ജയ്പുർ: രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് അഭിപ്രായ സർവേ. വസുന്ധരാ രാജ സിന്ധ്യയോടുള്ള താൽപ്പര്യക്കുറവാണ് ഇതിന് കാരണം. ആർ എസ് എസും ബിജെപിയും പോലും പറഞ്ഞാൽ വസുന്ധരരാജ കേൾക്കുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു. ഇതും ഫലത്തിൽ പ്രതിഫലിക്കുന്നുണ്ട്.

ടൈംസ് നൗസിഎൻഎക്‌സ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ 8040പേരെ കണ്ടു തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ അഭിപ്രായ സർവേയിലെ ഫലമാണു ഭരണകക്ഷിയായ ബിജെപിയെ പിന്നിലാക്കി കോൺഗ്രസ് അധികാരത്തിലെത്തുമെന്നു പ്രവചിക്കുന്നത്. മുഖ്യമന്ത്രി വസുന്ധര രാജെയുടെ പ്രകടനം മോശമാണെന്നു സർവേയിൽ പങ്കെടുത്തവരിൽ 48% പേരും അഭിപ്രായപ്പെട്ടു. ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ പോലും വസുന്ധര തകർന്നടിയുകയാണ്.

200 അംഗ നിയമസഭയിൽ കോൺഗ്രസിന് 110-120 സീറ്റുകളും ബിജെപിക്ക് 70-80സീറ്റുകളും ലഭിക്കുമെന്നാണു സർവേ ഫലം. മായാവതിയുടെ ബിഎസ്‌പിക്ക് 13 സീറ്റുകൾ, മറ്റുകക്ഷികൾക്കെല്ലാം കൂടി 7 സീറ്റുകൾ എന്നിങ്ങനെയും ലഭിക്കും. 2013ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്കു 163 സീറ്റുകൾ, രണ്ടാം സ്ഥാനത്തെത്തിയ കോൺഗ്രസിന് 21 സീറ്റുകൾ എന്നിങ്ങനെയായിരുന്നു കക്ഷിനില. സർവേയിൽപങ്കെടുത്തവരിൽ ഭൂരിപക്ഷവും കോൺഗ്രസിലെ സച്ചിൻപൈലറ്റ് മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. ഡിസംബർ ഏഴിനാണു രാജസ്ഥാനിൽ തിരഞ്ഞെടുപ്പ്. 11നു ഫലം വരും.