മുംബൈ: ഹിന്ദു ആചാരപ്രകാരം ശവസംസ്‌ക്കാര ചടങ്ങുകളിൽ പൊതുവേ സ്ത്രീകൾ ഭാഗവാക്കാവാറില്ല.എന്നാൽ ഇപ്പോൾ ചെറിയ മാറ്റങ്ങൾ വന്ന് തുടങ്ങി പെൺമക്കൾ ചടങ്ങുകൾ ചെയ്യുന്നുണ്ടെങ്കിലും ഭാര്യമാർ കർമ്മങ്ങളിൽ പങ്കാളിയാകുന്നത് അപൂർവ്വതായണ്.അത്തരമൊരു അപൂർവ്വതയ്ക്കാണ് കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് സംവിധായകൻ രാജ് കൗശലിന്റെ സംസ്‌ക്കാരചടങ്ങുകൾ സാക്ഷ്യം വഹിച്ചത്.കാരണം അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ ചെയ്തത് ഭാര്യ മന്ദിര ബേദിയാണ്.

നൂറ്റാണ്ടുകളുടെ ആ പാരമ്പര്യത്തെ മറികടന്നാണ് ബേദി ഭർത്താവിന്റെ കർമ്മങ്ങളിൽ പങ്കാളിയായത്. വെള്ളം നിറച്ച ഒരു മൺപാത്രം വഹിച്ച് ഭർത്താവിന്റെ ശരീരം ചിതയിലേക്ക് കൊണ്ടുപോകുന്ന അവരെ ചിത്രങ്ങളിൽ കാണാം. സാധാരണയായി വെള്ളം നിറച്ച ആ കുടം ചിത കത്തിക്കുന്നയാൾ മരിച്ചയാളെ വലം വെച്ചശേഷം ഉടക്കുന്നു. പാരമ്പര്യമനുസരിച്ച്, മരിച്ചയാളും ചിതയ്ക്ക് തീ കൊളുത്തുന്നയാളും തമ്മിലുള്ള ബന്ധം മുറിച്ച് മാറ്റുന്നതിന്റെ പ്രതീകമായിട്ടാണ് അങ്ങനെ ചെയ്യുന്നത്. പക്ഷേ, പൊതുവേ സ്ത്രീകൾ അത് ചെയ്യാറില്ല.

ആചാരമനുസരിച്ച്, മരണപ്പെട്ടയാളുടെ അടുത്ത ബന്ധുവാണ് അന്ത്യകർമ്മങ്ങൾ നടത്തുക. എന്നിരുന്നാലും, അത് സാധാരണയായി സ്ത്രീകൾ ആകാറില്ല. അതുകൊണ്ട് തന്നെ അന്ത്യകർമ്മങ്ങൾ അനുഷ്ഠിക്കുന്ന ബേദിയുടെ നിരവധി ചിത്രങ്ങൾ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ബാന്ദ്രയിൽ നടന്ന രാജിന്റെ സംസ്‌കാര ചടങ്ങിൽ ബോളിവുഡിലെ നിരവധി പ്രമുഖർ പങ്കെടുത്തു.ഹൃദയാഘാതത്തെ തുടർന്ന് ജൂൺ 30 -ന് പുലർച്ചെ നാലരയോടെയാണ് രാജ് അന്തരിച്ചത്. അദ്ദേഹത്തിന് 49 വയസായിരുന്നു.

പെൺമക്കൾ പിതാവിന്റെ അന്ത്യ കർമ്മങ്ങൾ ചെയ്യുന്ന സംഭവങ്ങള് ഇതിനുമുൻപും ഉണ്ടായിട്ടുണ്ട്.2018 -ൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ വളർത്തുമകൾ നമിത കൗൾ ഭട്ടാചാര്യ അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ ചെയ്യുകയുണ്ടായി.