- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ കാലവർഷത്തിൽ വൻനാശനഷ്ടം; മലയോര മേഖലയിൽ നിരവധി വീടുകൾ തകർന്നു; നഗരപ്രദേശങ്ങളിൽ അടക്കം വെള്ളക്കെട്ട്; വൻകൃഷിനാശവും

കണ്ണൂർ: ജില്ലയിൽ കാലവർഷം ശക്തമായതോടെ വൻനാശനഷ്ടം. മലയോരത്ത് നിരവധി വീടുകൾ തകർന്നു. പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്.മരങ്ങൾ കടപുഴകി വീണതിനാൽ മലയോര ഗ്രാമങ്ങളിൽ വൈദ്യുതി ബന്ധമറ്റു. നഗരപ്രദേശങ്ങളിൽ ഉൾപ്പെടെ വെള്ളക്കെട്ടുണ്ടായിട്ടുണ്ട്. കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ വൻകൃഷിനാശം സംഭവിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിൽ പിണറായിയിൽ വീടുതകർന്നു. പിണറായിയിലെ പ്രഭാവതിയുടെ ഓടിട്ട വീടാണ് തകർന്നത്. പ്രഭാവതിയുടെ സഹോദരൻ സജിത്തിന് പരുക്കേറ്റു. ഇന്ന് പുലർച്ചെ ആറരയോടെയാണ് അപകടം.വീടിന്റെ കിടപ്പുമുറി ഉൾപ്പെടെ തകർന്നിട്ടുണ്ട്. അപകടസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വില്ലേജ്, പഞ്ചായത്ത് അധികൃതർസ്ഥലം സന്ദർശിച്ചു. സജിത്തിന് ഓടുകൾ വീണാണ് പരുക്കേറ്റത്.
ശ്രീകണ്ഠാപുരം ടൗണിലെ കാളിയത്ത് മുഹമ്മദിന്റെ ഓടുമേഞ്ഞ വീട് തകർന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. ഓടുമേഞ്ഞ വീടിന്റെ മുകളിലത്തെ നില തകർന്നു വീഴുകയായിരുന്നു. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും തകർന്നിട്ടുണ്ട്. ഇരിട്ടി മേഖലയിൽ പേമാരി കനത്ത നാശം വിതച്ചു. വിളക്കോട് കുന്നത്തൂരിലെ റഫീക്കിന്റെ വീടിന് മുകളിൽതെങ്ങ് കടപുഴകി വീണ്കേടുപാടുകൾ പറ്റി. വീടിന്റെ കോൺക്രീറ്റ് തകർന്നിട്ടുണ്ട്.
കക്കാട് കുഞ്ഞിപ്പള്ളിയിൽ തങ്ങളെവളപ്പിൽ റസിയയുടെ വീട്ടുമതിൽ തകർന്നു. മതിൽ വീണതുകാരണം തൊട്ടടുത്തെ നേർലാട്ട് ഗഫൂറിന്റെയും സഹോദരിയുടെയും വീടുകൾക്ക് കേടുപാട് പറ്റി. മാലൂർ പഞ്ചായത്തിലെ നിട്ടാപറമ്പിൽ വീടുനിർമ്മാണത്തിന്റെ ഭാഗമായി മണ്ണ് നിറച്ച് കെട്ടിയുയർത്തിയ സംരക്ഷണഭിത്തി തകർന്നു. ഇന്ന് രാവിലെയാണ് സംഭവം. ചെങ്കല്ലിൽപണിത പാർശ്വഭിത്തിയും കോൺക്രീറ്റ് ബെൽട്ടും തകർന്നിട്ടുണ്ട്.

കനത്തമഴയിൽ കണ്ണൂർ നഗരത്തിലെ മിക്ക സ്ഥലങ്ങളിലും വെള്ളക്കെട്ടുണ്ടായി. പഴയബസ്സ്റ്റാൻഡ്, റെയിൽവേ അണ്ടർ ബ്രിഡ്ജ്, താവക്കര, മുനീശ്വരൻ കോവിൽ, റെയിൽവേ സ്റ്റേഷൻ റോഡ്, കക്കാട് എന്നിവടങ്ങളിൽ കാൽനടയാത്ര പോലും ദുഷ്‌കരമായി.


