തിരുവനന്തപുരം: ദേശീയ ഗെയിംസിൽ കേരളത്തിന് പതിനാറാം സ്വർണം. വാട്ടർപോളോ വനിതാ വിഭാഗത്തിലാണ് കേരളം പതിനാറാം സ്വർണം നേടിയത്. ഇന്ന് നടന്ന വനിതകളുടെ 80 കിലോമീറ്റർ മാസ് സ്റ്റാർട്ട് സൈകൽംഗിൽ വി.രജനിയും കേരളത്തിനു വേണ്ടി സ്വർണം നേടിയിരുന്നു. ഗെയിസംസിൽ കേരളം നാലാം സ്ഥാനത്ത് തുടരുകയാണ്.

42 സ്വർണ്ണവുമായി സർവ്വീസസ് ഒന്നാം സ്ഥാനത്ത്. 26 സ്വർണ്ണ മെഡലുമായി മഹാരാഷ്ട്രയും ഹരിയാനയും രണ്ടാം സ്ഥാനത്തിനായുള്ള കടുത്ത മത്സരത്തിലുമാണ്. 35 വെള്ളിയടക്കം 87 മെഡലുള്ള മഹാരാഷ്ട്രയാണ് രണ്ടാമത്. ഹരിയാനയ്ക്ക് മൊത്തം 51 മെഡലുകളാണ് ഉള്ളത്. കേരളത്തിന് 16 സ്വർണ്ണമടക്കം 51 മെഡലുണ്ട്. ഇതിൽ 13 വെള്ളിയും 22 വെങ്കലുമുണ്ട.

പുരുഷന്മാരുടെ അമ്പെയ്ത്തിൽ കേരളം ചരിത്രത്തിൽ ആദ്യമായി ഒരു മെഡൽ നേടി. ഇന്ത്യൻ റൗണ്ട് മിക്‌സഡ് ടീം ഇനത്തിൽ കെ.വി. അരുൺ, എം. രാജീവ്, അജിത് ബാബു എന്നിവരടങ്ങിയ ടീമാണ് വെങ്കലം നേടിയത്. ദേശീയ ഗെയിംസിലെ കേരളത്തിന്റെ ആദ്യ അമ്പെയ്ത്ത് മെഡലാണിത്. സെമിയിൽ ഝാർഖണ്ഡിനോട് തോറ്റാണ് കേരളം വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടത്.

ഇന്ന് നടന്ന വനിതകളുടെ 80 കിലോമീറ്റർ മാസ് സ്റ്റാർട്ട് സൈകൽംഗിൽ കേരളത്തിന്റെ തന്നെ ടി.പി.അഞ്ജിതയ്ക്കാണ് വെങ്കലം. ഇതേ ഇനത്തിൽ സ്വർണം നേടിയ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ രജനിയുടെ അഞ്ചാമത്തെ ദേശീയ ഗെയിംസാണിത്. 96 മുതൽ സൈക്ലിങ് രംഗത്തുള്ള രജനി ഹൈദരാബാദ് ദേശീയ ഗെയിംസിൽ മൂന്നു സ്വർണവും ഗുവാഹത്തിയിൽ മൂന്നു സ്വർണവും ഓരോ വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്.

റാഞ്ചിയിലും ലുധിയാനയിലും മെഡൽ നേടിയ രജനി ഏഷ്യൻ സൈക്ലിങ് ചാംപ്യൻഷിപ്പിലെ വെള്ളിമെഡൽ ജേതാവ് കൂടിയാണ്. അതേസമയം, പുരുഷന്മാരുടെ 40 കിലോമീറ്റർ ടൈം ട്രയൽ പുരുഷവിഭാഗത്തിൽ മലയാളിയും കർണാടകയ്ക്കുവേണ്ടി മൽസരിക്കുകയും ചെയ്ത നവീൻ ജോൺസൺ സ്വർണം നേടി.

കൊച്ചിയിൽ ദേശീയ ഗെയിംസ് ആർച്ചറി ഇന്ത്യൻ ബോ മിക്‌സഡ് വിഭാഗത്തിൽ പഞ്ചാബിനെ തോൽപിച്ച് മണിപ്പൂരിന് സ്വർണം. ആർച്ചറിയിലെ ആദ്യ സ്വർണമായിരുന്നു മണിപ്പൂർ നേടിയത്. അതിനിടെ കേരളം ദേശീയ ഗെയിംസിന്റെ നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ഒന്നാം സ്ഥാനത്ത് സർവീസസാണ്.

ദേശീയഗെയിംസിലെ വാട്ടർപോളയിൽ കേരളത്തിന്റെ വനിതകൾ തുടർച്ചയായ നാലാം സ്വർണം നേടി കരുത്ത് കാട്ടി. അവസാന ലീഗ് മത്സരത്തിൽ ബംഗാളിനെ ഒന്നിനെതിരെ ആറ് ഗോളിനാണ് കേരളം പരാജയപ്പെടുത്തിയത്. കേരളത്തിനുവേണ്ടി ജെ.ശ്രീക്കുട്ടി മൂന്നും നിത്യ, ശരണ്യ നീത്തു എന്നിവർ ഓരോ ഗോളും നേടി.

എന്നാൽ പുരുഷന്മാരുടെ വാട്ടർപോളോയിൽ കേരളത്തിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പെനാൽറ്റി വിധിയെഴുതിയ മത്സരത്തിലായിരുന്നു ചാമ്പ്യന്മാരുടെ തോൽവി. സ്‌കോർ: 3-5. നിശ്ചിത സമയത്ത് ഇരു ടീമുകളും ഏഴ് ഗോൾ വീതമടിച്ച് തുല്ല്യത പാലിച്ചതിനെ തുടർന്നാണ് പെനാൽറ്റി വേണ്ടിവന്നത്. കേരളത്തിനുവേണ്ടി ആദ്യ പെനാൽറ്റിയെടുത്ത അനീഷ്ബാബുവിനു മാത്രമാണ് പിഴച്ചത്. തുടന്നുള്ള അവസരങ്ങൾ ഗോപകുമാറും വിനോദം വിജയകുമാറും ലക്ഷ്യത്തിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.

ആദ്യ ക്വാർട്ടറിൽ 21 എന്ന സ്‌കോറിൽ കേരളം ലീഡ് നേടിയെങ്കിലും രണ്ടാം പാദത്തിൽ സർവീസസ് 20 എന്ന സ്‌കോറിൽ തിരിച്ചുവന്നു. മൂന്നാം പാദത്തിലും 21 എന്ന സ്‌കോറിൽ ലീഡ് ചെയ്തവർ അവസാന മിനിറ്റിൽ സ്‌കോർ 75 ആക്കി ജയം ഉറപ്പാക്കി. എന്നാൽ, ഒരു മിനിറ്റിൽ രണ്ട് ഗോൾ നേടി കേരളം അത്ഭുതകരമായി തിരിച്ചുവരികയായിരുന്നു. ഇതിനെ തുടർന്നാണ് പെനാൽറ്റി വേണ്ടിവന്നത്. പുരുഷന്മാരുടെ വാട്ടർപോളോയിൽ മഹാരാഷ്ട്രയ്ക്ക് വെങ്കലം ലഭിച്ചു. സെമിയിൽ തോറ്റവരുടെ പ്‌ളേ ഓഫിൽ ബംഗാളിനെയാണ് അവർ തോൽപിച്ചത് (98). കേരളവും സർവീസസും തമ്മിലാണ് ഫൈനൽ

വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിങ്ങിൽ ദേശീയ താരം ഹീന സിദ്ദുവിന് സ്വർണം ലഭിച്ചു. നാട്ടുകാരിയായ മലൈക ഗോയൽ വെള്ളിയും ഹരിയാണയുടെ അന്നുരാജ്‌സിങ് വെങ്കലവും നേടി. ഹീനയുടെയും മലൈകയുടെയും മികവിൽ പഞ്ചാബ് ടീം സ്വർണം കരസ്ഥമാക്കി. ഉത്തർപ്രദേശിനാണ് വെങ്കലം. പുരുഷന്മാരുടെ 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൾ ഷൂട്ടിങ്ങിൽ സർവീസസിന്റെ ഒളിംപിക് വെള്ളി മെഡൽ ജേതാവ് വിജയകുമാർ സ്വർണം നേടി. വിജയകുമാർ നേരത്തെ 25 മീറ്റർ സ്റ്റാൻഡേർഡ് പിസ്റ്റളിലും 25 മീറ്റർ സെന്റർ ഫയർ പിസ്റ്റളിലും സ്വർണം നേടിയിരുന്നു. ടീമിനത്തിലും സർവീസസിനാണ് സ്വർണം.

ആദ്യ റൗണ്ട് മുതൽ ലീഡ് ചെയ്ത ഹീന 180.6 പോയിന്റോടെയാണ് സ്വർണം നേടിയത്. മലൈക 178 ഉം അന്നുരാജ് 177 ഉം പോയിന്റ് നേടി. 80.1, 100.7, 140.5, 161.5, 180.6 എന്നിങ്ങിനെയായിരുന്നു ഫൈനൽ റൗണ്ടിൽ ഹീനയുടെ പ്രകടനം. അവസാന ഷോട്ടിൽ 10.7 പോയിന്റ് നേടിയാണ് ഹീന സ്വർണം സ്വന്തമാക്കിയത്.