ചെന്നൈ : തന്റെ രാഷ്ട്രീയപ്രവേശന വാർത്തകൾ സജീവമായി നിൽക്കേ സ്റ്റൈൽ മന്നൻ രജനീകാന്ത് തമിഴ്‌നാട്ടിലെ സംഘപരിവാർ സംഘടനയായ ഹിന്ദു മക്കൾ കക്ഷി (എച്ച്.എം.കെ) നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എച്ച്എംകെ ജനറൽ സെക്രട്ടറി രവികുമാർ, പാർട്ടി നേതാവ് അർജുൻ സമ്പത്ത് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.

ചെന്നൈയിൽ രജനീകാന്തിന്റെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഇന്നലെ തമിഴ്‌നാട്ടിലെ കർഷക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ രജനി സമരം ചെയ്യുന്ന കർഷകർക്ക് ഒരു കോടി രൂപ വാഗ്ദാനം നൽകിയിരുന്നു.ദക്ഷിണേന്ത്യൻ നദീ സംയോജന കർഷകസംഘം ദേശീയ അധ്യക്ഷൻ പി. അയ്യക്കണ്ണിന്റെ നേതൃത്വത്തിൽ 16 അംഗങ്ങളാണ് രജനിയുമായി കൂടിക്കാഴ്ച നടത്തിയത്.

ജയലളിതയുടെ മരണശേഷം കരുത്തുറ്റ ഒരു നേതാവിന്റെ അഭാവമറിയുന്ന തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് രജനിയെത്തുമെന്ന വാർത്തകൾ ഏറെനാളായി പ്രചരിക്കുന്നുണ്ട്. നിലവിൽ അണ്ണാ ഡി എം കെയിലെ പ്രതിസന്ധി തമിഴ്‌നാട്ടിൽ സൃഷ്ടിച്ചിരിക്കുന്ന രാഷ്ട്രീയ അസ്ഥിരതയ്ക്ക് രജനിയുടെ വരവോടെ വിരാമമാകുമെന്ന കണക്കുകൂട്ടലിലാണ് രജനിയുടെ ആരാധകരും ഒരു വിഭാഗം രാഷ്ട്രീയ നേതാക്കളും.

തമിഴ് രാഷ്ട്രീയത്തിൽ സാധ്യത തേടുന്ന ബിജെപിയാണ് രജനിയെ സ്വന്തം പാളയത്തിലെത്തിക്കാൻ ശ്രമിക്കുന്നത്.രജനീകാന്താകട്ടെ തന്റെ നിലപാട് പൂർണമായും വ്യക്തമാക്കാതെ ഇടയ്ക്കിടെ ചില അപ്രതീക്ഷിതമായ നീക്കങ്ങളിലൂടെ രാഷ്ട്രീയ പ്രവേശന സാധ്യതകൾ സജീവമാക്കുന്നുമുണ്ട്.