- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ് കുന്ദ്രയെ കുടുക്കാൻ പ്ലേബോയ് മാഗസിന് വേണ്ടി തുണിയുരിഞ്ഞ മോഡലും; കുറച്ചു കാര്യങ്ങൾ അറിയിക്കാനുണ്ടെന്ന് ട്വീറ്റ് ചെയ്ത ഷെർലിൻ ചോപ്രക്ക് സമൻസ്; നീലച്ചിത്ര നിർമ്മാണ വിവരങ്ങൾ കുന്ദ്ര സൂക്ഷിച്ചത് ഓഫിസുകളിലെ രഹസ്യ അറകളിലോ? ലൈംഗിക ഉത്തേജന ദൃശ്യങ്ങൾ മാത്രമെന്ന് പറഞ്ഞ ശിൽപ്പ ഷെട്ടിക്കും കുരുക്ക്
മുംബൈ: വ്യവസായി രാജ് കുന്ദ്ര ഉൾപ്പെട്ട നീലച്ചിത്ര നിർമ്മാണ കേസിന്റെ അന്വേഷണം മുറുകവേ പ്രമുഖ പ്ലേബോയ് മോഡലായിരുന്ന ഇന്ത്യൻ താരവും കളത്തിലേക്ക്. കുന്ദ്രയെ കുടുക്കാനുള്ള നീക്കങ്ങളുമായി രംഗത്തുവന്നത് പ്ലേബോയിക്ക് വേണ്ടി തുണിയുരിഞ്ഞ് ഷെർലിൻ ചോപ്രയാണ്. കുന്ദ്രയെ കുറിച്ചുള്ള വിവരങ്ങൾ ഇവർ മുംബൈ പൊലീസിന് കൈാമാറാൻ ഒരുങ്ങുകയാണ്. അതേസമയം കേസിൽ ഹാജരാകാൻ ഷെർലിൻ ചോപ്രയ്ക്ക് മുംബൈ പൊലീസ് സമൻസ് അയച്ചു. ഇന്നു രാവിലെ 11ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസിൽ തനിക്കു കുറച്ചു കാര്യങ്ങൾ അന്വേഷണസംഘത്തെ അറിയിക്കാനുണ്ടെന്നു നടി ഏതാനും ദിവസം മുൻപ് ട്വീറ്റ് ചെയ്തിരുന്നു. മോഡലുകൾക്കും മറ്റുമായി രാജ് കുന്ദ്രയുടെ നേതൃത്വത്തിൽ മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കിയിരുന്ന ആംസ് പ്രൈം കമ്പനിയെക്കുറിച്ച് ഒട്ടേറെ വിവരങ്ങൾ കൈമാറാനുണ്ടെന്നാണ് ഇവർ നൽകിയിരുന്ന സൂചന. കുന്ദ്രയ്ക്ക് വേണ്ടി ഇവർ മോഡലായിരുന്നോ എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. മോഡലുകൾക്ക് വേണ്ടിയുള്ള തിരച്ചിലിൽ ഷെർലിനെയും കുന്ദ്ര സമീപിച്ചിരിക്കാം എന്നാണ് നിഗമനം.
അതിനിടെ, കാൻപുരിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ രാജ് കുന്ദ്രയ്ക്കുള്ള രണ്ട് അക്കൗണ്ടുകൾ മരവിപ്പിക്കാൻ അന്വേഷണസംഘം ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടു. കോടിക്കണക്കിനു രൂപ ഈ അക്കൗണ്ടുകളിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണിത്. രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. കുന്ദ്ര നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ലൈംഗിക ഉത്തേജനമുണ്ടാക്കുന്ന വീഡിയോകൾ മാത്രമാണ് നിർമ്മിച്ചതെന്നുമാണ് ശിൽപ്പയുടെ പക്ഷം. ഇത് ശിൽപ്പയ്ക്കും നീലച്ചിത്ര നിർമ്മാണത്തെ കുറിച്ച് ബോധ്യമുണ്ടായിരുന്നു എന്ന സൂചനയായി കണക്കാക്കപ്പെടുന്നു.
തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് രാജ് കുന്ദ്ര സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതു ബോംബെ ഹൈക്കോടതി ഇന്നത്തേക്കു മാറ്റി. അദ്ദേഹത്തിന്റെ പൊലീസ് കസ്റ്റഡിയും ഇന്ന് അവസാനിക്കും. രാജ് കുന്ദ്രയുമായി ബന്ധമില്ലെന്നും ഒരിക്കൽ പോലും സംസാരിച്ചിട്ടില്ലെന്നും നടി ഫ്ളോറ സൈനി പ്രതികരിച്ചു. കേസിൽ അവരുടെ പേര് ചില ചാനലുകളിൽ ഉയർന്നതിനു പിന്നാലെയാണിത്.
അതിനിടെ രാജ് കുന്ദ്രയുടെ 4 ജീവനക്കാർ അദ്ദേഹത്തിനെതിരെ സാക്ഷികളാകുമെന്നാണ് പുറത്തുവരുന്ന വിവരം. ചോദ്യം ചെയ്യലിൽ റാക്കറ്റിന്റെ പ്രവർത്തനം സംബന്ധിച്ച വിശദമായ വിവരങ്ങൾ ഇവർ നൽകിയതായി പൊലീസ് അറിയിച്ചു. അന്ധേരിയിൽ കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള വിയാൻ ഇൻഡ്സ്ട്രീസ്, ജെഎൽ സ്ട്രീമിങ് എന്നീ സ്ഥാപനങ്ങളുടെ ഓഫിസുകളിൽ രഹസ്യ അറകൾ മുംബൈ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. പുതിയതായി ചിത്രീകരിക്കാനിരുന്ന വിഡിയോകളെക്കുറിച്ചുള്ള വിവരങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
കേസിൽ നടി ഗെഹന വസിഷ്ഠിനും മറ്റു രണ്ടു പേർക്കും പൊലീസ് സമൻസ് അയച്ചിരുന്നെങ്കിലും ഹാജരായില്ല. ഇതേ കേസിൽ ഫെബ്രുവരിയിൽ അറസ്റ്റിലായ ഗെഹന ജ്യാമത്തിലാണ്. ഇതിനിടെ കുന്ദ്രയ്ക്കെതിരെ സാമ്പത്തിക കുറ്റകൃത്യത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൈകാതെ കേസെടുത്തേക്കും. ഈ മാസം 19ന് അറസ്റ്റിലായ കുന്ദ്ര 27 വരെ പൊലീസ് കസ്റ്റഡിയിലാണ്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് സമർപ്പിച്ച ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്നു പരിഗണിക്കും. കേസിൽ ഇതുവരെ 11 പേരാണ് അറസ്റ്റിലായത്.
അതിനിടെ ശിൽപയുടെ സഹോദരിയും മറ്റൊരു ബോളിവുഡ് താരവുമായ സമിത ഷെട്ടിയെ ആപ്പിൽ പ്രത്യക്ഷപ്പെടുത്തുന്ന കാര്യം കുന്ദ്ര ഗൗരവമായി ആലോചിച്ചിരുന്നു എന്ന് ഗഹന വസിഷ്ഠ വ്യക്തമാക്കിയിരുന്നു. 'അറസ്റ്റിനു കുറച്ചു ദിവസം മുൻപ് ഞാൻ കുന്ദ്രയുടെ ഓഫിസിൽ പോയിരുന്നു. അപ്പോഴാണു ബോളിഫെയിം എന്ന പുതിയ ആപ് പുറത്തിറക്കാൻ കുന്ദ്ര ആലോചിച്ചിരുന്നതായി മനസ്സിലാക്കുന്നത്. ചാറ്റ് ഷോകൾ, മ്യൂസിക് ഷോകൾ, വിഡിയോകൾ, ഫീച്ചർ ഫിലിമുകൾ എന്നിവയാണു ആപ്പിൽ ഉൾക്കൊള്ളിക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ ചിത്രങ്ങളിൽ 'നിർഭയ' സീനുകൾ ഉൾക്കൊള്ളിക്കുന്ന കാര്യം ആലോചനയിൽ ഇല്ലായിരുന്നു' സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ ഗഹന പറഞ്ഞു.
ഒരു ചിത്രം ഞാൻ സംവിധാനം ചെയ്യാനാണു നിശ്ചയിച്ചിരുന്നത്. തിരക്കഥ സംബന്ധിച്ച ചർച്ചകൾ ഞങ്ങൾ നടത്തി. ഒരു സിനിമയിൽ സമിത ഷെട്ടിയെ അഭിനയിപ്പിക്കുന്ന കാര്യം ആലോചനയിൽ ഉണ്ടായിരുന്നു. സായ് തംഹാങ്കർ, മറ്റു രണ്ട് ആർട്ടിസ്റ്റുകൾ എന്നിവരെ മറ്റൊരു സിനിമയിലേക്കും പരിഗണിച്ചിരുന്നു ഗഹനയുടെ വാക്കുകൾ. കുന്ദ്ര അറസ്റ്റിലായതിനു പിന്നാലെ ഗഹന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത് ഇങ്ങനെ: 'നിയമത്തിന് അതിന്റേതായ സമയം എടുക്കും. മുംബൈ പൊലീസിൽ പൂർണ വിശ്വാസമുണ്ട്. പക്ഷേ, നിർഭയ സീനുകളെ അശ്ലീല ദൃശ്യങ്ങളായി വ്യാഖ്യാനിക്കരുത്. യഥാർഥ കുറ്റക്കാർ ആരാണെന്നും കുറ്റാരോപിതരെ ആരൊക്കെയാണ് ഉപയോഗിച്ചിരുന്നതെന്നും കോടതി തീരുമാനിക്കും,. തൽക്കാലം കൂടുതൽ പ്രതികരണത്തിനില്ല.'
വെബ്സൈറ്റിൽ അശ്ലീല വിഡിയോ അപ്ലോഡ് ചെയ്ത കുറ്റത്തിനു കഴിഞ്ഞ വർഷം ഗഹനയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. അശ്ലീല ദൃശ്യങ്ങൾ നിർമ്മിച്ചു മൊബൈൽ ആപ്ലിക്കേഷനുകളിലൂടെ പ്രചരിപ്പിച്ചതാണു കുന്ദ്രയ്ക്കെതിരായ കുറ്റം. കുന്ദ്രയുടെ അറസ്റ്റിനു ശേഷവും അശ്ലീല ചിത്രങ്ങൾ നിർമ്മിക്കാൻ കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള ജെഎൽ സ്ട്രീം കമ്പനി ആലോചിച്ചിരുന്നതായി പൊലീസ് വെളിപ്പെടുത്തി. കുന്ദ്രയുടെ കബോർഡിനുള്ളിൽ ഒളിപ്പിച്ച നിലയിൽ പുതിയ തിരക്കഥകൾ കണ്ടെത്തി. ഹിന്ദി ഭാഷയിൽ തയാറാക്കിയ തിരക്കഥകളാണിത്. ഇതോടെയാണു കുന്ദ്രയുടെ അസാന്നിധ്യത്തിലും അശ്ലീല ചിത്രങ്ങൾ നിർമ്മിക്കാൻ കമ്പനി നിശ്ചയിച്ചിരുന്നോ എന്ന സാധ്യത പൊലീസ് പരിശോധിക്കുന്നത്.
അശ്ലീല ചിത്ര നിർമ്മാണ കേസിൽ മുംബൈ പൊലീസിന്റെ നിരീക്ഷണത്തിലുള്ള ഇതേ കമ്പനിയുടെ പ്രചാരണത്തിനായി നാലു മാസം മുൻപു ശിൽപ ഷെട്ടിതന്നെ മുന്നിട്ടിറങ്ങിയിരുന്നു. ഇതേ കമ്പനിയിൽ 2020 സെപ്റ്റംബർ വരെ ശിൽപയുടെ അമ്മ സുനന്ദ ഷെട്ടി ഡയറക്ടറായിരുന്നതായും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിയാൻ ഇൻഡസ്ട്രീസിലെ ഉദ്യോഗസ്ഥനാണു കുന്ദ്രയുടെ ഓഫിസിൽ സൂക്ഷിച്ചിട്ടുള്ള 'നിഗൂഢ കബോർഡിനെ'ക്കുറിച്ചു ക്രൈം ബ്രാഞ്ചിനു വിവരം നൽകിയത്. തുടർന്നു നടത്തിയ പരിശോധനയിലാണു ഓഫിസിൽ ഒളിപ്പിച്ച കബോർഡ് പൊലീസ് കണ്ടെത്തിയതും തിരക്കഥകൾ പിടിച്ചെടുത്തതും.
'ഇറോട്ടിക്' വിഭാഗത്തിൽപ്പെടുന്ന 121 വിഡിയോകളുടെ വിൽപനയിലൂടെ 9 കോടി രൂപ ലഭിക്കുന്ന രാജ്യാന്തര ഡീൽ ഉറപ്പിക്കുന്നതിനു തൊട്ടുമുൻപാണു കുന്ദ്ര അറസ്റ്റിലായതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. യൂണിയൻ ബാങ്ക് ഓഫ് ആഫ്രിക്ക, യെസ് ബാങ്ക് എന്നിവയ്ക്കു കീഴിലുള്ള കുന്ദ്രയുടെ 2 ബാങ്ക് അക്കൗണ്ടുകളും നിരീക്ഷണത്തിലാണ്. അശ്ലീല ചിത്ര നിർമ്മാണത്തിൽനിന്നു ലഭിച്ചിരുന്ന വരുമാനം ഈ 2 ബാങ്ക് അക്കൗണ്ടുകളിൽ എത്തിച്ചശേഷം ഓൺലൈൻ ബെറ്റിങ്ങിനായി ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. അന്വേഷണത്തോടു കുന്ദ്ര പൂർണമായി സഹകരിക്കുന്നില്ലെന്നും ഓഫിസിൽനിന്നു കൂടുതൽ രേഖകൾ പിടിച്ചെടുത്ത സാഹചര്യത്തിൽ ശിൽപയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും അധികൃതർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ