ന്യൂഡൽഹി: രജനികാന്തിനെ രാഷ്ട്രീയത്തിൽ സജീവമാക്കാൻ ചരട് വലികൾ നടത്തുന്നത് സംഘപരിവാറിലെ പ്രമുഖരയാണ്. പല പ്രമുഖ ആർഎസ്എസ് നേതാക്കളും ഇതിന് പിന്നിലുണ്ട്. രജനി രാഷ്ട്രീയപാർട്ടി പ്രഖ്യാപിക്കുമെന്ന് പറഞ്ഞത് പരിവാർ ചിന്തകനായ ഗുരുമൂർത്തിയാണ്. എന്നാൽ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ഇടഞ്ഞു നിൽക്കുകയാണ്. ബിജെപിയുടെ രാജ്യസഭാ അംഗം കൂടിയായ സ്വാമിയുടെ നിലപാട് രജനിക്കും ബിജെപിക്കും ഒരു പോലെ തിരിച്ചടിയാണ്യ

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശത്തെ ശക്തമായി എതിർക്കുകയാണ് സുബ്രഹ്മണ്യൻ സ്വാമി. നിരക്ഷരനും തട്ടിപ്പുകാരനുമായ രജനീകാന്ത് രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള യോഗ്യതയില്ലെന്ന് സ്വാമി തുറന്നടിച്ചു. രജനീകാന്ത് രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കണമെന്നും രജനീ നടത്തിയ പല സാമ്പത്തിക തട്ടിപ്പുകളുടെയും വിവരങ്ങൾ തന്റെ കൈവശമുണ്ടെന്നും രാഷ്ട്രീയ പ്രവേശത്തെ തകർക്കാൻ അത് ധാരാളമാണെന്നും സ്വാമി പറഞ്ഞു.

രാഷ്ട്രീയ നേതാക്കളുമായി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അന്തിമതീരുമാനമെടുത്ത ശേഷം രാഷ്ട്രീയപ്രവേശനം സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നും വ്യാഴാഴ്ച മാധ്യമങ്ങളോട് രജനീകാന്ത് വ്യക്തമാക്കിയിരുന്നു. ഡിസംബറിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ. പുതിയ പാർട്ടിയുണ്ടാക്കി ബിജെപിയുടെ എൻഡിഎയിൽ അംഗമാകാനാണ് രജനിയുടെ ശ്രമം. ഇതിനെ സുബ്രഹ്മണ്യം സ്വാമി എതിർക്കുന്നുണ്ട്. ഇത് തമിഴ് നാട്ടിലെ ബിജെപി രാഷ്ട്രീയത്തിൽ പൊട്ടിത്തെറികൾക്കും ഇടവയ്ക്കും.

അതിനിടെ സുബ്രഹ്മണ്യം സ്വാമിയെ നിലയ്ക്ക് നിർത്തണെന്ന ആവശ്യം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായോട് ആർഎസ്എസ് ആവശ്യപ്പെട്ടിട്ടുണ്ട്. അച്ചടക്ക ലംഘനം തുടർന്നാൽ സ്വാമിയെ ബിജെപി പുറത്താക്കുമെന്നാണ് സൂചന.