ബംഗളൂരു: വിദ്യാഭ്യാസം എട്ടാം ക്ലാസുവരെയേ ഉള്ളൂവെങ്കിലും ഈ ഇരുപത്താറുകാരി കബളിപ്പിച്ചത് ഇരുനൂറോളം പേരെയാണ്. തീവണ്ടി അപകടത്തിൽ ഒരു കൈ നഷ്ടപ്പെട്ടതോടെയാണ് രാജസ്ഥാനിലെ ജയ്പുർ സ്വദേശിനി ഖുശ്‌ബു ശർമ പഠനം ഉപേക്ഷിച്ചത്. എന്നാൽ, മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുന്ന ഖുശ്‌ബു തന്റെ വാക്കുകൾ കൊണ്ടു വലയിലാക്കിയതു രാജ്യമൊട്ടാകെയുള്ളവരെയാണ്.

ഐഎഎസുകാരിയെന്നും സുപ്രീം കോടതി അഭിഭാഷകയെന്നും പറഞ്ഞാണു നിരവധി പേരെ ഖുശ്‌ബു കബളിപ്പിച്ചത്. അഭിഭാഷകനായ സങ്കേത് യെനാഗി നൽകിയ പരാതിയെത്തുടർന്നു ബംഗളൂരു പുലികേശി നഗർ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സങ്കേതിനെ ഇവർ വലയിലാക്കിയത് ബംഗളുരു യുബി. സിറ്റിയിൽ ഓഫീസ് തുടങ്ങുകയാണെന്നും അവിടെ ജൂനിയർ അഭിഭാഷകരെ വേണമെന്നും പറഞ്ഞാണ്. ഫേസ്‌ബുക്ക് വഴിയാണു ഖുശ്‌ബു സാങ്കേതിനെ പരിചയപ്പെട്ടത്. ഐ.എ.എസ്. ഉദ്യോഗസ്ഥനായ തന്റെ പിതാവിനു യു.ബി. സിറ്റിയിൽ ഓഹരിയുണ്ടെന്നും അതിനാൽ അവിടെ ഓഫിസ് ലഭിക്കുന്നതിനു തടസ്സമില്ലെന്നും യുവതി പറഞ്ഞു. ഇതു വിശ്വസിച്ച് ഓഫീസ് തുടങ്ങുന്നതിനുള്ള ആവശ്യങ്ങൾക്കും മറ്റുമായി 1.35 ലക്ഷം രൂപയാണു യുവതിക്ക് നൽകിയത്.

അടുത്തദിവസം അഭിഭാഷകന്റെ കാറിൽനിന്നു വക്കീൽകുപ്പായം, 25000 രൂപ അടങ്ങിയ പഴ്സ്, ഐഫോൺ, രേഖകളടങ്ങിയ സ്യൂട്ട്കേസ് എന്നിവയുമായി യുവതി മുങ്ങി. തുടർന്നാണു പരാതിയുമായി സങ്കേത് യെനാഗി പുലികേശിനഗർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. പൊലീസ് മൊബൈൽ ഫോൺ സിഗ്‌നൽ പരിശോധിച്ചപ്പോൾ ആന്ധ്രയിലെ ചിറ്റൂരിലാണെന്നാണ് വിവരം ലഭിച്ചത്. ഇതിനിടയിൽ മറ്റൊരു ഫോണിൽ ഖുശ്‌ബു അഭിഭാഷകനെ വിളിച്ച് ഓഫീസിന്റെ ആവശ്യങ്ങൾക്ക് കൂടുതൽ പണംവേണമെന്ന് ആവശ്യപ്പെട്ടു. പുലികേശിനഗറിൽ ഓഫീസിൽ എത്താമെങ്കിൽ പണം തരാമെന്ന് അറിയിച്ചു. ശനിയാഴ്ച രാവിലെ പുലികേശിനഗറിൽ എത്തിയപ്പോൾ മഫ്തി പൊലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നിരവധി തട്ടിപ്പുകളാണ് രണ്ടു വർഷമായി യുവതി നടത്തിയിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥ ചമഞ്ഞു മുംബൈയിലും പുണെയിലും തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. ഡൽഹി, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും ഇവരുടെ തട്ടിപ്പുകൾക്കു പലരും ഇരയായി. ഒരു നടന്റെ മകളെന്ന വ്യാജേന ഫേസ് ബുക്ക് പ്രൊഫൈലുണ്ടാക്കി സന്നദ്ധസംഘടന തുടങ്ങുന്നുവെന്നുപറഞ്ഞു നിരവധി പേരിൽ നിന്നായി പണം അപഹരിച്ച കേസും ഇവർക്കെതിരെ നിലവിലുണ്ട്. എട്ടാം ക്ലാസ് വരെ പഠിച്ച ഖുശ്‌ബു ഇംഗ്ലീഷ് നന്നായി സംസാരിക്കും. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നതിലുള്ള പ്രാവീണ്യമാണു നിരവധി പേരെ വലയിൽ വീഴ്‌ത്താൻ ഖുശ്‌ബുവിനെ സഹായിച്ചത്. തീവണ്ടിയപകടത്തിൽ നഷ്ടപ്പെട്ട വലതു കൈക്കു പകരം ഇവർ കൃത്രിമക്കൈ ഘടിപ്പിച്ചിരുന്നു.