരുന്നു, ജനജീവിതം ദുരിതമാകുന്നു. ഉടുമ്പൻചോല താലൂക്കിൽ ഏലത്തോട്ടങ്ങളിലുണ്ടായ അപകടങ്ങളിൽ മരം ഒടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളിയടക്കം 3 പേരാണ് മരിച്ചത്. നാല് പേർക്ക് പരിക്കേറ്റു, ഒരാളുടെ പരിക്ക് ഗുരുതരം. സംസ്ഥാനത്താകെ 13 അണക്കെട്ടുകൾ തുറന്നു. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരും.
ജില്ലയുടെ ഹൈറേഞ്ച് മേഖലയിൽ തുടർച്ചയായ ദിവസങ്ങളിൽ മഴക്കെടുതി തുടരുകയാണ്. ഇതോടെ ആകെ മരിച്ചവർ അഞ്ചായി, ദേവിയാർ പുഴയിൽ കാണാതായ ഒരാളെ ഇനിയും കണ്ടെത്താനിയിട്ടില്ല.മൈലാടുംപാറ, പൊന്നാങ്കാണി, തോണ്ടിമല എന്നിവിടങ്ങളിലെ ഏലത്തോട്ടങ്ങളിൽ മരം ഒടിഞ്ഞ് വീണാണ് മരണങ്ങൾ സംഭവിച്ചത്. നെടുങ്കണ്ടം മയിലാടുംപാറ സെന്റ.മേരീസ് എസ്റ്റേറ്റിൽ തൊഴിലാളിയായിരുന്ന മൈലാടുംപാറ സ്വദേശിനി മുത്തുലക്ഷ്മി(56), നെടുങ്കണ്ടം പൊന്നാങ്കാണിയിലെ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശി സോമ ലക്ര(60), തോണ്ടിമല എസ്റ്റേറ്റിൽ ചുണ്ടൻ സ്വദേശി ലക്ഷ്മി പാണ്ടി(65) എന്നിവരാണ് മരിച്ചത്.
മൈലാടുംപാറയിൽ ജോലിക്കിടെയാണ് മുത്തുലക്ഷ്മിയുടെ ദേഹത്തേക്ക് മരം വീണത്. ഉടൻ തന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊന്നാങ്കാണിയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ ദേഹത്തേയ്ക്ക് മരം വീഴുകയായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശി ബാജ്ജു കിൻഡോയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരുടേയും മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തോണ്ടിമല എസ്റ്റേറ്റിൽ ജോലി ചെയ്യുന്നതിനിടെയാണ് തൊഴിലാളികളുടെ ദേഹത്തേയ്ക്ക് വൻ മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ലക്ഷ്മി മരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ. ഏഴ് പേരാണ് തോട്ടത്തിൽ ജോലിക്കുണ്ടായിരുന്നത്. മൂന്ന് തൊഴിലാളികൾക്കും പരിക്കേറ്റിണ്ടുണ്ട്. രണ്ട് പേർ ഓടിമാറി. പരിക്കേറ്റ മീന, സെൽവി, ദർശിനി എന്നിവരെ തേനി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി. ഇന്ന് ഉച്ചക്കഴിഞ്ഞ് മഴയ്ക്കൊപ്പം ശക്തമായ കാറ്റു വീശിയിരുന്നു. ഇതേ തുടർന്നാണ് മരം ഒടിഞ്ഞ് നിലം പതിച്ചത്. തിങ്കളാഴ്ച മൺതിട്ടിയിടിഞ്ഞ് വീണ് വെള്ളത്തൂവലിലും ഏലപ്പാറയിലും ഓരോ മരണങ്ങൾ സംഭവിച്ചിരുന്നു.
മഴ ശക്തമായതിനെ തുടർന്ന് സംസ്ഥാനത്താകെ 13 അണക്കെട്ടുകൾ ഇതുവരെ തുറന്നിട്ടുണ്ട്. ഇതിൽ 11 എണ്ണം ജലസേചന വകുപ്പിന്റെയും 2 എണ്ണം വൈദ്യുതി ബോർഡിന് കീഴിലുള്ളതുമാണ്. ജലസേചന വകുപ്പിന്റെ ഭൂതത്താൻകെട്ട്, മണിയാർ, മൂലത്തറ, പഴശ്ശി, മലങ്കര, നെയ്യാർ, ശിരുവാണി, കുറ്റ്യാടി, കാരപ്പുഴ, കല്ലട, കാഞ്ഞിരപ്പുഴ എന്നിവയും കെഎസ്ഇബിയുടെ കീഴിലുള്ള നേര്യമംഗലം, കല്ലാർകുട്ടി അണക്കെട്ടുകളുമാണ് തുറന്നിരിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കുഡ്ലുവിലാണ്, 13 സെ.മീ. കഴിഞ്ഞ ആറ് ദിവസത്തിനിടെ ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 5 അടി കൂടി 2345.54 അടിയിലെത്തി. മൊത്തം സംഭരണ ശേഷിയുടെ 42.14 ശതമാനമാണിത്.
മറുനാടന് മലയാളി ലേഖകന്.