- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രജനീകാന്തിന്റെ പാർട്ടി പ്രഖ്യാപനം പൊങ്കലിനെന്ന് സൂചന; തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കു രൂപം നൽകുന്നതിനുള്ള നിർവാഹക സമിതി പാർട്ടി പ്രഖ്യാപനത്തിനു പിന്നാലെ; ചർച്ചകൾ ഊർജിതമാക്കി സ്റ്റൈൽ മന്നൻ; പോസ്റ്ററുകളിൽ രജനിയുടെ മാത്രം ചിത്രങ്ങൾ
ചെന്നൈ: രജനീകാന്തിന്റെ പാർട്ടി പ്രഖ്യാപനം പൊങ്കലിനെന്ന് സൂചന. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന് വ്യക്തമാക്കിയതിന് പിന്നാലെ പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചർച്ചകൾ ഊർജിതമാക്കിയിരിക്കുകയാണണ് തമിഴകത്തിന്റെ സൂപ്പർ താരം. പാർട്ടി പ്രഖ്യാപനം പൊങ്കൽ ദിനമായ ജനുവരി 15നുണ്ടാകുമെന്നു സൂചന. തീയതി ഈ മാസം 31ന് അറിയിക്കുമെന്നു രജനി പറഞ്ഞിരുന്നു.
തന്ത്രങ്ങൾക്കു രൂപം നൽകുന്നതിനുള്ള നിർവാഹക സമിതി പാർട്ടി പ്രഖ്യാപനത്തിനു പിന്നാലെ നിലവിൽ വന്നു. പോസ്റ്ററുകളിൽ രജനിയുടെ മാത്രം ചിത്രങ്ങൾ മതിയെന്നാണു ധാരണ.
പാർട്ടി ഓവർസിയർ തമിഴരുവി മണിയൻ, ചീഫ് കോ-ഓർഡിനേറ്റർ അർജുന മൂർത്തി എന്നിവർക്കൊപ്പം താരം മക്കൾ മൻട്രം ഭാരവാഹികളുമായി ചർച്ച നടത്തി. അതിനിടെ, രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ പുകഴ്‌ത്തിയ മന്ത്രി രാജേന്ദ്ര ബാലാജിയുടെ നടപടിയിൽ അണ്ണാഡിഎംകെയിൽ അതൃപ്തി. ഡിഎംകെയെ തറപറ്റിക്കാൻ രജനിയുമായി കൈകോർക്കുമെന്നും രജനിയെ ബിജെപിയുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
അതേസമയം പാർട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി രജനീകാന്ത് മൂത്ത സഹോദരന്റെ അനുഗ്രഹം തേടി അദ്ദേഹത്തിന്റെ വസതിയിൽ എത്തി. സഹോദരൻ ആർ. സത്യനാരായണ റാവു (77)വിന്റെ ബെംഗളൂരു വസതിയിൽ ഞായറാഴ്ച രാത്രിയെത്തിയ താരം ഇന്നലെ പുലർച്ചെ ചെന്നൈയ്ക്കു മടങ്ങി. 22 വയസ്സുവരെ രജനീകാന്ത് ഈ വീട്ടിലായിരുന്നു താമസം. വാക്കിനു വിലകൽപിക്കുന്നയാളാണു രജനിയെന്ന് സത്യനാരായണ റാവു പറഞ്ഞു.
അടുത്ത തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മത്സരിക്കുമെന്ന് നടൻ രജനീകാന്ത് നേരത്തെ അറിയിച്ചിരുന്നു. അസംബ്ലി തെരഞ്ഞെടുപ്പിൽ ആരാധകരെ നിരാശരാക്കില്ലെന്നും രജനീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു. 234 മണ്ഡലങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് രജനീകാന്ത് മുൻപ് പറഞ്ഞിരുന്നു. ഇക്കാര്യം രജനീകാന്ത് വീണ്ടും ആവർത്തിക്കുകയായിരുന്നു.
2017 ഡിസംബർ 31നാണു രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസര രംഗത്തുണ്ടാകുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. പാർട്ടി പ്രഖ്യാപനം ഇന്നുണ്ടായില്ലെങ്കിലും അതുമായി ബന്ധപ്പെട്ട വ്യക്തമായ പദ്ധതി ഇന്നത്തെ യോഗത്തിൽ കൈക്കൊണ്ടിട്ടുണ്ട്. മക്കൾ മൻട്രത്തിന്റെ പ്രവർത്തന മേൽനോട്ടത്തിനായി സംസ്ഥാന തല സമിതി രൂപീകരിക്കാൻ തീരുമാനമായതായും അറിയുന്നു. ദീർഘകാലം രജനി മക്കൾ മൻട്രത്തിന്റെ നേതാവായിരുന്ന സത്യനാരായണന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഭാരവാഹികളെയാണ് നിയോഗിക്കുകയെന്നാണ് സൂചന.
തമിഴ് പുതുവർഷ ദിനമായ ഏപ്രിൽ 14ന് പാർട്ടി പ്രഖ്യാപനവും സെപ്റ്റംബറിൽ ആദ്യ പൊതുയോഗവും നടത്തുമെന്നും സൂചനയുണ്ട്. ആദ്യ പൊതുയോഗം തിരുച്ചിറപ്പള്ളിയിലോ മധുരയിലോ നടക്കാനാണു സാധ്യത. ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണു രജനി മക്കൾ മൻട്രം ജില്ലാ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയത്. പാർട്ടി രൂപീകരണം, സഖ്യം എന്നിവ സംബന്ധിച്ച് സെക്രട്ടറിമാരുടെ സംശയങ്ങൾക്കു അന്നു താരം മറുപടി നൽകി. പാർട്ടി പ്രഖ്യാപനം, സംസ്ഥാനമൊട്ടാകെ നടത്തുന്ന പര്യടനം എന്നിവ സംബന്ധിച്ച വ്യക്തമായ സൂചനയും രജനി നൽകിയിരുന്നു. എന്നാൽ, വിവരങ്ങൾ പുറത്തു പറയുന്നതിനു കർശന വിലക്കുണ്ടായിരുന്നതിനാൽ ജില്ലാ സെക്രട്ടറിമാർ കൃത്യമായ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല.
ജില്ലാ സെക്രട്ടറിമാരുമായി നടത്തിയ ചർച്ചയിൽ സന്തോഷമുണ്ടെങ്കിലും ഒരു കാര്യത്തിൽ കടുത്ത നിരാശയുണ്ടെന്നു താരം കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞിരുന്നു. ഇതു സമയമാകുമ്പോൾ വെളിപ്പെടുത്തുമെന്നു താരം പറഞ്ഞതോടെ ഇതിനെ ചുറ്റിപ്പറ്റിയായി ചർച്ചകൾ. ബൂത്ത് തലത്തിൽ പാർട്ടി സംവിധാനം രൂപീകരിക്കുന്നതിലുള്ള വീഴ്ചയാണു താരത്തെ നിരാശനാക്കിയതെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. സംസ്ഥാനത്ത് 68000 ബൂത്തുകളിൽ മക്കൾ മൻട്രം യൂണിറ്റുണ്ടാകണമെന്ന നിർദ്ദേശമാണു താരം നേരത്തെ നൽകിയിരുന്നത്. പാർട്ടി നിലവിൽ വരുമ്പോൾ മൻട്രം കമ്മിറ്റികളെ പാർട്ടി യൂണിറ്റുകളാക്കി മാറ്റാമെന്നായിരുന്നു കണക്കു കൂട്ടൽ. എന്നാൽ, ചില ജില്ലകളിൽ ബൂത്ത് തലത്തിലുള്ള പ്രവർത്തനങ്ങൾ ഏറെ പിന്നിലാണെന്നും ഇതു രജനിയെ നിരാശനാക്കി എന്നുമാണു വിവരം.
രാഷ്ട്രീയവും വ്യവസ്ഥയും മാറണമെന്ന ആഹ്വാനത്തോടെയാണ് രജനീകാന്ത് രാഷ്ട്രീയ പാർട്ടി സംബന്ധിച്ച ആശയ പ്രഖ്യാപനം നടത്തിയത്. മാറ്റം ജനമനസ്സിലും ഉണ്ടാകണം. പാർട്ടിയിൽ 65 ശതമാനം പദവികൾ യുവാക്കൾക്ക് നൽകും. വിരമിച്ച ഉദ്യോഗസ്ഥരെ ഉൾപ്പെടെ രാഷ്ട്രീയത്തിൽ കൊണ്ടു വരും. രാഷ്ട്രീയം നന്നാകാതെ പാർട്ടികൾ വന്നതുകൊണ്ട് കാര്യമില്ല. വാഗ്ദാനങ്ങൾ നിറവേറ്റാൻ വിദഗ്ധ സമിതിയുണ്ടാകുമെന്നും രജനി പ്രഖ്യാപിച്ചു.
'മുഖ്യമന്ത്രിയാകണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. വിരമിച്ച ഉദ്യോഗസ്ഥരെ അടക്കം രാഷ്ട്രീയത്തിൽ കൊണ്ടുവരും. വാഗ്ദാനങ്ങൾ നിറവേറ്റാൻ വിദഗ്ധസമിതി രൂപീകരിക്കും. നിലവിലെ രാഷ്ട്രീയവും വ്യവസ്ഥയും മാറണം. മാറ്റം ജനങ്ങളുടെ മനസിലുണ്ടാകണം. പാർട്ടി പ്രസിഡന്റിന് ഭരണത്തിൽ ഇടപെടാനാകില്ല. അധികാര സ്ഥാനങ്ങളിലുള്ളവർ 50 വയസ് കഴിഞ്ഞവരാണ്. പാർട്ടിയിൽ യുവരക്തം വേണം. പ്രായ പരിധിയും വിദ്യാഭ്യാസ യോഗ്യതയും പ്രധാനമാണ്. ഭരണസംവിധാനം പൂർണമായും അധപതിച്ചിരിക്കുന്നു'.ഇതൊക്കെയാണ് രജനിയുടെ വീക്ഷണം.
മറുനാടന് മലയാളി ബ്യൂറോ