- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആടിലെ പരിഷ്കാരി 'ബാസ്റ്റിൻ പത്രോസ്' ഭാര്യയുടെ ആത്മഹത്യയിൽ കുടുങ്ങും; മർദ്ദിക്കുന്നതിന്റെ വീഡിയോ ഗാർഹിക പീഡനത്തിന് ശക്തമായ തെളിവ്; മരിക്കുന്നതിന് തലേദിവസം പ്രിയങ്ക നേരിട്ട് നൽകിയ പരാതിയും നിർണ്ണായകമാകും; രാജൻ പി ദേവിന്റെ മകൻ പ്രതിസന്ധിയിലേക്ക്; കേസ് ഒതുക്കാനും ശ്രമം; വഴങ്ങാതെ ബന്ധുക്കളും; സ്ത്രീധനം വീണ്ടും വില്ലനാകുമ്പോൾ
തിരുവനന്തപുരം: നടൻ രാജൻ പി. ദേവിന്റെ മകന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിൽ ദുരൂഹതയെന്നാരോപിച്ച് കുടുംബം രംഗത്ത് എത്തുമ്പോൾ അന്വേഷണത്തിന് പൊലീസ്. ഭർത്തൃപീഡനമാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. പ്രിയങ്കയുടെ സഹോദരന്റെ പരാതിയിൽ പൊലിസ് അന്വേഷണം തുടങ്ങി. നിലവിൽ ആത്മഹത്യയുടെ പേരിലുള്ള എഫ് ഐ ആറാണ് ഇട്ടിരിക്കുന്നത്. എന്നാൽ കേസിൽ തെളിവുകൾ കൂടി ഹാജരാക്കിയിട്ടുള്ളതിനാൽ ആത്മഹത്യാ പ്രേരണയ്ക്കും ഗാർഹിക പീഡനത്തിനും രാജൻ പി ദേവിന്റെ മകനെതിരെ കേസെടുക്കേണ്ടി വരും.
സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞു പ്രിയങ്കയെ ഉണ്ണി നിരന്തരം മർദ്ദിക്കുന്നതായി പരാതിയിൽ പറയുന്നു. പ്രിയങ്കയ്ക്ക് മർദ്ദനമേറ്റതിന്റെ വീഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. പ്രിയങ്കയുടെ സഹോദരന്റെ പരാതിയെ അതുകൊണ്ട് തന്നെ ഗൗരവത്തോടെ പൊലീസിന് കാണേണ്ടിയും വരും. ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പ്രിയങ്കയെ തിരുവനന്തപുരം വെമ്പായത്തെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഉണ്ണി പി. ദേവുമായുള്ള പ്രശ്നത്തെത്തുടർന്ന് അങ്കമാലിയിലെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസമാണ് പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയത്.
രാവിലെ 10മണിക്കും 2 മണിക്കും ഇടയിലാണ് പ്രിയങ്ക മരിച്ചതെന്ന നിഗമനത്തിലാണ് നിലവിൽ പൊലീസ് എഫ് ഐ ആർ ഇട്ടിരിക്കുന്നത്. ബെഡ്റൂമിലെ സീലിങ് ക്ലാമ്പിൽ മഞ്ഞ പ്ലാസ്റ്റിക് കയറിൽ ജിവൻ അവസാനിപ്പിച്ചുവെന്നാണ് പൊലീസ് ഭാഷ്യം. കെട്ടിത്തൂങ്ങി നിൽക്കുന്നതു കണ്ട് സഹോദരനും അയൽവാസിയും ചേർന്ന് നെടുമങ്ങാട് ആശുപത്രിയില് എത്തിച്ചു. ഡോക്ടറാണ് മരണം സ്ഥിരീകരിച്ചതെന്നും എഫ് ഐ ആറിൽ പറയുന്നു. ആരേയും ഈ കേസിൽ പ്രതി ചേർത്തിട്ടില്ല. അതുകൊണ്ട് തന്നെ സഹോദരന്റെ പരാതിയിൽ മറ്റൊരു എഫ് ഐ ആർ പൊലീസ് ഇടാനാണ് സാധ്യത.
മരിക്കുന്നതിന് തലേ ദിവസം പ്രിയങ്ക ഉണ്ണിക്കെത്തിരെ വട്ടപ്പാറ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിനിയാണ് പ്രിയങ്ക. നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് ആരോപണമുണ്ട്. പ്രിയങ്കയുടെ കുടുംബത്തിന്റെ ആരോപണത്തിൽ ഉണ്ണി രാജൻ പി ദേവും കുടുംബവും ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവിൽ പീഡന കേസിൽ എഫ് ഐ ആർ പൊലീസ് ഇട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഉണ്ണിക്ക് നിലവിൽ അറസ്റ്റ് ഭീതിയുമില്ല. അതിനിടെ കേസ് ഒതുക്കാനും നീക്കം സജീവമാണ്.
വില്ലനായി എത്തി സ്വഭാവനടനായി തിളങ്ങി അവസാനകാലങ്ങളിൽ കോമഡിയിലൂടെ പ്രേക്ഷകനെ ചിരിപ്പിച്ച നടനാണ് രാജൻ പി ദേവ്. ക്രൗര്യത്തിന്റെ നേർരൂപമായ വില്ലനായും നോട്ടത്തിൽ പോലും ഹാസ്യം നിറച്ച് ചിരിപ്പിച്ചും കടന്നുപോയ രാജൻ പി ദേവ് ഇപ്പോഴും മലയാളി മനസുകളിലുണ്ട്. അദ്ദേഹത്തിന്റെ രണ്ടു മക്കളും സിനിമാ രംഗത്താണുള്ളത്. ആടിലെ പരിഷ്കാരി ബാസ്റ്റിൻ പത്രോസായി എത്തിയ ഉണ്ണി രാജൻ പി ദേവാണ് ഇവിടെ വിവാദത്തിൽ കുടുങ്ങുന്നത്.
മിഥുൻ മാനുവൽ ഒരുക്കിയ ആട് ഒരു ഭീകരജീവി എന്ന ചിത്രത്തിലൂടെയാണ് ഉണ്ണിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി തുടങ്ങിയ സിനിമകളിലൂടെ ഉണ്ണി ശ്രദ്ധേയനായി.
മറുനാടന് മലയാളി ബ്യൂറോ