റാന്നി: ബിസിനസ് പങ്കാളിയുടെ വീട്ടിലെത്തി ദേഹത്ത് പെട്രോളൊഴിച്ചു തിരുവനന്തപുരം സ്വദേശിതീകൊളുത്തി മരിച്ചു. തിരുവനന്തപുരം മുട്ടട രജനവിലാസം രജനകുമാർ(48) ആണ് മരിച്ചത്. വെച്ചൂച്ചിറ കുന്നത്തുള്ള ബിസിനസ് പങ്കാളിയുടെ വീട്ടിലായിരുന്നു ആത്മഹത്യ.

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കുന്നം തടത്തിൽ രാജശേഖരൻ നായരുടെ വീടിനു സമീപമാണ് സംഭവം. രാജശേഖരൻ നായരും രജനകുമാറുംചേർന്ന് തിരുവനന്തപുരത്ത് ചന്ദനത്തിരി നിർമ്മാണകമ്പനി നടത്തിയിരുന്നു. രജനകുമാറിന്റെ പേരിലാണ് ലോണെടുത്തിരുന്നത്. ബിസിനസ് പൊളിഞ്ഞു. ഇത് രജനകുമാറിനു ബാധ്യതയായി. രാജശേഖരൻ നാട്ടിലേക്കു മടങ്ങുകയുംചെയ്തു.

പണമാവശ്യപ്പെട്ട് പലതവണ രജനകുമാർ കുന്നത്തെത്തി. വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതായി രാജശേഖരന്റെ അമ്മ പൊലീസിൽ പരാതി നൽകി. പൊലീസ് ഇയാളെ വിളിച്ചുവരുത്തി, പരാതിയുണ്ടെങ്കിൽ ബിസിനസ് നടത്തിയ സ്ഥലത്തെ സ്റ്റേഷനിൽ നൽകണമെന്നും കുന്നത്തെ വീട്ടിലെത്തി ശല്യംചെയ്യരുതെന്നും നിർദേശിച്ചു. ഇതിനിടയിൽ രജനകുമാർ കുന്നത്തുള്ള നാട്ടുകാരിൽ പലരെയും സഹായത്തിനായി സമീപിച്ചു.

കടം വാങ്ങിയതും ബിസിനസ് നടത്തിയ ഇനത്തിലുമായി നല്ലൊരുതുക രാജശേഖരൻ നൽകാനുണ്ടെന്ന് പലരോടും ഇയാൾ പറഞ്ഞിരുന്നു. വീട്ടിലെത്തി പണം ചോദിച്ചപ്പോൾ പീഡനശ്രമത്തിനു പരാതി നൽകിയെന്നാണ് ഇയാൾ സമീപവാസികളോടു പറഞ്ഞത്. ബുധനാഴ്ച പെട്രോളും കരുതിയാണ് ഇയാൾ രാജശേഖരന്റെ വീടിനടുത്തെത്തിയത്.

ഗുരുതരമായി പൊള്ളലേറ്റ് വീട്ടിലേക്കുള്ള വഴിയിലാണ് ഇയാൾ കിടന്നത്. തൊണ്ണൂറു ശതമാനത്തോളം പൊള്ളലേറ്റ് അബോധാവസ്ഥയിലായിരുന്നതിനാൽ രജനകുമാറിൽനിന്ന് വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.