ജയ്പൂർ: രാജസ്ഥാനിലെ ശ്രീഗംഗാനഗർ റെയിൽവേ പൊലീസ് സ്‌റ്റേഷനിലേക്ക് കയറിച്ചെല്ലുന്നവർ അദ്ഭുതപ്പെടും.ഇവിടെ അറസ്റ്റിലാകുന്ന പ്രതികളെ അടയ്ക്കാൻ ലോക്കപ്പില്ല .പകരം ഒരു മരക്കുറ്റി മാത്രം.ഈ മരക്കുറ്റിയിലാണ പ്രതികളെ തളയ്ക്കുന്നത് .33 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഈ സ്റ്റേഷനിൽ ഇതുവരെ ലോക്കപ്പ് നിർമ്മിച്ചിട്ടില്ല. സ്റ്റേഷനിലെ പൊലീസുകാരിലൊരാൾ തന്നെ ഫോട്ടോ പുറത്തുവിട്ട ചിത്രത്തിലൂടെയാണ് പൊലീസ് സ്റ്റേഷന്റെ ദുരവസ്ഥ പുറം ലോകമറിഞ്ഞത്.

സ്റ്റേഷനിൽ സ്ഥാപിച്ച ഒരു ചെറിയ മരക്കുറ്റിയിൽ ചങ്ങല ബന്ധിച്ചിട്ടുണ്ട്. ഈ ചങ്ങലയിലാണ് പ്രതികളെ തളയ്ക്കുന്നത്. എന്നാൽ പ്രതികളെ മരക്കുറ്റിയിൽ തളയ്ക്കാൻ മനസ്സു കൊണ്ട് ഇവിടെയുള്ള പൊലീസുകാർക്കും താത്പര്യമില്ല.പക്ഷേ തങ്ങളുടെ മുന്നിൽ മറ്റു വഴികളൊന്നുമില്ല എന്ന് ഇവർ പറയുന്നു.മനുഷ്യാവകാശങ്ങളുടെ ലംഘനമാണിത്, പക്ഷേ തങ്ങൾക്ക് വേറെ വഴിയില്ലെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ ദന സിങ്ങ് അഭിപ്രായപ്പെട്ടു.

കുറ്റിയിൽ തളച്ച പ്രതികൾ നിലത്ത് കുത്തിയിരിക്കണം. ഒരു കുറ്റിയും ഒരു ചങ്ങലയും മാത്രമുള്ളതിനാൽ ഒന്നിൽ കൂടുതൽ പേരെ ഒരു ദിവസം അറസ്റ്റ് ചെയ്യേണ്ടി വന്നാൽ പൊലീസുകാർ വലയും. 200 കിലോമീറ്റർ ആണ് സ്റ്റേഷൻ പരിധി. സംസ്ഥാനത്തിലെ തന്നെ വലിയ സ്റ്റേഷനുകളിലൊന്നാണ് ഇത്. സ്റ്റേഷനിലെ സൗകര്യങ്ങൾ ഇങ്ങനെയായതുകൊണ്ട് കുറ്റിയിൽ പ്രതികളിലാരെങ്കിലും ഉണ്ടെങ്കിൽ രണ്ടാമത് അറസ്റ്റ് ചെയ്യുന്ന പ്രതി എത്രവലിയ കുറ്റവാളിയാണെങ്കിലും ജാമ്യത്തിൽ വിടുകയാണ് ചെയ്യാറ്.