കൊച്ചി: ഭൂമി തട്ടിപ്പു നടന്നതായി കണ്ടെത്താൻ സിവിൽ കോടതികളുടെ അധികാരം സ്‌പെഷൽ ഓഫിസർക്കില്ലെന്നു ഹൈക്കോടതി നിരീക്ഷണമാണ് ഹാരിസണ് തുണയാകുന്നത്. തട്ടിപ്പു നടന്നിട്ടുണ്ടെങ്കിൽ നീതിന്യായ കോടതികളിൽ ഉന്നയിച്ച് അതു സ്ഥാപിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശിക്കുന്നത്.. ഏതെങ്കിലും കാലത്തെ രേഖകളിലോ മുദ്രണങ്ങളിലോ വ്യത്യാസം കാണുന്നുണ്ടെങ്കിൽ സിവിൽ കോടതികളിൽ തെളിവെടുപ്പിലൂടെയും കക്ഷികളുടെ വാദം പരിഗണിച്ചും സ്ഥാപിക്കണം. ഇതാണ് ഹൈക്കോടതിയുടെ നിർദ്ദേശം. അതായത് രാജമാണിക്യം ഭൂമി ഏറ്റെടുക്കാൻ കണ്ടെത്തിയ വസ്തുതകൾ വ്യക്തമായി സിവിൽ കോടതിയെ ധരിപ്പിക്കാം. അങ്ങനെ ഏറ്റെടുക്കൽ തുടരാമെന്നാണ് ഹൈക്കോടതി പറയുന്നത്. അല്ലാതെ ഹാരിസണിന്റെ കൈയേറ്റങ്ങൾ സാധുത ചെയ്യുകയായിരുന്നില്ല കോടതി ചെയ്തത്. എന്നാൽ ഇത് മറച്ചു വച്ച് ഹാരിസണ് ഭൂമി കൊടുക്കാനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോയാലും സമാനമായ വിധിയാകും വരിക. ഇതിലൂടെ എല്ലാ കോടതിയും ഹാരിസണ് അനുകൂലമായി വിധിച്ചെന്ന പ്രതീതിയുണ്ടാക്കി ഏറ്റെടുക്കൽ അട്ടിമറിക്കാൻ കഴിയും. ഇതിനാണ് റവന്യൂ വകുപ്പിലെ ഉന്നതരുടെ കള്ളക്കളി. നിലവിലെ സാഹചര്യത്തിൽ അപ്പീൽ പോയി എല്ലാം ഹാരിസണ് അനുകൂലമാക്കുന്നതിന് പകരം. സിവിൽ കോടതിയിൽ പോരാട്ടം നടത്തി ഭൂമി പിടിച്ചെടുക്കുകായണ് വേണ്ടതെന്നാണ് ഉയരുന്ന വാദം. ഹൈക്കോടതി വിധി കേരള ഭൂപരിഷ്‌കരണ നിയമം, ഭൂസംരക്ഷണ നിയമം എന്നിവയിലെ വ്യവസ്ഥകൾ പരിഗണിക്കാതെയുള്ളതെന്ന അഭിപ്രായവും സജീവമാണ്. ഹാരിസൺ കമ്പനിക്കെതിരായ നടപടികൾ സാധൂകരിക്കുന്ന അഞ്ചു റിപ്പോർട്ടുകൾ സർക്കാരിന്റെ പക്കലുണ്ട്. ഇവയൊന്നും ഹൈക്കോടതിയുടെ മുന്നിലെത്താതിരുന്നതാണ് ഇത്തരമൊരു വിധിക്ക് കാരണം.

ഹാരിസൺ മലയാളം കമ്പനിയുടെ കൈവശത്തിലുള്ളതും കൈമാറ്റം ചെയ്യപ്പെട്ടതുമായ ഭൂമിയുടെ ഉടമസ്ഥത ഹൈക്കോടതി നിർണ്ണയിച്ചിട്ടില്ല. സർക്കാർ തീരുമാനിച്ചാൽ ഉടമസ്ഥതാ തർക്കം സിവിൽ കോടതിയിൽ തുടരാം. ഉടമസ്ഥത സ്ഥാപിക്കാനാണെങ്കിലും നിഷേധിക്കാനാണെങ്കിലും സിവിൽ കോടതി നടപടി വേണമെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സർക്കാരിന്റെ ഒഴിപ്പിക്കൽ നടപടികൾ റദ്ദാക്കിയെങ്കിലും ഉടമസ്ഥത ഹാരിസൺ കമ്പനിക്കാണെന്നു പറയുന്നില്ല. ഭൂമി കൈമാറിക്കിട്ടിയവരുടെ ഉടമസ്ഥതയും നിർണയിക്കുന്നില്ല. നിലവിലെ നടപടിക്രമങ്ങളിൽ തങ്ങൾക്കതിനു കഴിയില്ലെന്നു കോടതി വ്യക്തമാക്കി. ഇതെല്ലാം ഭൂമി പിടിച്ചെടുക്കാനുള്ള അധികാരം നിയമപരമായി സർക്കാരിന് നൽകുന്നതാണ്. സർക്കാരിന് ആവശ്യമെങ്കിൽ സിവിൽ കോടതി നടപടികൾ ആരംഭിച്ച് തെളിവുകൾ വിലയിരുത്തി ഉടമസ്ഥത കണ്ടെത്തേണ്ടതാണ്. കമ്പനിയല്ല, ഉടമസ്ഥത സ്ഥാപിച്ചു കിട്ടാൻ പോകേണ്ടതെന്നും കോടതി പറഞ്ഞു. ഏതായാലും ഭൂസംരക്ഷണ നിയമപ്രകാരമുള്ള സ്‌പെഷൽ ഓഫിസർക്ക് ഉടമസ്ഥത തീരുമാനിക്കാനാവില്ല കോടതി വ്യക്തമാക്കി.

ഇതു മറച്ചുവച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയോടെ ഭൂമി സംബന്ധിച്ച തർക്കങ്ങൾ അവസാനിച്ചിരിക്കുകയാണെന്നു ഹാരിസൺ മലയാളം കമ്പനി പറയുന്നത്ു. അതിനാൽ തോട്ടങ്ങളുടെ പരിപാലനത്തിനും വികസനത്തിനും സർക്കാർ അനുവാദം നൽകണം. വിധിയോടെ തോട്ടങ്ങളുടെ വികസനത്തിനും പുതിയ മൂലധന നിക്ഷേപത്തിനും കൂടുതൽ തൊഴിലവസര സൃഷ്ടിക്കും വഴിയൊരുങ്ങുമെന്നും കമ്പനി വൈസ് പ്രസിഡന്റ് വി. വേണുഗോപാൽ അഭിപ്രായപ്പെട്ടു.

റവന്യു രേഖകളും നിയമാധികാരികളുടെ ഉത്തരവുകളും സിവിൽ കോടതി വിധികളും അനുസരിച്ചു കമ്പനി കൈവശംവച്ചിട്ടുള്ള ഭൂമിയിലാണു സർക്കാർ അവകാശമുന്നയിക്കുന്നത്. സർക്കാർ പുറമ്പോക്കിൽ നിന്ന് അനധികൃത കയ്യേറ്റക്കാരെ ഒഴിപ്പിക്കാനുള്ള ഭൂസംരക്ഷണ നിയമപ്രകാരം നിയോഗിക്കപ്പെട്ട സ്‌പെഷൽ ഓഫിസർക്കു ഭൂമിയുടെ ഉടമസ്ഥത തീരുമാനിക്കാനാവില്ല. സ്‌പെഷൽ ഓഫിസർ എം.ജി.രാജമാണിക്യത്തിന്റെ ഉത്തരവും ഭൂസംരക്ഷണ നിയമപ്രകാരം നടപടിക്കു ചൂണ്ടിക്കാണിച്ച കാരണങ്ങളും നിലനിൽക്കില്ലെന്നു ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ, ജസ്റ്റിസ് അശോക് മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഇടുക്കി, പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിൽ കൈമാറ്റം ചെയ്ത ചെറുവള്ളി, റിയ, ബോയ്‌സ്, അമ്പനാട് എസ്റ്റേറ്റുകളുടെ ഉൾപ്പെടെ ഭൂമി സംബന്ധിച്ചു 2014 നവംബർ 20ന് ആയിരുന്നു സർക്കാർ നടപടി. നടപടിക്കെതിരെ കമ്പനിയും കമ്പനിയിൽനിന്നു ഭൂമി കൈമാറിക്കിട്ടിയ എസ്റ്റേറ്റ് ഉടമകളും കോടതിയിലെത്തി. ഈ വിഷയത്തിൽ കുമ്മനം രാജശേഖരൻ, വി എം.സുധീരൻ തുടങ്ങി രാഷ്ട്രീയ നേതാക്കളും കോടതിയിലെത്തിയിരുന്നു.

'ഹൈക്കോടതിയിൽ നിന്നു സർക്കാരിനു തിരിച്ചടിയേറ്റുവെന്നു പറയാനാവില്ല. സ്‌പെഷൽ ഓഫിസറെ നിയമിച്ചതിനെക്കുറിച്ചാണു വിധി. ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചു വിധിയിൽ പറഞ്ഞിട്ടില്ല. പുനഃപരിശോധനാ ഹർജി ഉൾപ്പെടെ സാധ്യത പരിശോധിക്കും. അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാൻ നിയമം പരിഗണനയിലുണ്ടെന്നതാണ് വസ്തുത.