കൊളംബോ: ശ്രീലങ്കൻ രാഷ്ട്രീയത്തിലെ പ്രതിസന്ധി ഇരട്ടിച്ചൂടിലേക്ക്. അഞ്ച് പതിറ്റാണ്ട് നീണ്ട പ്രവർത്തനത്തിനൊടുവിൽ മഹീന്ദ രജപക്സെ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ശ്രീലങ്ക ഫ്രീഡം പാർട്ടി(എസ്.എൽ.എഫ്.പി)യോട് വിട പറഞ്ഞു. രജപക്സെ തന്റെ അനുയായികൾ ചേർന്ന് രൂപീകരിച്ച ശ്രീലങ്ക പീപ്പിൾസ് പാർട്ടിയിലേക്ക് ചുവട് വച്ചാണ് രാഷ്ട്രീയ അങ്കത്തട്ടിൽ ഇനി പോരാടാൻ പോകുന്നത്. മാത്രമല്ല ഇടക്കാല തിരഞ്ഞെടുപ്പിൽ താൻ ഒറ്റയ്ക്ക് മത്സരിച്ചേക്കുമെന്നും രജപക്‌സേയുടെ ഭാഗത്ത് നിന്നും സൂചനയുണ്ട്.

സരിസേനയോട് വിട പറഞ്ഞതോടെ  ശ്രീലങ്ക ഫ്രീഡം പാർട്ടിയുമായി ഉണ്ടായിരുന്ന അൻപത് വർഷം നീണ്ട ബന്ധത്തിനാണ് രജപക്സെ അന്ത്യം കുറിച്ചത്. 1951ൽ രൂപീകരിച്ച ശ്രീലങ്ക ഫ്രീഡം പാർട്ടിയുടെ സ്ഥാപക നേതാവാണ് രജപക്സെയുടെ പിതാവ് ഡോൺ ആൽവിൻ രജപക്സെ.  രജപക്സെയുടെ രാഷ്ട്രീയ പുനഃപ്രവേശനം ലക്ഷ്യമിട്ടായിരുന്നു പാർട്ടി രൂപീകരിച്ചത്. ഫെബ്രുവരിയിൽ നടന്ന ലോക്കൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ പുതിയ പാർട്ടി 340 സീറ്റിൽ മൂന്നിലൊന്ന് സീറ്റുകൾ നേടുകയും ചെയ്തിരുന്നു.

2015ൽ സിരിസേന രജപക്‌സയെ അട്ടിമറിച്ച് പ്രസിഡന്റാവുകയായിരുന്നു. പ്രധാനമന്ത്രി റനിൽ വിക്രമസിംഗയുടെ പിന്തുണയോടെയാണ് സിരിസേന ലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്. വിക്രമസിംഗയുമായുള്ള ബന്ധം വഷളായതോടെ ഇക്കഴിഞ്ഞ 26ന് അദ്ദേഹത്തെ പുറത്താക്കി രജപക്സയെ പ്രധാനമന്ത്രി സ്ഥാനത്ത് നിയമിച്ചു.

അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിന് പിന്നാലെ ലങ്കൻ പാർലമെന്റ് പിരിച്ചുവിടാനും സിരിസേന തീരുമാനിച്ചു. എന്നാൽ അന്താരാഷ്ട്ര സമ്മർദ്ദത്തെ തുടർന്ന് നവംബർ 14ന് പാർലമെന്റ് വിളിച്ചു ചേർത്തു. എന്നാൽ പിന്നെയും തീരുമാനം മാറ്റിയ സിരിസേന വെള്ളിയാഴ്ച വീണ്ടും പാർലമെന്റ് പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത വർഷം അഞ്ചിനാണ് തിരഞ്ഞെടുപ്പ്. ഇതിന് പിന്നാലെയാണ് രജപക്സ െപാർട്ടി വിട്ട് തന്റെ അനുയായികൾ രൂപീകരിച്ച പാർട്ടിയിൽ ചേർന്നത്.