- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്രട്ടറിയേറ്റിന് വിളിപ്പാടകലേ 10,000 പേർ താമസിക്കുന്നത് പന്നിക്കൂടുകളിൽ! കുടിവെള്ളം മുട്ടിച്ചും മലിനജലം ഒഴുക്കിയും ശ്വാസം മുട്ടിച്ച് ഈ പാവങ്ങളെ തുരത്താൻ നീക്കം: ലക്ഷ്യം 3000 കോടിയുടെ ഭൂമി ഇടപാട്
തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസികൾ അന്നംകിട്ടാതെ മരിക്കുന്ന കഥകൾ അവിടെ നിൽക്കട്ടെ. കയറി കിടക്കാനുള്ള ഭൂമിക്ക് വേണ്ടി സെക്രട്ടറിയേറ്റ് നടയിൽ മാസങ്ങളായി ആദിവാസികൾ നിൽപ്പുസമരം നടത്തുന്നതും തൽക്കാലം വിസ്മരിക്കാം. ഇവിടെ തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന് വിളിപ്പാടകലെ ചുറ്റും തീർത്ത മഹാ സൗധങ്ങൾക്ക് നടുവിൽ ശ്വാസം മുട്ടി കഴിയുന
തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസികൾ അന്നംകിട്ടാതെ മരിക്കുന്ന കഥകൾ അവിടെ നിൽക്കട്ടെ. കയറി കിടക്കാനുള്ള ഭൂമിക്ക് വേണ്ടി സെക്രട്ടറിയേറ്റ് നടയിൽ മാസങ്ങളായി ആദിവാസികൾ നിൽപ്പുസമരം നടത്തുന്നതും തൽക്കാലം വിസ്മരിക്കാം. ഇവിടെ തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന് വിളിപ്പാടകലെ ചുറ്റും തീർത്ത മഹാ സൗധങ്ങൾക്ക് നടുവിൽ ശ്വാസം മുട്ടി കഴിയുന്നത് 10,000 ദരിദ്രരാണ്. സെന്റിന് 50 ലക്ഷം വരെ വിലമതിക്കുന്ന ഭൂമിയിലാണ് ഇവരുടെ താമസം. എന്നാൽ ഇവർക്ക് കുടിക്കാൻ വെള്ളമില്ല, പ്രാഥമിക കാര്യങ്ങൾ നടത്താൻ കക്കൂസുകളോ ഇല്ല. താഴ്ന്ന പ്രദേശമായ ഇവിടെ നഗരത്തിന്റെ മുഴുവൻ മാലിന്യങ്ങളും വന്ന് കൂടുകയാണ്. ഒരു ചെറിയ മഴ പെയ്താൽ ദുർഗന്ധങ്ങൾ നിറഞ്ഞ് വീണ്ടും മലിനജലം കയറും. ഇങ്ങനെ ദുരിതകയത്തിൽ ജീവിക്കുന്ന ഇവരെ ചെങ്കൽചൂള നിവാസികൾ എന്ന് വിളിക്കാം.
എന്തുകൊണ്ട് ഇവരെ രക്ഷിക്കാൻ ഒരു സർക്കാറും ഇതുവരെ ശ്രമിച്ചില്ല? നഗരത്തെ അടക്കിവാഴുന്ന അധോലോകങ്ങൾക്ക് മുഴുവൻ ആളും ആയുധവും നൽകുന്നതു ഈ കോളനിയാണ്. ക്രിമിനലുകളെ നട്ടുവളർത്തി രാഷ്ട്രീയക്കാരും അബ്കാരിക പ്രമാണിമാരും ഗുണ്ടാനേതാക്കന്മാരും ഇവിടെ നിന്നും ലാഭം കൊയ്യുന്നു. കോളനിയിൽ കയറാൻ പൊലീസിന് പോലും ധൈര്യമില്ല. അതുകൊണ്ട് തന്നെ ചെങ്കൽചൂളയിലെ ശോച്യാവസ്ഥയ്ക്ക് ഒരിക്കലും പരിഹാരവുമില്ല. പരിഹരിക്കണം എന്ന് ആരും ആഗ്രഹിക്കുന്നില്ലെന്നതാണ് സത്യം. പഴയകാല ഗുണ്ടാ സംവിധാനങ്ങൾ ഒക്കെ അപ്രസക്തമായതോടെ ചുളുവില നൽകി ഇവരെ ആട്ടിപ്പായിച്ച് ഭൂമാഫിയകൾക്ക് മുമ്പിൽ അടിയറ വെയ്ക്കാനുള്ള വലിയ തട്ടിപ്പിനാണ് ഇപ്പോൾ അരങ്ങൊരുങ്ങുന്നത്.
ഒരുകാലത്ത് പൊലീസ് കയറാൻ മടിച്ച കോളനി ഇപ്പോൾ രാജാജി നഗർ എന്ന പുതിയ പേരിട്ട് നന്നാക്കിയെടുക്കാനുള്ള ശ്രമത്തിലാണ്. ഇങ്ങനെയുള്ള ഇവരുടെ സ്ഥലങ്ങൾ സ്വകാര്യവ്യക്തിക്ക് കൈമാറി ഫ്‌ളാറ്റ് സമുച്ഛയം കെട്ടിപ്പൊക്കാനുള്ള അവസരം ഒരുക്കുകയാണ് സർക്കാർ തന്നെ ചെയ്യുന്നത്. സർക്കാറിന്റെ ചേരിനിവാരണ പദ്ധതിയുടെ മറവിലാണ് തട്ടിപ്പിന് അരങ്ങൊരുങ്ങുന്നത്. രാജാജി നഗറിലെ ആയിരത്തിലേറെ കുടുംബങ്ങളെ കബളിപ്പിച്ചാണ് ഭൂമി തട്ടിയെടുക്കാൻ ശ്രമം നടക്കുന്നത്. സ്ഥലം എംഎൽഎകൂടിയായ ആരോഗ്യമന്ത്രി വി എസ് ശിവകുമാർ എംഎൽഎ ഫണ്ടുപയോഗിച്ച് വാട്ടർ അഥോറിറ്റി മുഖേന തയ്യാറാക്കിയ പദ്ധതിയുടെ രേഖകളിൽ നിന്നാണ് കോടികളുടെ ഭൂമി ഇടപാട് നടക്കാനിരിക്കുന്നതായുള്ള സംശയം ബലപ്പെടുത്തുന്നത്.
സെന്റിന് 50 ലക്ഷം രൂപയിലേറെ വിലയുള്ള 11.26 ഏക്കർ ഭൂമിയിൽ ആറ് ഏക്കർ വാണിജ്യസമുച്ചയത്തിനായി ഏറ്റെടുത്തശേഷം ബാക്കിവരുന്ന ഭൂമിയിൽ പ്രദേശവാസികൾക്ക് ഫ്‌ളാറ്റ് പണിതുനൽകുന്നതാണ് പദ്ധതി. രാജാജിനഗറിലെ ദുരിതങ്ങൾക്കെല്ലാമുള്ള ഏക പരിഹാരം ഇതാണെന്ന വിധത്തിൽ കോളനിവാസികളെ തെറ്റിദ്ധരിപ്പിച്ചാണ് പദ്ധതിയെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം.
ഈ മാസം 20ന് ഗസ്റ്റ് ഹൗസിൽ വിളിച്ചുകൂട്ടിയ യോഗത്തിലാണ് രാജാജി നഗറിലെ ഡ്രെയിനേജ് മാലിന്യം പരിഹരിക്കാൻ പുതിയ പദ്ധതി മന്ത്രിയും സംഘവും അവതരിപ്പിച്ചത്. കേരള അർബൻ ഡവലപ്‌മെന്റ് ഫിനാൻസ് കോർപറേഷൻ ഉദ്യോഗസ്ഥരും യോഗത്തിനെത്തിയിരുന്നു. പുതിയ പദ്ധതി നടപ്പാക്കുന്നതിന്റെ മറവിൽ നിലവിലുള്ള വീടുകളെല്ലാം ഇടിച്ചുനിരത്തിയശേഷം 2000 രൂപ മാസ വാടകയായി നൽകി പ്രദേശവാസികളെ തെരുവിലിറക്കാനാണ് സർക്കാർ നീക്കം. വല്ലാർപ്പാടം പദ്ധതിക്കായി കുടിയൊഴിപ്പിച്ചവർക്ക് ഇതുവരെ കിടപ്പാടം നൽകാൻ സർക്കാറിന് സാധിച്ചിട്ടില്ല. ഇതിനിടെയാണ് തലസ്ഥാനത്ത് കോടാനുകോടി വിലവരുന്ന സ്ഥലത്തുനിന്നും കോളനിവാസികളെ ഒഴിപ്പിക്കാൻ നീക്കം നടക്കുന്നത്.
ആരോഗ്യമന്ത്രി വിളിച്ചു ചേർച്ച യോഗത്തിൽതന്നെ മന്ത്രിയുടെ പുതിയ പദ്ധതിയിൽ പലരും വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു. രാജാജി നഗറിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാകൾ സമരത്തിലായിരുന്നു. എന്നാൽ നരകതുല്യമായ ജീവിതത്തിൽ നിന്നും ഇവർക്ക് മോചനം നൽകാൻ സർക്കാർ യാതൊരു നടപടികളും കൈക്കൊണ്ടിരുന്നില്ല. ഇവിടുത്ത ഡ്രെയിനേജ് സംവിധാനം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ശുദ്ധമായ കുടിവെള്ളം ലഭിക്കാനുമില്ല. നിലവിൽ ഉള്ള ഫ്‌ളാറ്റുകളാകട്ടെ പൊട്ടിപ്പൊളിഞ്ഞ നിലലിയും. ഇങ്ങനെയുള്ള പ്രശ്‌നങ്ങൾ പരിഹഹിക്കാൻ ചുരുങ്ങിയ കോടികളേ ചെലവാകുകയുള്ളൂവെന്നിരിക്കേയാണ് സ്വകാര്യ റിയൽ എസറ്റേറ്റ് കമ്പനിക്ക് അവസരം നൽകാൻ സർക്കാർ ഇടപെടൽ നടത്തുന്നത്.
3000 കോടിയിലേറെ രൂപവരുന്ന വൻ റിയൽ എസ്റ്റേറ്റ് തട്ടിപ്പിനാണ് മന്ത്രിയുടെയും കൗൺസിലറുടെയും നേതൃത്വത്തിൽ കരുക്കൾ നീക്കിയതെന്നാണ് അറിയുന്നത്. റോഡിൽനിന്ന് താഴ്ന്ന പ്രദേശമായതിനാൽ ഡ്രെയിനേജ് പ്രശ്‌നം പരിഹരിക്കാനാവില്ലെന്ന് ശാസ്ത്രീയമായി കണ്ടെത്തിയെന്നും നിലവിലുള്ള കെട്ടിടങ്ങളെല്ലാം ഇടിച്ചുനിരത്തിയശേഷം പുതിയ പദ്ധതി നടപ്പാക്കുകമാത്രമാണ് പ്രശ്‌നത്തിന് ഏക പോംവഴിയെന്നുമായിരുന്നു വിദശീകരണം. ഇതു പച്ചക്കള്ളമായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഡ്രെയിനേജ് പ്രശ്‌നം പരിഹരിക്കുന്നതിന് വാട്ടർ അഥോറിറ്റി വഴി നടപ്പാക്കാൻ ശ്രമിച്ച പദ്ധതിയുടെ എസ്റ്റിമേറ്റും പ്ലാനുമെല്ലാം തയ്യാറാക്കിയശേഷമാണ് പൊടുന്നനെ റിയൽ എസ്റ്റേറ്റ് തട്ടിപ്പിലേക്കു കാര്യങ്ങൾ മാറിമറിഞ്ഞത്.
സർക്കാർ പുറമ്പോക്കുകൾ കൈയേറി ഫ്‌ളാറ്റുകൾ നിർമ്മിച്ചവർക്ക് ഒത്താശ ചെയ്തത് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്നായിരുന്നു. ഇങ്ങനെയുള്ള അനുഭവപാഠം ഇരിക്കേയാണ് കോടാനുകോടികൾ വിലമതിക്കുന്ന ഭാഗം സ്വകാര്യകമ്പനികൾക്ക് നൽകി ചേരിനവീകരണ പദ്ധതിയെന്ന പേരിൽ ചേർക്കാൻ ശ്രമിക്കുന്നത്. കോളനിയിൽ താമസിക്കുന്നവരിൽ ചിലർക്ക് താമസിക്കുന്ന സ്ഥലത്തെ സംബന്ധിച്ച രേഖകൾ പക്കലില്ല. ഇങ്ങനെയുള്ളവരെ സർക്കാർ ഒഴിപ്പിച്ചാൽ തങ്ങൾ എവിടേക്ക് പോകുമെന്നാണ് ഇവിടുത്തുകാർ ചോദിക്കുന്നത്. തങ്ങൾക്ക് കുടിവെള്ളം എത്തിക്കുകയും ഡ്രെയിനേജ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയുമാണ് ആദ്യം വേണ്ടതെന്നാണ് കോളനിവാസികകൾ പറയുന്നത്.