തിരുവനന്തപുരം: കെഎസ്ആർടിസിയെ രക്ഷപ്പെടുത്താൻ ജീവനക്കാർ കൈമെയ് മറന്ന് അധ്വാനിക്കണമെന്ന് എംഡി രാജമാണിക്യം ഇടയ്ക്കിടെ പറയാറുണ്ട്. എന്നാൽ, പലപ്പോഴും ജീവനക്കാരുടെ പ്രതികരണം നേരെ തിരിച്ചാകും. മാറ്റം ലക്ഷ്യമിട്ട് ഡ്യൂട്ടി പരിഷ്‌ക്കരണവുമായി എംഡി മുന്നോട്ടു പോയപ്പോൾ അതിനെ തുരങ്കം വെക്കാൻ രംഗത്തെത്തുകയായിരുന്നു ഒരു വിഭാഗം ജീവനക്കാർ. എന്നാൽ, മുന്നിൽ നിന്നും നയിക്കേണ്ട വ്യക്തിയെന്ന നിലയിൽ രാജമാണിക്യം മാതൃക കാണിച്ചു രംഗത്തെത്തി.

ടയർ പഞ്ചറായി കെഎസ്ആർടിസി ബസ് പെരുവഴിയിൽ കിടന്നപ്പോൾ ടയർ മാറ്റിയിട്ട് സർവീസ് സുഗമമാക്കാൻ എംഡി രാജമാണിക്യം തന്നെ രംഗത്തിറങ്ങി. ഇത് കണ്ടു നിന്ന ജീവനക്കാർക്ക് പശ്ചാത്താപവുമായി. ടയർ പഞ്ചറായി റോഡരികിൽ കിടന്ന കെഎസ്ആർടിസി ബസിന്റെ ടയർ മാറ്റാൻ സിഎംഡി തന്നെ മുന്നിട്ടിറങ്ങിയതു കണ്ടപ്പോഴാണ് ജീവനക്കാർക്കു നിർദ്ദേശത്തിന്റെ ഗൗരവം മനസിലായത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ആനയറയ്ക്കു സമീപമായിരുന്നു സംഭവം. ആനയറ ഡിപ്പോയിലെ പരിശോധന കഴിഞ്ഞു മടങ്ങുമ്പോഴാണ് ബസ് വഴിയിൽ കിടക്കുന്നതു രാജമാണിക്യം കണ്ടത്. വികാസ്ഭവൻ ഡിപ്പോയിലെ ബസിന്റെ ടയറാണു പഞ്ചറായത്. ഉടൻ ബ്രേക്ക്ഡൗൺ വാൻ എത്തിക്കാൻ അദ്ദേഹം നിർദ്ദേശം നൽകി.

ടയർ ഊരിയെടുക്കാൻ മെക്കാനിക്കൽ ജീവനക്കാരെ സഹായിക്കുകയും ചെയ്തു. 15 മിനിറ്റിനകം ബസ് സർവീസ് പുനരാരംഭിച്ചു. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദധാരിയാണ് രാജമാണിക്യം. ടയർ എളുപ്പത്തിൽ മാറ്റിയിടാനുള്ള മെഷീന് ഓർഡർ കൊടുത്തിട്ടുണ്ടെന്നും അത് ഉടൻ എത്തുമെന്നും അദ്ദേഹം അറിയിച്ചു.

രാജമാണിക്യത്തിന്റെ പ്രവർത്തിക്ക് കൈയടിച്ചു കൊണ്ട് സോഷ്യൽ മീഡിയയും രംഗത്തെത്തി. സംസ്ഥാന സർക്കാറിന് ഏറ്റവും നഷ്ടമുണ്ടാക്കുന്ന സ്ഥാപനമായ കെഎസ്ആർടിസിയെ രക്ഷിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ് എംഡി. ഇതിൽ ചില പദ്ധതികൾ വിജയം കാണുകയും ചെയ്യുന്നുണ്ട്.