തിരുവനന്തപുരം: കോൺഗ്രസ് നേതാവും സിനിമാ താരവുമായ രാജ്‌മോഹൻ ഉണ്ണിത്താനെ കെഎസ്എഫ്ഡിസി ചെയർമാൻ ആക്കുന്നതിൽ എതിർപ്പുമായി സിനിമാരംഗത്തെ പ്രമുഖർ. നിരവധി കാലത്തെ പരിചയവും അനുഭവ സമ്പത്തുമുള്ള പലരെയും തഴഞ്ഞാണ് രാജ്‌മോഹൻ ഉണ്ണിത്താനെ നിയമിക്കാനുള്ള നീക്കം. കെ സി അബുവിന് സമിതിയിൽ അംഗത്വം നൽകിയതിലും സിനിമാമേഖലയിലുള്ളവർ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രം അഭിനയിച്ച ഈ കോൺഗ്രസ് നേതാവിനെ ചെയർമാൻ സ്ഥാനത്തേക്കു പരിഗണിച്ചതിൽ കടുത്ത അമർഷമാണ് സിനിമാപ്രവർത്തകർക്കുള്ളത്. ഇതിൽ പ്രതിഷേധിച്ച് കെഎസ്എഫ്ഡിസിയിൽ നിന്ന് കൂട്ടരാജിക്ക് ഒരുങ്ങുകയാണ് സിനിമാരംഗത്തെ പ്രമുഖർ. മണിയൻ പിള്ള രാജുവും ഷാജി കൈലാസും ഛായാഗ്രാഹകൻ എസ് കുമാറുമെല്ലാം ഇത്തരത്തിൽ രാജിക്കൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.

രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കത്തെ എതിർത്താണ് സിനിമാ പ്രവർത്തകർ മുന്നോട്ടു പോകുന്നത്. രാഷ്ട്രീയം സിനിമയിൽ കലർത്താനുള്ള നീക്കത്തെയാണ് എതിർക്കുന്നതെന്ന നിലപാടാണ് സിനിമാപ്രവർത്തകർക്കുള്ളത്. സംവിധായകൻ ഷാജി കൈലാസും ഫെഫ്ക പ്രതിനിധി ബി ഉണ്ണിക്കൃഷ്ണനുമെല്ലാം ഇക്കാര്യത്തിൽ നിലപാടു വ്യക്തമാക്കിക്കഴിഞ്ഞു.

വ്യക്തിപരമായി ഉണ്ണിത്താനോട് വിരോധമൊന്നുമില്ലെന്ന് മണിയൻ പിള്ള രാജു പറഞ്ഞു. എന്നാൽ, സിനിമാമേഖലയിൽ മികച്ച അറിവുള്ള കമ്മിറ്റിയിൽ വളരെ പെട്ടെന്ന് ഒരു രാഷ്ട്രീയക്കാരനെ ഉൾപ്പെടുത്തിയതിലുള്ള എതിർപ്പാണ് തങ്ങൾക്ക്. കലയെ രാഷ്ട്രീയവൽക്കരണത്തിന് ഉപയോഗിക്കുന്നതിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നും മണിയൻ പിള്ള രാജു പറഞ്ഞു. തിങ്കളാഴ്ച രാവിലെ രാജിവയ്ക്കുമെന്നാണ് രാജു മാദ്ധ്യമങ്ങളെ അറിയിച്ചത്.

വലിയ തോതിലുള്ള വികസനപ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് ചെയർമാനായിരുന്ന സാബു ചെറിയാനെ മാറ്റി രാജ്‌മോഹൻ ഉണ്ണിത്താനെ സർക്കാർ പ്രതിഷ്ഠിക്കുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് സിനിമാപ്രവർത്തകർ സമിതിയിൽ നിന്ന് കൂട്ടരാജിക്കൊരുങ്ങുന്നത്.