മസ്‌ക്കറ്റ്: ന്യൂനമർദം രൂപപ്പെട്ടതിനെത്തുടർന്ന് മസ്‌ക്കറ്റിന്റെയും സോഹാറിന്റെയും വിവിധ മേഖലകളിൽ ശക്തമായ മഴ പെയ്തു. മബെല്ല, ബൗഷർ എന്നിവിടങ്ങളിൽ മിതമായ തോതിൽ മഴ പെയ്തപ്പോൾ സോഹാറിൽ തിമിർത്തു പെയ്യുന്ന മഴയായിരുന്നു. അര മണിക്കൂറോളം നീണ്ടു നിന്നു പെയ്ത മഴയിൽ റോഡിലെങ്ങും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.

വെള്ളക്കെട്ടു മൂലം റോഡുകൾ മുങ്ങിയതോടെ സീബ്‌മേഖലയിൽ ഗതാഗതം തടസപ്പെട്ടു. ഒമാന്റെ വടക്കൻ മേഖലകളിൽ ന്യൂനമർദം രൂപപ്പെടുമെന്നും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കഴിഞ്ഞ ദിവസം കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഒമാൻ തീരങ്ങളിൽ ആഞ്ഞടിച്ചുകൊണ്ടിരുന്ന ന്യൂനമർദം മൂലം മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാരണമായി.
ഇടിമിന്നലും ശക്തമായ കാറ്റും വീശാൻ സാധ്യതയുള്ളതിനാൽ പരിസരവാസികൾ ശ്രദ്ധചെലുത്തണമെന്നും വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പിൽ പറഞ്ഞിരുന്നു.