- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വസന്തയെ ന്യായീകരിക്കുന്ന സൈബർ സഖാക്കളെ കാത്തിരുന്നത് ആന്റി ക്ലൈമാക്സ്; ആ ഭൂമിയിൽ പട്ടയമുള്ളത് സുകുമാരൻ നായർക്കും കമലാക്ഷിക്കും വിമലയ്ക്കും; പൊലീസ് കത്തിച്ചു കൊന്നത് രണ്ടു മാസം മുമ്പേ നേടിയ വിവാരാവകാശ രേഖയുമായി അനുകൂല വിധി കാത്തിരുന്ന ദമ്പതികളെ; നെയ്യാറ്റിൻകരയിൽ ന്യായീകരണ തൊഴിലാളികളുടെ വ്യാജ പ്രചരണവും പൊളിയുമ്പോൾ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര മുൻസിഫ് കോടതി തന്നെ താൽകാലികമായി മരവിപ്പിച്ച ഉത്തരവുമായി കുടിയൊഴുപ്പിക്കലിന് എത്തിയ പൊലീസും അഭിഭാഷക കമ്മീഷനും മറ്റ് ജീവനക്കാരും. ഉച്ചഭക്ഷണം കഴിക്കുന്നതിന് സമയം നീട്ടി ചോദിച്ച കുടുംബം. ഹൈക്കോടതിയിലെ തീരുമാനം വരും വരെ ഈ വീട്ടിൽ ജീവിക്കാൻ അനുവദിക്കണമെന്ന് വിതുമ്പിയ ദമ്പതികൾ. ഒടുവിൽ രണ്ട് ജീവനുകളെ കത്തിച്ച പൊലീസും. എല്ലാം അനീതിയായിരുന്നു. ഇത് തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തു വരികയാണ്.
തീ പൊള്ളലേറ്റ് മരിച്ച രാജനേയും അമ്പിളിയേയും കളിയാക്കുന്ന സൈബർ സഖാക്കൾ നിരവധിയാണ്. സെക്രട്ടറിയേറ്റിലെ അഡീഷണൽ സെക്രട്ടറിമാർ പോലും വ്യാജ പ്രചരണത്തിന് ക്വട്ടേഷൻ ഏറ്റെടുക്കുന്നു. എല്ലാം രാജന്റെ തെറ്റ്... ഇതാണ് അവരുടെ ഭാഷ്യം. എന്നാൽ സംഭവിച്ചത് മറിച്ചാണ്. ജപ്തി നടപടിക്കിടെ ദമ്പതികൾ പൊള്ളലേറ്റു മരിച്ച ദാരുണ സംഭവത്തിൽ, ഇവരെ ഒഴിപ്പിക്കാൻ പരാതി നൽകിയ അയൽവാസി പോങ്ങിൽ നെട്ടത്തോട്ടം ലക്ഷം വീട്ടിൽ വസന്തയ്ക്ക് ഈ ഭൂമിയിൽ പട്ടയാവകാശമില്ലെന്നു തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. ഇത് പൊളിക്കുന്നത് സൈബർ സഖാക്കളുടെ വാദമാണ്. അങ്ങനെ ആന്റി ക്ലൈമാക്‌സിലേക്ക് നീങ്ങുകയാണ് നെയ്യാറ്റിൻകര കേസ്.
മരിച്ച രാജൻ 2 മാസം മുൻപേ ഈ വിവരാവകാശ രേഖ നേടിയിരുന്നു. ഇതു കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കേസിന്റെയും ആ കുടുംബത്തിന്റെയും വിധി മറ്റൊന്നായേനെ. എന്നാൽ, എന്തുകൊണ്ടാണ് ഈ രേഖ കോടതിക്കു മുന്നിൽ എത്താതിരുന്നത് എന്നതു ദുരൂഹം. ഹൈക്കോടതിയിലേക്ക് നിയമ പോരോട്ടം നീട്ടിയതിന് കാരണവും അതുകൊണ്ടായിരുന്നു. ഇത് മനസ്സിലാക്കിയാണ് രാജനേയും കുടുംബത്തേയും കുടിയൊഴുപ്പിക്കാൻ പൊലീസ് പാഞ്ഞെത്തിയത്.
അതിനിടെ വസന്തയുടെ പട്ടയം വ്യാജമാണോ എന്നു പരിശോധിക്കാൻ കലക്ടർ നവ്‌ജ്യോത് ഖോസ തഹസിൽദാർക്കു നിർദ്ദേശം നൽകി. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു വ്യക്തത വരുത്തിയ ശേഷം സർക്കാർ കോടതിയെ അറിയിക്കും. അതിയന്നൂർ വില്ലേജിൽ (ബ്ലോക്ക് നമ്പർ 21) 852/16, 852/17, 852/18 എന്നീ റീസർവേ നമ്പറുകളിലെ ഭൂമി തന്റേതാണെന്നായിരുന്നു വസന്തയുടെ അവകാശവാദം. ഇതെല്ലാം കൂടി 12 സെന്റ് വരും. എന്നാൽ ഈ ഭൂമി എസ്.സുകുമാരൻ നായർ, കെ.കമലാക്ഷി, കെ.വിമല എന്നിവരുടെ പേരുകളിലാണെന്നു വിവരാവകാശ രേഖ പറയുന്നു.
സർക്കാർ കോളനികളിൽ താമസിക്കുന്നവർക്കു പട്ടയം നൽകുമ്പോൾ പരമാവധി 2, 3, 4 സെന്റുകൾ വീതമാണു നൽകുന്നത്. ഇവ നിശ്ചിത വർഷത്തേക്കു കൈമാറ്റം ചെയ്യാൻ പാടില്ലെന്നും വ്യവസ്ഥ ചെയ്യാറുണ്ട്. 12 സെന്റ് ഭൂമി ഒരാൾക്കു മാത്രമായി പതിച്ചു നൽകാൻ സാധ്യതയില്ല. പട്ടയം കിട്ടിയവരിൽ നിന്നു വിലയ്ക്കു വാങ്ങാൻ സാധ്യതയുണ്ട്. പക്ഷേ രേഖകൾ പ്രകാരം വസന്ത ഈ സ്ഥലത്തിന്റെ ഉടമസ്ഥയല്ല. അപ്പോൾ പിന്നെ ഇവർ എന്തിന് കേസു കൊടുത്തുവെന്നതാണ് ഉയരുന്ന ചോദ്യം.
അതിനിടെ രാജനെയും അമ്പിളിയെയും അടക്കം ചെയ്ത തർക്കഭൂമി അനാഥരായ മക്കൾക്കു കൊടുക്കാനാകുമോ എന്ന കാര്യം സർക്കാർ പരിശോധിക്കുന്നുണ്ട്. രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും ഇന്നലെ പകൽ മുഴുവൻ മാതാപിതാക്കളുടെ കുഴിമാടത്തിനരികെ ആയിരുന്നു. കുട്ടികളുടെ പുനരധിവാസം സംബന്ധിച്ച ശുപാർശകൾ സഹിതമുള്ള റിപ്പോർട്ട് കലക്ടർ ഉടൻ സർക്കാരിനു നൽകും.
രാജനും ഭാര്യയ്ക്കും നിയമപരമായ അറിവുകൾ കുറവായിരുന്നു. അതുകൊണ്ടാണ് നെയ്യാറ്റിൻകര കോടതിയിൽ ശക്തമായ ഇടപെടൽ നടത്താനാവാത്തത്. കോവിഡു കാലത്തെ കോടതി നടപടികൾ അവർ അറിഞ്ഞതു പോലുമില്ല. അങ്ങനെ വസന്തയ്ക്ക് അനുകൂലമായി വിധി വന്നത്. ഇതിന് ശേഷം അഭിഭാഷകനെ മാറ്റി ഹൈക്കോടതിയിൽ അപ്പീലുമായി എത്തി. ഇതിനിടെ ഈ കേസ് മുൻസിഫ് കോടതിയും പരിഗണിച്ചിരുന്നു. അന്ന് കോടതിയെ ഹൈക്കോടതിയിലേക്ക് നിയമ പോരാട്ടം കൊണ്ടു പോയത് അഭിഭാഷകൻ അറിയിക്കുകയും ചെയ്തു. ഇതോടെ ഹൈക്കോടതി കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ ജപ്തി നടപടികൾ തൽകാലം നിർത്തി വയ്ക്കുകയും ചെയ്തു. ക്രിസ്മസ് അവധിക്ക് തൊട്ടു മുമ്പായിരുന്നു ഇത്. അതായത് ഡിസംബർ 22ന് തന്നെ നെയ്യാറ്റിൻകര കോടതി ഹൈക്കോടതിയിൽ നിന്നും തീരുമാനം ഉണ്ടാകാൻ വേണ്ടി തീരുമാനം താൽകാലികമായി മരവിപ്പിച്ചികുന്നു.
ഹൈക്കോടതിയിൽ കേസ് നിലവിലുള്ളതിനാൽ ഡിസംബർ 15നുള്ള ഉത്തരവ് ജനുവരി 4വരെ മരവിപ്പിക്കുന്നതായിട്ടായിരുന്നു ഉത്തരവ്. ഇത് മറച്ചു വച്ചാണ് അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസിനുള്ളിലും ഗൂഢാലോചന നടന്നത്. എങ്ങനേയും ഹൈക്കോടതി വിധിക്ക് മുമ്പ് രാജനേയും കുടുംബത്തേയും പുറത്താക്കാനായിരുന്നു നീക്കം. ഇതിന് അഭിഭാഷക കമ്മീഷനേയും കൂട്ടു പിടിച്ചു. ഡിസംബർ 15ന് മുൻസിഫ് കോടതി കേസ് പരിഗണിച്ചപ്പോൾ ഉത്തരവ് നടപ്പാക്കാനായിരുന്നു നിർദ്ദേശം. ഇത് 22ന് വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇത് അനുസരിച്ച് 22ന് കേസ് കോടതിയുടെ മുമ്പിലെത്തി. ഈ സമയമായിരുന്നു ഹൈക്കോടതിയിൽ ഹർജി കൊടുത്തത് മുൻസിഫ് കോടതിയിൽ അഭിഭാഷകൻ അറിയിച്ചത്. ഇതോടെയാണ് മുൻസിഫ് കോടതി തന്നെ പഴയ ഉത്തരവ് മരവിപ്പിച്ചത്.
ഇത് രാജന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. എല്ലാ കണ്ണുകളും ഹൈക്കോടതിയിലുമായിരുന്നു. എന്നാൽ മുൻസിഫ് കോടതിയിലെ നടപടി ക്രമത്തിന് ശേഷമാണ് 22ന് ഉച്ചയോടെ അനിൽകുമാർ പൊലീസും സംഘവും രാജന്റെ വീട്ടിലെത്തുന്നത്. രാജന്റെ വീട്ടിൽ പൊലീസ് ഗുണ്ടകളെന്ന് നാട്ടുകാർ വിശേഷിപ്പിക്കുന്നവർ എത്തിയപ്പോൾ തന്നെ മുൻസിഫ് കോടതിയുടെ മരവിപ്പിക്കൽ ഉത്തരവും വന്നിരുന്നു. ഇതിൽ നിന്ന് തന്നെ ഗൂഢാലോചന വ്യക്തമാണ്. എങ്ങനേയും ഒഴുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയതു കൊണ്ടു മാത്രമാണ് പെട്രോൾ ഒഴിച്ചു ലൈറ്ററും കത്തിച്ച് ഭീഷണിയുമായി നിന്ന ദമ്പതികളെ അനിൽകുമാർ എന്ന ഗ്രേഡ് എസ് ഐയുടെ ഉള്ളിലെ ക്രൂരത മരണത്തിലേക്ക് തള്ളിയിട്ടത്. അതായത് വ്യക്തമായ നിയമ ലംഘനമായിരുന്നു അനിൽകുമാർ നടത്തിയതെന്ന് സാരം.
ഇനി മുൻസിഫ് കോടതി വിധി അറിയാതെയാണ് വരവെന്ന വാദവും നിലനിൽക്കില്ല. 15ന് തന്നെ കോടതി ഈ കേസ് 22ന് പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു. കോടതി രാവിലെ 11 മണിക്ക് ചേരും. അതുകൊണ്ട് തന്നെ ഈ വിഷയം അന്ന് ഇതേ കോടതിയുടെ പരിഗണനയ്ക്ക് വന്നിരിക്കുമെന്ന് പൊലീസും അഡ്വക്കേറ്റ് കമ്മീഷനും അറിയേണ്ടതാണ്. വാദിയുടെ അഭിഭാഷകനും ഇത് അറിഞ്ഞിട്ടുണ്ടാകാം. എന്നാൽ ഉച്ചയ്ക്ക് ശേഷമാണ് സംഘം നടപടിക്ക് എത്തിയത്. ഇതിൽ നിന്ന് തന്നെ ഗൂഢാലോചന വ്യക്തമാണ്. ഇതിനിടെയാണ് ഹൈക്കോടതിയും കേസ് സ്റ്റേ ചെയ്തത്. മുൻസിഫ് കോടതിയിൽ ഹൈക്കോടതിയിലെ ഹർജിയുടെ കാര്യം പരമാർശിച്ചത് മനസ്സിലാക്കിയാണോ സംഘം ഓടിയെത്തിയതെന്ന സംശയവും സജീവമാണ്.
മറുനാടന് മലയാളി ബ്യൂറോ