19ാം നൂറ്റാണ്ടിലെ ഇന്ത്യൻ ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന  അപൂർവ ചിത്രങ്ങളാണിത്. 150 വർഷം മുമ്പത്തെ താജ്മഹലും സിഖ് പട്ടാളക്കാരുമടക്കം അന്നത്തെ ഇന്ത്യയെന്തെന്ന് പറഞ്ഞുതരുന്ന മായാച്ചിത്രങ്ങൾ. വിക്ടോറിയ രാജ്ഞിക്ക് നൽകിയ ആൽബത്തിൽനിന്നുള്ള ചിത്രങ്ങളാണ് ഗെറ്റി ഇമേജസിന്റെ ലണ്ടനിലെ ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.

1859-ൽ പകർത്തിയ താജ്മഹലിന്റെ ചിത്രമാണ് അതിലേറ്റവും ശ്രദ്ധേയം. യമുനാ തീരത്തുനിന്ന് പകർത്തിയ ചിത്രമാണ് ഇത്. ഇപ്പോൾ പാക്കിസ്ഥാന്റെ ഭാഗമായ പഠാനിൽനിന്നുള്ള പഷ്തൂൺ വംശജനായ പ്രായംചെന്നയാളുടെ ചിത്രവും ശ്രദ്ധേയമാണ്. 1915-ൽ പകർത്തിയതാണിത്.

ഡൽഹിയിലെ ഖൈനബി ഗേറ്റ് മോസ്‌കിന് കാവൽനിൽക്കുന്ന പീരങ്കിപ്പട്ടാളം, ബ്രിട്ടീഷ് സൈന്യത്തിലെ ഹോഡ്‌സൺ ഹോഴ്‌സ് റെജിമെന്റിലംഗങ്ങളായിരുന്ന സിഖ് കാലാൾപ്പട, 1857-ലെ ശിപായി ലഹളയുടെ കാലത്ത് പട്ടാളത്തെ നയിച്ച കേണൽ ബ്രേയ്‌സീർ തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധേയമാണ്.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 70-ാം വാർഷികത്തിന്റെ ഭാഗമായാണ് ലണ്ടനിൽ ഈ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ സംസ്‌കാരത്തെയും ജീവിതത്തെയും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളാണ് ഇതിലേറെയും. അന്നത്തെ രാജകുടുംബാംഗങ്ങളുടെ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്.